
ആലപ്പുഴ∙ ജില്ലയിൽ ഇൻഫ്ലുവൻസ, വൈറസ് പനികൾ പടരുന്നു. എച്ച്1എൻ1നു സമാന ലക്ഷണങ്ങളാണ് ഇപ്പോൾ പടരുന്ന വൈറൽ പനിക്കുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഇൻഫ്ലുവൻസ എ വിഭാഗത്തിൽപെട്ട
എച്ച്3എൻ2 വൈറസ് മൂലമുള്ള പനിയും ജില്ലയിൽ പടരുന്നുണ്ട്. കഴിഞ്ഞ10 ദിവസത്തിനിടെ ജില്ലയിൽ 30 പേർക്കാണ് എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചത്.
സ്കൂൾ വിദ്യാർഥികൾക്കിടയിലാണു വൈറൽ പനികൾ ഏറ്റവും വ്യാപകം. രണ്ടോ മൂന്നോ ദിവസം കൊണ്ടു സുഖപ്പെടുന്നുണ്ടെങ്കിലും വായുവിലൂടെ പടരുന്ന വൈറസ് ആയതിനാൽ പനി അതിവേഗം പടരുന്നുണ്ട്.
രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികൾ സ്കൂളുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വൈറൽ പനി രോഗലക്ഷണങ്ങൾ ഉള്ളവർ തൊഴിൽ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പോകുന്നതു ഒഴിവാക്കണം. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രക്തസമ്മർദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങൾക്കു മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
പുറത്തുപോയി മടങ്ങിയെത്തുന്നവർ വീട്ടിലെത്തിയാൽ ഉടൻ കുളിക്കുക, കിടപ്പു രോഗികളും പ്രായമായവരുമായി അടുത്ത് ഇടപഴകാതിരിക്കുക, പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ആൾക്കൂട്ടത്തിൽ പോകുന്നതും വായുസഞ്ചാരം കുറഞ്ഞ മുറികളിലോ സ്ഥലങ്ങളിലോ സമയം ചെലവഴിക്കുന്നതും പരമാവധി ഒഴിവാക്കുക. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]