
താരിഫ് പിടിവാശി ട്രംപിനെയും അമേരിക്കയെയും തിരിഞ്ഞുകുത്തുന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ‘അനുഗ്രഹിച്ച്’ പണപ്പെരുപ്പക്കണക്ക്. ജൂലൈയിൽ റീട്ടെയ്ൽ പണപ്പെരുപ്പം ജൂണിലെ 2.7 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നു.
മാസാടിസ്ഥാനത്തിൽ ജൂണിലെ 0.3ൽ നിന്ന് 0.2 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. നിരീക്ഷകർ പ്രവചിച്ച 2.8 ശതമാനത്തിലും താഴെയാണ് പണപ്പെരുപ്പമെന്നത് ട്രംപിന് എതിരാളികൾക്കുമേൽ കൂടുതൽ ശക്തിയോടെ കുതിക്കാനുള്ള കരുത്തായി.
∙ ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറായില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെ ട്രംപ് വെല്ലുവിളിച്ചിട്ടുണ്ട്.
∙ ഫെഡറൽ റിസർവിന്റെ ആസ്ഥാന മന്ദിരങ്ങൾ നവീകരിക്കാൻ പവൽ 301 കോടി ഡോളർ ചെലവിട്ടതിനെ ധൂർത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
5 കോടി വേണ്ടിടത്ത് 300 കോടി ചെലവാക്കിയതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടി ഒഴിവാക്കാൻ പവലിന് മുന്നിലുള്ളത്, ട്രംപിന് വഴങ്ങി പലിശനിരക്ക് വെട്ടിക്കുറയ്ക്കുകയെന്ന വഴിയാണ്.
∙ പലിശനിരക്ക് കുറയ്ക്കാത്തതിന് പവലിനെ ‘ടൂ ലേറ്റ്’ പവൽ, തോൽവി എന്നൊക്കെയാണ് ട്രംപ് അധിക്ഷേപിക്കുന്നത്.
എതിർക്കുന്നവരുടെ ‘പണി’ തെറിപ്പിക്കും!
ട്രംപിന്റെ താരിഫുകൾ അമേരിക്കക്കാർക്ക് വൻ ഷോക്ക് ആകുമെന്നും സാമ്പത്തികസ്ഥിതി മോശമാകുമെന്നും പറഞ്ഞ ഗോൾഡ്മാൻ സാക്സ് ചീഫ് ഇക്കണോമിസ്റ്റ് ജാൻ ഹാറ്റ്സ്യൂസിനെ പുറത്താക്കാൻ ട്രംപ് ആവശ്യപ്പെട്ടു.
ഗോൾഡ്മാൻ സാക്സ് സിഇഒ സോളമനോട് പണിനിർത്തി ഡിജെ ആകുന്നതാകും നല്ലതെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു.
∙ ട്രംപിന്റെ താരിഫ് നയങ്ങൾ മൂലം യുഎസ് കുടുംബങ്ങളുടെ ചെലവ് 22% വർധിച്ചെന്നും ഒക്ടോബറോടെ അത് 67 ശതമാനമാകുമെന്നും ആഭ്യന്തര സാമ്പത്തികമേഖലയ്ക്ക് അതു തിരിച്ചടിയാകുമെന്നുമായിരുന്നു ഹാറ്റ്സ്യൂസ് പറഞ്ഞത്.
കുതിച്ചുകയറി ഓഹരി വിപണി
യുഎസിൽ പണപ്പെരുപ്പം നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ കുറയുകയും സെപ്റ്റംബറിലും ഒക്ടോബറിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയേറുകയും ചെയ്തത് ഓഹരി വിപണികൾക്ക് കരുത്തായി. യുഎസിൽ എസ് ആൻഡ് പി500 സൂചിക 1.13 ശതമാനം കുതിച്ച് റെക്കോർഡ് ഉയരത്തിലെത്തി.
നാസ്ഡാക് 1.39%, ഡൗജോൺസ് 1.10% എന്നിങ്ങനെയും മുന്നേറി റെക്കോർഡ് തെരോട്ടത്തിലാണ്.
ഫ്യൂച്ചേഴ്സ് വിപണിയിൽ നാസ്ഡാക് 100 സൂചിക 0.5% ഉയർന്നു. എന്നാൽ, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.1% താഴ്ന്നു.
എസ് ആൻഡ് പി ഫ്യൂച്ചേഴ്സിന്റെ നേട്ടം 0.2%.
∙ യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞതും ഓഹരി വിപണികളുടെ നേട്ടവും ഏഷ്യയിലും പോസിറ്റീവ് കാറ്റിന് വഴിയൊരുക്കി. ജാപ്പനീസ് നിക്കേയ് 1.30% കയറി റെക്കോർഡ് തൊട്ടു.
ഹോങ്കോങ് 1.05%, ഷാങ്ഹായ് 0.24% എന്നിങ്ങനെയും ഉയർന്നു.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.20% ഉയർന്നപ്പോൾ ഡാക്സ് 0.23% താഴെയിറങ്ങി.
പണപ്പെരുപ്പം ശരിക്കും കുറഞ്ഞോ?
പണപ്പെരുപ്പം കുറഞ്ഞെന്നും പലിശനിരക്ക് കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെടുമ്പോൾ സാമ്പത്തികനിരീക്ഷകർ പക്ഷേ മറുവാദമാണ് ഉന്നയിക്കുന്നത്. ഭക്ഷ്യ, ഊർജോൽപനങ്ങൾ ഒഴിവാക്കിയുള്ള ‘മുഖ്യ പണപ്പെരുപ്പം’ (കോർ ഇൻഫ്ലേഷൻ) കഴിഞ്ഞമാസം ജൂണിലെ 2.9ൽ നിന്ന് 3.1 ശതമാനത്തിലേക്ക് കൂടുകയാണുണ്ടായത്.
നിരീക്ഷകർ പ്രതീക്ഷിച്ചത് 3% ആയിരുന്നു. മാസാടിസ്ഥാനത്തിൽ 0.2ൽ നിന്നുയർന്ന് 0.3 ശതമാനത്തിലും എത്തി.
അതായത്, ഫലത്തിൽ പണപ്പെരുപ്പം 3 ശതമാനമെന്ന ആശങ്കപ്പെടുത്തുന്ന നിയന്ത്രണരേഖ മറികടന്നുയർന്നു.
∙ ഭക്ഷ്യം, ഊർജം എന്നിവ ഒഴിച്ചുനിർത്തിയാൽ മറ്റ് ഉൽപന്നങ്ങളുടെ വില താരിഫ് ആഘാതത്തെ തുടർന്ന് കൂടി. വസ്ത്രം, പാദരക്ഷകൾ, ഫർണിച്ചർ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് വില ഉയർന്നു.
∙ യുഎസ് ഗവൺമെന്റിന്റെ താരിഫ് വരുമാനം കൂടിയിട്ടും മൊത്തം കടബാധ്യത 37 ലക്ഷം കോടി ഡോളർ (3,200 ലക്ഷം കോടി രൂപ) എന്ന നാഴികക്കല്ല് ഭേദിച്ചു.
ട്രംപ് അധികാരത്തിൽ വന്നശേഷമുള്ള വർധന മാത്രം ഒരുലക്ഷം കോടി ഡോളർ (87.5 ലക്ഷം കോടി രൂപ).
കരകയറാൻ ഇന്ത്യൻ ഓഹരികൾ
ഇന്ത്യയിലും ജൂലൈയിലെ പണപ്പെരുപ്പം 8 വർഷത്തെ താഴ്ചയിലെത്തിയ കണക്കുകൾ ഇന്നലെ പുറത്തുവന്നു. റിസർവ് ബാങ്കിന് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ അനുകൂലമായ കണക്കാണിത്.
ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞതും ആശ്വാസമാണ്. ഇന്ത്യൻ ഓഹരികൾ പ്രധാനമായും ഉറ്റുനോക്കുന്നത് ഓഗസ്റ്റ് 15ന് നടക്കുന്ന ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിലേക്ക്.
ചർച്ച സമാധാനപരമാവുകയും യുക്രെയ്നുമായുള്ള യുദ്ധം നിർത്താൻ പുട്ടിൻ തയാറാവുകയും ചെയ്താൽ റഷ്യയ്ക്കും റഷ്യൻ എണ്ണയ്ക്കുമേലുമുള്ള ഉപരോധങ്ങൾ ഒഴിവാക്കാൻ ട്രംപ് തയാറായേക്കും.
ഇത് ഇന്ത്യയ്ക്കുമേലുള്ള 50% തീരുവഭാരം കുറയ്ക്കാനും ട്രംപിനെ നിർബന്ധിതനാക്കും. ഇന്ത്യയുമായും ചർച്ചയ്ക്ക് അദ്ദേഹം തയാറായേക്കും.
ചൈനയ്ക്ക് കഴിഞ്ഞദിവസം 90 ദിവസത്തേക്കു കൂടി സാവകാശം ട്രംപ് നൽകിയിരുന്നു.
∙ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 12 പോയിന്റോളം ഉയർന്നിട്ടുണ്ട്. ഒരുഘട്ടത്തിൽ 100ലേറെ പോയിന്റും ഉയർന്നു.
∙ സെൻസെക്സും നിഫ്റ്റിയും ഇന്ന് പോസിറ്റീവ് പാത പിടിച്ചേക്കാം.
ഇന്നലെ ഇരു സൂചികകളും ചാഞ്ചാടിയെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 3,400 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
∙ രൂപ ഇന്നലെ 3 പൈസ ഉയർന്ന് ഡോളറിനെതിരെ 87.72ൽ എത്തി.
ഇവർ ശ്രദ്ധാകേന്ദ്രം
കൊച്ചിൻ ഷിപ്പ്യാർഡ് ഇന്നലെ ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടു. ലാഭം 7.8 ശതമാനവും വരുമാനം 38.5 ശതമാനവും ഉയർന്നു.
എൻഎംഡിസി, എൻഎസ്ഡിഎൽ, സുസ്ലോൺ എനർജി, നൈക, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയും മെച്ചപ്പെട്ട പ്രവർത്തനഫലമാണ് പുറത്തുവിട്ടത്.
ഇന്ന് ബിപിസിഎൽ, സിഎസ്ബി ബാങ്ക്, ആദിത്യ ബിർള ഫാഷൻ, യുണൈറ്റഡ് സ്പിരിറ്റ്സ്, ഐആർസിടിസി, മുത്തൂറ്റ് ഫിനാൻസ്, ടെക്സ്മാകോ റെയിൽ തുടങ്ങിയവ പ്രവർത്തനഫലം പുറത്തുവിടും.
സ്വർണവില കരകയറുന്നു
യുഎസിൽ പണപ്പെരുപ്പം കുറഞ്ഞ്, പലിശനിരക്ക് താഴാൻ വഴിയൊരുങ്ങിയത് സ്വർണത്തിന് നേട്ടമാകുന്നു.
രാജ്യാന്തരവില 6 ഡോളർ ഉയർന്ന് 3,350 ഡോളറിലെത്തി. കേരളത്തിൽ ഇന്ന് വില സ്ഥിരത നേടാനോ ചെറിയ വർധനയ്ക്കോ ആണ് സാധ്യത.
യുഎസിൽ ഡിമാൻഡ് കുറഞ്ഞതും ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ നീക്കവും ക്രൂഡ് ഓയിലിന് തിരിച്ചടിയായി. ഡബ്ല്യുടിഐ, ബ്രെന്റ് വിലകൾ 64-68 ഡോളർ നിലവാരത്തിൽ നിന്ന് 63-66ലേക്ക് താഴ്ന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]