
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞതിനെ തുടർന്ന് കുതിച്ചുകയറാനുള്ള ഒരുക്കത്തിൽ രാജ്യാന്തര സ്വർണവില. പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുട്ടിനും തമ്മിലെ ‘സമാധാനച്ചർച്ച’ സ്വർണവിലയുടെ കുതിപ്പിന് തിരിച്ചടിയാണ്.
വ്യാപാരരംഗത്തെ ബദ്ധവൈരികളായ ചൈനയും അമേരിക്കയും തമ്മിൽ തീരുവയിൽ തൽക്കാലം ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചതും സ്വർണത്തിന് പ്രതികൂലമാണ്. എന്നാൽ, പണപ്പെരുപ്പം കുറഞ്ഞത് പലിശയിറക്കത്തിന് വഴിവയ്ക്കുമെന്ന കച്ചിത്തുരുമ്പിൽ പിടിച്ചുകയറാനുള്ള വെമ്പലിലാണ് രാജ്യാന്തരപ്പൊന്ന്.
ഔൺസിന് 3,343 ഡോളറിൽ നിന്ന് നിലവിൽ 3,351 ഡോളറിലെത്തിയാണ് രാജ്യാന്തരവിലയുള്ളത്.
കേരളത്തിൽ ഇന്ന് ഒരുവിഭാഗം വ്യാപാരികൾ ഗ്രാമിന് 5 രൂപ കുറച്ച് വില ഇന്ന് 9,290 രൂപയാക്കി. പവന് 40 രൂപ താഴ്ത്തി 74,320 രൂപയും.
ഇവർ 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,675 രൂപയിലും വെള്ളി വില ഗ്രാമിന് 124 രൂപയിലും നിലനിർത്തി. എന്നാൽ, മറ്റൊരുവിഭാഗം വ്യാപാരികൾ സ്വർണം, വെള്ളി വിലകളിൽ മാറ്റം വരുത്തിയില്ല.
∙ ഇവർ സ്വർണവില ഗ്രാമിന് ഇന്നലത്തെ വിലയായ 9,295 രൂപയിലും പവൻ വില 74,360 രൂപയിലും നിലനിർത്തി.
അതായത്, കേരളത്തിൽ സ്വർണത്തിനും വെള്ളിക്കും ഇന്നു ‘പലവില’. വെള്ളിക്ക് ഇവർ നിശ്ചയിച്ച വില മാറ്റമില്ലാതെ 123 രൂപ.
∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് മാറ്റമില്ലാതെ 5,940 രൂപയിലും 9 കാരറ്റ് വില 3,820 രൂപയിലും നിൽക്കുന്നു.
∙ ഇന്ന് ഇന്ത്യൻ റുപ്പി ഡോളറിനെതിരെ 6 പൈസ ഉയർന്ന് 87.65ൽ ആണ് വ്യാപാരം ആരംഭിച്ചത്.
ഇതാണ്, ചിലർ സ്വർണവില നേരിയതോതിൽ കുറയ്ക്കാൻ കാരണം. ഇന്ത്യയുടെ പണപ്പെരുപ്പം എട്ടുവർഷത്തെ താഴ്ചയിൽ എത്തിയതും ക്രൂഡ് ഓയിൽ വിലയിടിവും ഓഹരി വിപണിയുടെ നേട്ടവും രൂപയ്ക്ക് കരുത്തായി.
പവൻവില 90,000ലേക്ക്?
ഇതിനിടെ, യുഎസ് സമ്പദ്രംഗത്തെ ചലനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില ഈവർഷം അവസാനത്തോടെയോ 2026ന്റെ ആദ്യ മാസങ്ങളിലോ 4,000 ഡോളർ കടക്കുമെന്ന പ്രവചനവുമായി ചില നിരീക്ഷകർ രംഗത്തെത്തി.
കോട്ടക് സെക്യൂരിറ്റീസിന്റെ അനിന്ദ്യ ബാനർജി, ആനന്ദ് റാഥി സ്റ്റോക്ക് ബ്രോക്കേഴ്സിന്റെ മനീഷ് ശർമ തുടങ്ങിയവർ 4,000 ഡോളർ എന്നത് അകലെയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
∙ രാജ്യാന്തരവില 4,000 ഡോളർ ഭേദിച്ചാൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂട്ടാതെതന്നെ 90,000 രൂപ കടക്കും.
∙ 2030ഓടെ രാജ്യാന്തരവില 7,000 ഡോളർ ഭേദിക്കുമെന്നും പ്രവചനങ്ങളുണ്ട്. അങ്ങനെയെങ്കിൽ പവൻവില 1.50 ലക്ഷം രൂപ കവിഞ്ഞുയരും.
എന്താണ് സ്വർണത്തിന്റെ ഊർജം?
യുഎസിൽ പണപ്പെരുപ്പം കുറഞ്ഞ് പലിശയിറക്കിന് വഴിതെളിഞ്ഞത് ഡോളറിനും കടപ്പത്രങ്ങൾക്കും തിരിച്ചടിയാകും.
ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളുടെ സ്വീകാര്യത കൂട്ടുന്നത് പൊന്നിന്റെ വിലക്കയറ്റത്തിന് സഹായിക്കും.ട്രംപ് തൊടുത്തുവിട്ട താരിഫ് തർക്കങ്ങൾ രാജ്യാന്തര സമ്പദ്രംഗത്ത് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുകയും വില കൂടുകയും.
ഇന്ത്യയുടെ റിസർവ് ബാങ്ക്, ചൈനയുടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടങ്ങി ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ ഡോളറിനെ തഴഞ്ഞ് വിദേശനാണയ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലയെ മേലോട്ട് നയിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]