
തൊണ്ടർനാട് ∙ തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
വരുംദിവസങ്ങളിൽ സംഘം പഞ്ചായത്ത് ഓഫിസിലെത്തി രേഖകൾ പരിശോധിക്കുമെന്നറിയുന്നു. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും.
അതിനിടെ, ക്രമക്കേട് നടത്തിയവർക്കും ഒത്താശ ചെയ്തവർക്കുമെതിരെ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. പഞ്ചായത്തിലെ പ്രതിപക്ഷ കക്ഷികളായ യുഡിഎഫും ബിജെപിയും ആണ് പ്രധാനമായും സമരമുഖത്തുള്ളത്.
ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
ഉദ്യോഗസ്ഥ തലത്തിൽ നടന്ന ക്രമക്കേടാണെന്നു പറഞ്ഞാണ് ഭരണ കക്ഷിയായ എൽഡിഎഫ് പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നത്. എല്ലാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് തട്ടിപ്പിന്റെ യഥാർഥ രൂപം പുറമേ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയിൽ ലഭിച്ച ആട്ടിൻ കൂടുകളും കോഴിക്കൂടുകളും പണി പൂർത്തിയാകാത്ത നിലയിൽ ഉള്ളവയും ഉണ്ട്.
മേൽക്കൂരയും അടി വശവും ഇല്ലാത്ത വിധത്തിലാണ് ഇത്തരത്തിൽ ഗുണഭോക്താക്കൾക്ക് ലഭിച്ചത്. അതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവ നിർമിക്കാൻ ആൾ വരുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് പഞ്ചായത്തംഗം പറഞ്ഞു.
എന്നാൽ മാസങ്ങളായിട്ടും പണി പൂർത്തീകരിക്കാൻ ആരും വന്നില്ലെന്നാണു പരാതി.
തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
കോടികളുടെ കൊള്ള നടത്തിയ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടും സിപിഎം അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആരോപിച്ചും തൊഴിലുറപ്പ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.
അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.
കുസുമം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എച്ച്.ബി.
പ്രദീപ്, യുഡിഎഫ് ചെയർമാൻ എസ്.എം. പ്രമോദ്, കൺവീനർ അബ്ദുല്ല കേളോത്ത്, ടി.
മൊയ്തു, ആമിന സത്താർ, കെ.എ. മൈമൂന തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഭാരവാഹികളായ റഷീദ ചേനോത്ത്, ജിജി മാത്യു എന്നിവർ പ്രസംഗിച്ചു.
സിപിഎം വിശദീകരണ യോഗം
തൊണ്ടർനാട്∙ സിപിഎം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോറോം ടൗണിൽ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു.
പഞ്ചായത്തിൽ നടന്ന ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഏത് അന്വേഷണത്തെയും നേരിടാൻ സിപിഎം തയാറാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.
തൊണ്ടർനാട്ടിലെ അഴിമതിക്കെതിരെ പറയുന്ന യുഡിഎഫ് നേതൃത്വം മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച പണം ഉപയോഗിച്ച് അധിക വില നൽകി തോട്ട
ഭൂമി വാങ്ങി കബളിപ്പിച്ചു. പഞ്ചായത്തിലെ സുസ്ഥിര വികസന പാക്കേജിൽ അഴിമതി നടത്തിയ ലീഗ്–കോൺഗ്രസ് നേതൃത്വം അഴിമതിക്കെതിരെ സമരം എന്നു പറഞ്ഞ് സ്വയം അപഹാസ്യരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്തായി ഐസക് അധ്യക്ഷത വഹിച്ചു. എ.എൻ.
പ്രഭാകരൻ, എ. ജോണി, ജസ്റ്റിൻ ബേബി, പി.എ.
ബാബു, ആർ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സ്ഥിരമായി തുടർന്ന് കരാർ ജീവനക്കാർ
തൊഴിലുറപ്പ് പദ്ധതിയിൽ കരാർ ജീവനക്കാരുടെ കാലാവധി അനന്തമായി നീളുന്നതു പലതവണ ചൂണ്ടിക്കാണിച്ചിരുന്നു.
കരാർ ജീവനക്കാർ വർഷങ്ങളായി ഒരേ തസ്തികയിൽ തുടരുന്നതിനെതിരെ പ്രതിഷേധിച്ചിട്ടും ഫലം കണ്ടിരുന്നില്ലെന്നു യുഡിഎഫ് അംഗം പറഞ്ഞു. സർക്കാരിന്റെ വിവിധ ഉത്തരവുകൾ കാണിച്ചാണ് ഇവർ ജോലി തുടർന്നു വന്നതെന്നും ആരോപണമുണ്ട്.
അതിനു പുറമേ കരാറുകാരും സ്ഥിരം ആളുകളാണ് തുടരുന്നത്.
പുറമേ നിന്നുള്ളവരെ ഇവിടേക്ക് അടുപ്പിക്കാറില്ലെന്നും ആരോപണമുണ്ട്. ഇ ടെൻഡറിലൂടെയാണ് കരാർ നടപടികളെങ്കിലും വിവിധ മാർഗങ്ങളിലൂടെ സ്ഥിരം കരാറുകാർ പ്രവൃത്തികൾ കയ്യടക്കുകയാണ് പതിവ്. പുറമേ നിന്ന് വന്ന് കരാർ എടുത്തവർ പ്രവൃത്തി പാതി വഴി ഉപേക്ഷിച്ചു പോയ സംഭവവും നടന്നിട്ടുണ്ടെന്ന് ഒരു പഞ്ചായത്തംഗം പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിലും പൊലീസും അന്വേഷണം ഊർജിതമാക്കുന്നതോടെ പദ്ധതിയിൽ നടന്ന ക്രമക്കേട് പൂർണമായും പുറത്തു വരും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]