
ഷൊർണൂർ ∙ ഒട്ടേറെ യാത്രക്കാരെത്തുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷന് ഇനി 2 പ്രവേശന കവാടം. പ്രധാന കവാടത്തിനു പുറമേ ഷൊർണൂർ ഗണേശ്ഗിരി തെക്കേ റോഡിലാണ് മറ്റൊരു പ്രവേശന കവാടം കൂടി റെയിൽവേ നിർമിക്കാൻ ഒരുങ്ങുന്നത്.
പുതിയ കവാടം വരുന്നതോടെ പ്രധാന കവാടത്തിനു മുൻ ഭാഗത്തെ തിരക്ക് കുറയ്ക്കാനാകും എന്നാണ് റെയിൽവേയുടെ പ്രതീക്ഷ.തൃശൂർ ജില്ലയുടെ ചെറുതുരുത്തി ഉൾപ്പെടെയുള്ള അതിർത്തി ഭാഗങ്ങളിൽ നിന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാർക്ക് പുതിയ പ്രവേശന കവാടം വഴി വേഗത്തിൽ പ്ലാറ്റ്ഫോമിൽ എത്താനാകും.
ഇവിടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള സൗകര്യമൊരുക്കും. പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. ഷൊർണൂർ പ്രധാന റോഡിൽ നിന്നും തെക്കേ റോഡിലേക്ക് എത്തുന്ന നടപ്പാലം മാസങ്ങളായി അടച്ചിട്ടതിനാൽ ഗണേശ്ഗിരി, ഭാരതപ്പുഴ ഭാഗങ്ങളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ റെയിൽവേ ട്രാക്ക് മറികടന്നാണ് മറുവശത്ത് എത്തിയിരുന്നത്.
പുതിയ പ്രവേശന കവാടം വരുന്നതോടെ കൂടുതൽ സൗകര്യങ്ങളോടെ യാത്ര ചെയ്യാനാകും. തെക്കേ റോഡിൽ ഓട്ടോ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നുണ്ട്.
7 പ്ലാറ്റ്ഫോമുകളും 14 ട്രാക്കുമുള്ള സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമിടുന്നത് എന്ന് റെയിൽവേ പറഞ്ഞു.
സ്റ്റേഷന് മുന്നിൽ പൂന്തോട്ടം ഒരുങ്ങുന്നു
റെയിൽവേ സ്റ്റേഷന് മുന്നിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുകയാണ് റെയിൽവേ. സ്റ്റേഷനിലേക്ക് വാഹനങ്ങൾ കയറി വരുന്ന ഭാഗത്തും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തും പുതിയ ടാക്സി സ്റ്റാൻഡിനു പിന്നിലുമാണ് പൂന്തോട്ടം ഒരുങ്ങുന്നത്.
പാഴ്വസ്തുക്കൾ തള്ളിയിരുന്ന സ്ഥലമാണ് മനോഹരമായ പൂന്തോട്ടമാകുന്നത്. രാവിലെയും വൈകിട്ടും ഇവിടങ്ങളിലെ പരിപാലനത്തിന് ആളുകൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ നവീകരണം അവസാന ഘട്ടത്തിലാണെന്നും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ എന്നതിനൊപ്പം യാത്രക്കാരെ ആകർഷിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റെയിൽവേ അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]