
കൊല്ലം ∙ കടലിൽ മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്നറുകളിൽ തട്ടി മത്സ്യബന്ധനത്തിനിടെ അപകടങ്ങൾ പതിവാകുന്നു. വള്ളങ്ങളിലും വലകളിലും തട്ടി വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്കു ഇതിലൂടെ സംഭവിക്കുന്നത്.
ലഭിക്കുന്ന മീൻ നഷ്ടപ്പെടുന്നതിന് പുറമേ കടം വാങ്ങി സജ്ജീകരിക്കുന്ന വലയും വള്ളവും കൂടി തകരുന്ന സാഹചര്യമാണുള്ളത്. 10 ദിവസത്തിനുള്ളിൽ 2 തവണ ഇത്തരത്തിൽ വലയും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചതിൽ മനം നൊന്താണു ഓച്ചിറ സ്വദേശിയായ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തത്.
വറുതിയുടെ ട്രോളിങ് നിരോധനത്തിനു ശേഷം കടലിലേക്ക് പ്രതീക്ഷയോടെ ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം പൂർണമായും വഴി മുടക്കുകയാണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്നറുകളും അതിലെ സാധനങ്ങളും.
കഴിഞ്ഞ ദിവസം അഴീക്കൽ മുല്ലശ്ശേരിൽ സുനിൽ ശിവസുതന്റെ വള്ളം ലക്ഷക്കണക്കിനു രൂപയുടെ മത്സ്യവുമായി വരുന്ന വഴിയിൽ പല്ലന പടിഞ്ഞാറ് 11 ഈസ്റ്റിൽ വച്ചു കണ്ടെയ്നറിൽ ഇടിച്ചു.
മത്സ്യങ്ങൾ പൂർണമായും നഷ്ടപ്പെടുകയും വലകൾ കീറുകയും ചെയ്തു. 500 കിലോ വലയും അനുബന്ധ ഉപകരണങ്ങളും അപകടത്തിൽ നഷ്ടപ്പെട്ടു.
10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ജൂൺ 22നും ഇദ്ദേഹത്തിനു സമാനമായ അനുഭവമുണ്ടായിരുന്നു.
അന്നത്തെ അപകടത്തിൽ 1500 കിലോ വലയും 100 കിലോയോളം മത്സ്യവും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഈ അപകടത്തിൽ നടപടികൾ സ്വീകരിക്കാനായി ഫിഷറീസ് ഓഫിസർ ആലപ്പാട്, കോസ്റ്റൽ ഐജി, കോസ്റ്റൽ പൊലീസ് നീണ്ടകര എന്നിവർക്കു സുനിൽ അപേക്ഷ സമർപ്പിച്ചു. ഹൈക്കോടതിയിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
കടലിൽ മുങ്ങിയ കണ്ടെയ്നറിൽ കുടുങ്ങി വല നശിച്ചു മത്സ്യത്തൊഴിലാളി ജീവനൊടുക്കി
ഓച്ചിറ ∙ കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നു വീണ കണ്ടെയ്നറിന്റെ ലോഹപാളിയിൽ തട്ടി വലയും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചതിനു പിന്നാലെ, മത്സ്യത്തൊഴിലാളിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അഴീക്കൽ ആഞ്ഞിലിമൂട്ടിൽ രാജീവ് (42) ആണു കഴിഞ്ഞദിവസം രാത്രി 9നു മരിച്ചത്. രാജീവിന്റെയും സുഹൃത്തുകളുടെയും സീ പേൾ എന്ന വള്ളത്തിലെ വലകളും മത്സ്യബന്ധന ഉപകരണങ്ങളുമാണു നശിച്ചത്.
10 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണു കണക്കാക്കുന്നത്. 10 ദിവസം മുൻപും സമാന രീതിയിൽ വള്ളത്തിലെ വലയും മറ്റും നശിച്ചിരുന്നു.
തുടർന്നു വായ്പ എടുത്തു വലയും അനുബന്ധ ഉപകരണങ്ങളും വാങ്ങി മത്സ്യബന്ധനം തുടർന്നപ്പോഴാണു വീണ്ടും നാശം നേരിട്ടത്.
ട്രോളിങ് നിരോധനത്തിനു ശേഷം കടബാധ്യതകൾ തീർക്കാം എന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെ രാജീവ് മാനസിക സമ്മർദത്തിലായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്തു.
മൃതദേഹം സംസ്കരിച്ചു. ഭാര്യ: സബിത.
മക്കൾ:ദർശന, രേഷ്മ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]