
ആലപ്പുഴ∙ സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനമനുസരിച്ചു വേമ്പനാട്ടുകായലിന്റെ വാഹകശേഷി ഉയർന്നെങ്കിലും സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളുടെ എണ്ണം അതിലും ഇരട്ടി. സിഡബ്ല്യുആർഡിഎം കഴിഞ്ഞദിവസം സമർപ്പിച്ച പഠന റിപ്പോർട്ട് അനുസരിച്ച് വേമ്പനാട്ട് കായലിനു 461 ഹൗസ് ബോട്ടുകൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
നേരത്തേ ഇത് 315 ആയിരുന്നു. എന്നാൽ സർവീസ് നടത്തുന്നത് 954 ഹൗസ് ബോട്ടുകൾ.
ഇതിൽ 821 ബോട്ടുകൾക്കു മാത്രമാണ് റജിസ്ട്രേഷൻ ഉള്ളതെന്നും ബാക്കിയുള്ളവ അനധികൃതമായി സർവീസ് നടത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കായലിന്റെ വാഹകശേഷി കണ്ടെത്താൻ സിഡബ്ല്യുആർഡിഎം പഠനം നടത്തിയത്. ഹൗസ് ബോട്ടുകൾ മാലിന്യം നേരിട്ടു കായലിലേക്ക് ഒഴുക്കുന്നത് ജലഗുണനിലവാരത്തെയും ജൈവവൈവിധ്യത്തെയും ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2013ൽ സിഡബ്ല്യുആർഡിഎം നടത്തിയ പഠനത്തിൽ 315 ഹൗസ് ബോട്ടുകൾ ഉൾപ്പെടെ 605 ജലയാനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയാണു വേമ്പനാട്ടുകായലിനുള്ളതെന്നു കണ്ടെത്തിയിരുന്നു. വാഹകശേഷിയുമായി ബന്ധപ്പെട്ടു രാജ്യാന്തര മാനദണ്ഡങ്ങളിൽ മാറ്റം വന്നതോടെയാണ് ഇതു പുതുക്കി നിശ്ചയിച്ചത്.
ഒരു ജലയാനത്തിന് 0.809 സ്ക്വയർ കിലോമീറ്റർ എന്നതാണ് മാനദണ്ഡം. വേമ്പനാട്ട് കായലിൽ 738 സ്ക്വയർ കിലോമീറ്റർ ഭാഗത്താണ് ജലയാനങ്ങൾക്കു സർവീസ് നടത്താൻ സൗകര്യമുള്ളത്.
ഇതനുസരിച്ച് 461 ഹൗസ് ബോട്ടുകൾ, 135 ശിക്കാര വള്ളങ്ങൾ, 228 മോട്ടർ ബോട്ടുകൾ എന്നിവ ഉൾപ്പെടെ 913 ജലയാനങ്ങൾക്കു സർവീസ് നടത്താം. നിലവിൽ 821 ഹൗസ് ബോട്ടുകളും 241 ശിക്കാര വള്ളങ്ങളും 404 മോട്ടർ ബോട്ടുകളും ഉൾപ്പെടെ 1625 ജലയാനങ്ങളാണ് ആലപ്പുഴ,കോട്ടയം ജില്ലകളിലായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിനു പുറമേ ഒട്ടേറെ അനധികൃത വള്ളങ്ങളും സർവീസ് നടത്തുന്നതായി റിപ്പോർട്ടിലുണ്ട്.
വെള്ളത്തിലുണ്ട് ബോർഡ് പറഞ്ഞതിന്റെ ഇരട്ടി വള്ളം
821 ഹൗസ് ബോട്ടുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 450 എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത് എന്നായിരുന്നു കേരള മാരിടൈം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചത്. എന്നാൽ സിഡബ്ല്യുആർഡിഎം ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ചു നടത്തിയ സർവേയിൽ 954 ഹൗസ് ബോട്ടുകൾ കണ്ടെത്തി. പിന്നീട് ഡ്രോൺ ഉപയോഗിച്ചു നടത്തിയ സർവേയിൽ 926 ഹൗസ് ബോട്ടുകളും കണ്ടെത്തി.
അധികമുള്ള ഹൗസ് ബോട്ടുകൾ റജിസ്ട്രേഷൻ ഇല്ലാത്തതോ മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്തതോ ആകാമെന്നു റിപ്പോർട്ടിൽ പറയുന്നു.
പ്രധാന ശുപാർശകൾ
∙ വേമ്പനാട്ടുകായലിനെ കോർ സോൺ, ബഫർ സോൺ, റഗുലേറ്റഡ് സോൺ എന്നിങ്ങനെ മൂന്നായി വിഭജിക്കുക. കോർ സോണിൽ പ്രവേശനം കർശനമായി നിയന്ത്രിക്കുക, ബഫർ സോണിൽ കുറഞ്ഞ ശേഷിയുള്ള ഹൗസ് ബോട്ടുകൾ മാത്രം.
റഗുലേറ്റഡ് സോണിൽ വിനോദസഞ്ചാരവും അടിസ്ഥാന സൗകര്യവികസനവും.
∙ കോട്ടയം, ആലപ്പുഴ ജില്ലകൾക്കു പുറത്തുള്ള ബോട്ടുകൾക്ക് തണ്ണീർമുക്കം ബണ്ടിനു തെക്കുഭാഗത്തു കർശനവിലക്ക്. ജിപിഎസ്,ഡ്രോൺ, ചെക്ക് പോസ്റ്റുകൾ എന്നിവ വഴി നിരീക്ഷണം.
∙ ഹൗസ് ബോട്ടുകൾക്കായി പുന്നമട, കുമരകം, തണ്ണീർമുക്കം, മുഹമ്മ, വൈക്കം എന്നിവിടങ്ങളിൽ ശുചിമുറി മാലിന്യ പ്ലാന്റുകൾ. ∙ പുന്നമടയിലെ തിരക്കു നിയന്ത്രിക്കാൻ തണ്ണീർമുക്കം, വൈക്കം, മുഹമ്മ, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ ഹൗസ് ബോട്ട് ജെട്ടികൾ. ∙ വേമ്പനാട് ടൂറിസം റഗുലേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]