
ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. ഇത്തരം ആക്രമണങ്ങൾ അതിനീചവും രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാർ അയർലൻഡിന് നൽകിയ അളവറ്റ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വൈദ്യശാസ്ത്രം, നഴ്സിങ്, സംസ്കാരം, വ്യവസായം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യക്കാർക്കെതിരായ വർദ്ധിച്ചുവരുന്ന വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഐറിഷ് പ്രസിഡന്റിന്റെ പ്രസ്താവന. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രസിഡന്റ് ഓർമ്മിപ്പിച്ചു.
വെറുപ്പ് പടർത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ ഡബ്ലിനിലെ ഇന്ത്യൻ എംബസി ഈ മാസം ആദ്യം സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
രാത്രികാലങ്ങളിൽ വിജനമായ പ്രദേശങ്ങളിലൂടെ തനിച്ച് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് നിർദേശം നൽകി. ദില്ലിയിലെ ഐറിഷ് എംബസി ആക്രമണങ്ങളെ അപലപിച്ചു.
അന്വേഷണ പുരോഗതി സംബന്ധിച്ച് പൊലീസുമായി ആശയ വിനിമയം നടത്തിവരികയാണെന്നും അറിയിച്ചു. ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന് നേരത്തെ അയർലൻഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു.
സുരക്ഷാ ആശങ്കളെ തുടർന്നാണ് ആഘോഷം മാറ്റിയതെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു. “ഇന്ത്യ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങൾ കരുതുന്നു” എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിലിന്റെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
2015 മുതൽ ഐറിഷ് സർക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്.
പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
പുതിയ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നും പ്രശാന്ത് ശുക്ല പറഞ്ഞു. തെക്കുകിഴക്കൻ അയർലൻഡിൽ ആറ് വയസ്സുകാരിയായ ഇന്ത്യൻ വംശജ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്.
ഡബ്ലിനിൽ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവറെ രണ്ട് യാത്രക്കാർ ആക്രമിക്കുകയും നിങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകാൻ ആക്രോശിക്കുകയും ചെയ്തു. അയർലൻഡിൽ തങ്ങൾക്ക് വീട് കിട്ടാത്തത് ഇന്ത്യൻ കുടിയേറ്റക്കാർ കാരണമെണെന്ന വ്യാജ പ്രചാരണം വ്യാപകമാണ്.
അയർലൻഡിൽ ഏകദേശം 80,000 ഇന്ത്യൻ വംശജരുണ്ട്. ഇത് അയർലൻഡിലെ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]