
തൃക്കരിപ്പൂർ ∙ നടക്കാവ്–ഉദിനൂർ–എടച്ചാക്കൈ പാതയിലെ ഉദിനൂർ റെയിൽവേ ഗേറ്റിൽ മേൽപാലം പണിയുന്നതിനുള്ള സ്ഥലമെടുപ്പ് സാമൂഹികാഘാത പഠനം പൂർത്തിയാക്കി വൈകാതെ ആരംഭിക്കും. ജനവാസകേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കി സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നാണ് ആവശ്യം.
റെയിൽവേ ഗേറ്റിന്റെ ഇരുവശങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന സർക്കാർ ഭൂമിയുണ്ട്. പാലം പ്രവൃത്തിക്കു ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ആർബിഡിസികെയുടെ നേതൃത്വത്തിൽ അതിരുകല്ലിടൽ നടപടി പൂർത്തിയാക്കി. 69 കല്ലുകളാണ് ഇട്ടത്.
നടക്കാവ് കാപ്പുകുളം പരിസരം മുതൽ ഉദിനൂർ സെൻട്രൽ വരെ 2.5 ഏക്കർ ഭൂമിയാണു പാലം പ്രവൃത്തിക്കായി ഏറ്റെടുക്കേണ്ടത്.
റെയിൽപാതയുടെ കിഴക്കു ഭാഗത്തു റോഡിനു തെക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തും റോഡിനു വടക്കു ഭാഗത്തും പഞ്ചായത്ത്–ദേവസ്വം ഭൂമിയാണ്. ഈ ഭാഗത്തുനിന്നു ഓരോ മീറ്റർ വീതം ഏറ്റെടുക്കുന്നതിനാണു കല്ലിട്ടിട്ടുള്ളത്. അതേസമയം സർക്കാർ ഭൂമിയുടെ എതിർഭാഗത്തു സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കല്ലിട്ടതനുസരിച്ച് 10 മീറ്റർ ഭൂമി ഏറ്റെടുക്കേണ്ടിവരും. സമീപന റോഡുകളുടെ കാര്യത്തിലും വ്യത്യാസമുണ്ട്.
വടക്കു ഭാഗത്ത് 3.6 മീറ്ററാണ് വീതി. തെക്കു ഭാഗത്ത് 5 മീറ്റർ വീതി നിശ്ചയിച്ചിട്ടുണ്ട്.
കിഫ്ബി പദ്ധതിയിൽ 34.24 കോടി രൂപ ചെലവിലാണ് പാലം പ്രവൃത്തി. നടപടികൾ പൂർത്തിയാക്കി റവന്യു വകുപ്പാണു ഭൂമി ഏറ്റെടുത്തു നൽകേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]