
ആണവ പദ്ധതികൾ സംബന്ധിച്ച ചർച്ചകൾക്ക് തയാറായില്ലെങ്കിൽ ഇറാനുമേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്പിലെ ഏറ്റവും വലിയശക്തികളായ ജർമനിയും ഫ്രാൻസും ബ്രിട്ടനും. യുഎന്നിനോടാണ് ‘ഇ3 ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന മൂന്നു രാജ്യങ്ങളും ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 31നകം ചർച്ചയ്ക്ക് തയാറാകണമെന്നാണ് ഇറാനുള്ള മുന്നറിയിപ്പ്.
ഇറാൻ സഹകരിച്ചില്ലെങ്കിൽ യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ യൂറോപ്യൻ യൂണിയനും അമേരിക്കയും സ്വീകരിച്ച ഉപരോധത്തിന് സമാനമായ സാമ്പത്തിക ആക്രമണം ജർമനിയും ഫ്രാൻസും ബ്രിട്ടനും ഇറാനുമേൽ നടത്തിയേക്കും.
റഷ്യയുടെ എണ്ണ, ടാങ്കറുകൾ, ബാങ്കുകൾ തുടങ്ങിയവയ്ക്കുമേൽ അമേരിക്കയും യൂറോപ്യൻ യൂണിയനും കടുത്ത ഉപരോധം കൊണ്ടുവന്നത് റഷ്യൻ സമ്പദ്വ്യവസ്ഥയെ സാരമായി തളർത്തിയിരുന്നു. ഉപരോധം ഭയന്ന് പലരാജ്യങ്ങളും റഷ്യയുമായി സാമ്പത്തിക, വ്യാപാരബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു.
ഇതോടെ, ഇറക്കുമതി തളർന്നത് റഷ്യയിൽ പണപ്പെരുപ്പം 10 ശതമാനത്തിനു മുകളിലേക്കും അടിസ്ഥാന പലിശനിരക്ക് 20 ശതമാനത്തിന് മുകളിലേക്കും കത്തിക്കയറാൻ ഇടവരുത്തിയിരുന്നു.
പല റഷ്യൻ കമ്പനികളും മൂലധന പ്രതിസന്ധിയിലായി. വായ്പകൾ തിരിച്ചടയ്ക്കാനാകാതെ പാപ്പരത്ത നടപടിയിലേക്ക് കടന്നതും ഒട്ടേറെ കമ്പനികൾ.
റഷ്യൻ എണ്ണയുടെ പരമാവധി വില 60 ഡോളറിൽ നിന്ന് അടുത്തിടെ യൂറോപ്യൻ യൂണിയൻ 47.60 ഡോളറിലേക്ക് വെച്ചിക്കുറച്ചിരുന്നു. അതായത്, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നവർ പരമാവധി ഈ വിലയേ ബാരലിന് നൽകാവൂ.
റഷ്യയുടെ വരുമാനത്തിൽ വിള്ളൽവീഴ്ത്തി സാമ്പത്തിക ആഘാതം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഉപരോധം ലംഘിച്ച് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേലും ഉപരോധം ബാധകമാക്കുമെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞിരുന്നു.
റഷ്യൻ എണ്ണയുടെ പേരിലാണ് ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതും.
റഷ്യൻ ബാങ്കുകളെ രാജ്യാന്തര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. സമാനമായ സാമ്പത്തികപ്പോരായിരിക്കും ഇറാനും നേരിടേണ്ടിവരിക.
നിലവിൽതന്നെ, ഉപരോധവും യുദ്ധക്കെടുതികളും മൂലം തളർച്ചയിലാണ് ഇറാൻ സമ്പദ്വ്യവസ്ഥ.
ഇറാനിൽ പണപ്പെരുപ്പം 38 ശതമാനത്തിനും മുകളിലാണ്. കറൻസിയായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ 90 ശതമാനത്തിലേറെ ഇടിഞ്ഞു.
ഒരു ഡോളറിന് 42,000 റിയാൽ ആണ് ഔദ്യോഗിക എക്സ്ചേഞ്ച് റേറ്റ് എങ്കിലും അനൗദ്യോഗിക വിപണിയിൽ ഇതു 10 ലക്ഷത്തോളം. കറൻസി പ്രതിസന്ധി മറികടക്കാൻ റിയാലിൽ നിന്ന് 4 പൂജ്യം വെട്ടിക്കളയാൻ അടുത്തിടെ ഇറാൻ ഭരണകൂടം തീരുമാനിച്ചിരുന്നു.
ട്രംപിന്റെ കൂലിപ്പടയുടെ ശവപ്പറമ്പ്!
ബന്ധവൈരികളായ അർമേനിയ, അസർബൈജാൻ എന്നിവ തമ്മിലെ ശത്രുത അവസാനിപ്പിക്കാൻ അടുത്തിടെ ട്രംപിന്റെ മധ്യസ്ഥതയിൽ തീരുമാനമായിരുന്നു.
ഇതിന്റെ ഭാഗമായി അർമേനിയയെയും അസർബൈജാനും ബന്ധിപ്പിച്ച് തുർക്കിയിലേക്ക് നീളുന്ന ചരക്കുനീക്ക പാത അമേരിക്ക സജ്ജമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ‘ട്രംപ് റൂട്ട് ഫോർ ഇന്റർനാഷണൽ പീസ് ആൻഡ് പ്രോസ്പെരിറ്റി’ അഥവാ ട്രിപ്പ് എന്നാണ് ഈ ഇടനാഴിക്ക് പേരിട്ടത്.
കൊക്കേഷ്യൻ മേഖലയിൽ ഇറാൻ, റഷ്യ എന്നിവയ്ക്കരികിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്.
അസർബൈജാൻ-അർമേനിയ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത ഇറാനും റഷ്യയും ഇടനാഴിയെ എതിർത്തിട്ടുണ്ട്. മേഖലയിൽ പുറത്തുനിന്നുള്ള ശക്തി വേണ്ടെന്നാണ് അമേരിക്കയ്ക്കെതിരായി ഇറാനും റഷ്യയും പറഞ്ഞത്.
മേഖലയിൽ സൈനികതാവളം ഒരുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇത് ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ സാന്നിധ്യം മേഖലയിൽ അസ്വസ്ഥത പടർത്തുമെന്ന് പുട്ടിൻ ഭരണകൂടവും പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയുടേത് രാഷ്ട്രീയ നീക്കമാണെന്ന് ഇറാൻ പരമോന്നത നേതാവ് ഖമനയിയും പ്രതികരിച്ചു.
ഇടനാഴി ട്രംപിന്റെ കൂലിപ്പടയുടെ ശവപ്പറമ്പാകുമെന്നായിരുന്നു ഖമനയിയുടെ ഉപദേഷ്ടാവ് അലി അക്ബർ വേലായതിയുടെ പ്രതികരണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]