
കൊല്ലം∙ മനുഷ്യനേക്കാൾ കേൾവി ശേഷിയുണ്ട് ആനകൾക്ക്. 12 ലീറ്റർ വെള്ളം വരെ തുമ്പിക്കയ്യിൽ നിറയ്ക്കാം.
ചെണ്ടത്താളത്തിനൊത്തല്ല ശരീര താപനില നിയന്ത്രിക്കാനാണ് ചെവിയാട്ടുന്നത് തുടങ്ങി ആനകളെ കുറിച്ച് കൗതുകവും അദ്ഭുതവും കലരുന്ന അറിവുകളാണ് ലോകഗജദിനത്തിൽ ഇത്തവണ പങ്കിട്ടത്. പുത്തൻകുളം ആനത്താവളത്തിൽ ദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലാണ് ആനക്കാര്യങ്ങൾ നിറഞ്ഞത്.
ലോക ഗജദിന പരിപാടി ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഫോറസ്റ്റ് ചീഫ് വെറ്ററിനറി മുൻ ഓഫിസർ ഡോ.
ഇ. കെ.
ഈശ്വരൻ സെമിനാർ നയിച്ചു. ശബ്ദവും ഗന്ധവും തിരിച്ചറിയാൻ സവിശേഷ കഴിവുണ്ട് ആനകൾക്ക്.
തുമ്പിക്കയ്യിൽ 40,000 ചെറുപേശികളുമുണ്ട്. ആനക്കുട്ടികൾക്ക് ജനന സമയത്ത് 150 മുതൽ 200 കിലോഗ്രാം വരെയാണ് തൂക്കം.
കൊമ്പിന്റെ മൂന്നിലൊന്ന് മാത്രമാണ് പുറത്ത് കാണാവുന്നത്.
മദപ്പാട് കാലത്ത് ആനകളെ മൂന്നു മാസമെങ്കിലും കെട്ടിയിടണം. നാട്ടാനാകളുടെ എണ്ണം കുറയുന്നതായാണ് ഔദ്യോഗിക കണക്ക്.
2021 ൽ 510 നാട്ടാനകൾ ഉണ്ടായിരുന്നു, നിലവിൽ 382 മാത്രം.. ജില്ലയിൽ 55 ആനകൾക്കാണ് റജിസ്ട്രേഷനുള്ളത്.
ക്ഷയം, പരാദരോഗങ്ങൾ, പാദരോഗങ്ങൾ, രക്താതിസാരം, ഹൃദ്രോഗം, എരണ്ടകെട്ട് എന്നിവയാണ് എണ്ണം കുറയാൻ പ്രധാനകാരണം.പുതുക്കിയ വന്യജീവിസംരക്ഷണ നിയമപ്രകാരം ഇതരസംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ജനിതക പഠന സർട്ടിഫിക്കറ്റും ഡാറ്റ ഷീറ്റും നിർബന്ധമാക്കി.
ജനിതക പഠന സാക്ഷ്യപത്രം ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചാണ് ഉറപ്പാക്കുന്നത്.
ആനക്കൊമ്പോ, പല്ലോ ആനയുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളോ വിൽക്കുന്നതിന് നിരോധനമുണ്ട്.
ആനകളെ നടയ്ക്കിരുത്തുകയോ , പോറ്റാൻ നിർവാഹമില്ലാതെ ആരാധനാലയങ്ങൾക്ക് കൈമാറുകയോ ചെയ്യാമെന്നും സെമിനാറിൽ വ്യക്തമാക്കി.പുത്തൻകുളം അനന്തപദ്മനാഭൻ ഗണപതി, അർജുനൻ, ഗംഗ എന്നീ ആനകളെ ഊട്ടുന്ന ചടങ്ങും ലോകഗജദിനാചരണത്തോട് അനുബന്ധിച്ച് നടന്നു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ.
സി.പി. അനന്തകൃഷ്ണൻ അധ്യക്ഷനായി.
പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സജീന, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.
ഡി. ഷൈൻകുമാർ, വനം ഡപ്യൂട്ടി കൺസർവേറ്റർ കോശി ജോൺ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.
രമ ജി. ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]