
കുന്നംകുളം ∙ നഗരസഭ ധനസഹായം നൽകാൻ തീരുമാനിച്ചതോടെ സുഭിക്ഷ ഹോട്ടലിൽ 20 രൂപയ്ക്കു തന്നെ ഉച്ചയൂൺ വിളമ്പും. ഇന്നലെ ചേർന്ന കൗൺസിൽ യോഗം ഏകകണ്ഠമായാണ് വിലക്കയറ്റവും അടച്ചുപൂട്ടൽ ഭീഷണിയും ഒഴിവാക്കാൻ നടപടികൾ തീരുമാനിച്ചത്.
നഗരസഭാ വളപ്പിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ദിവസവും 600 പേർ ഉച്ചഭക്ഷണത്തിന് എത്താറുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഹോട്ടലിന് കെട്ടിട
വാടക, വൈദ്യുതി, വെള്ളം എന്നിവ സൗജന്യമായി നഗരസഭ ലഭ്യമാക്കുന്നുണ്ട്. ഇതിനു പുറമേ പൊതുവിതരണ വകുപ്പിന്റെ സബ്സിഡിയുമുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ പലയിടത്തും സുഭിക്ഷ ഹോട്ടലുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഇതു കണക്കിലെടുത്ത് ഇത്തരം ഹോട്ടലിലെ ഉച്ചഭക്ഷണ നിരക്ക് 20ൽ നിന്ന് 30 രൂപയാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നഷ്ടം വരുന്ന തുക നഗരസഭയുടെ തനതു ഫണ്ടിൽനിന്ന് അനുവദിക്കുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിച്ചതോടെയാണ് ഇവിടെ നിരക്ക് വർധിപ്പിക്കേണ്ടെന്നു തീരുമാനിച്ചത്. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷയായി.
ഹോട്ടലിനു മുൻപിൽ മഴയും വെയിലുമേറ്റാണ് ഭക്ഷണം കഴിക്കാൻ എത്തുന്നവർ നിൽക്കുന്നതെന്നും ഇത് ഒഴിവാക്കാൻ മേൽക്കൂര വേണമെന്നും ബിജെപിയിലെ സോഫിയ ശ്രീജിത്ത് ആവശ്യപ്പെട്ടു. കോൺഗ്രസിലെ ബിജു സി.ബേബി, ലെബീബ് ഹസൻ, ബിജെപിയിലെ കെ.കെ.മുരളി, സിപിഎമ്മിലെ പി.എം.സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]