
കോട്ടയം ∙ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന കുട്ടനാടിനെയും വേമ്പനാട് കായലിനെയും സംരക്ഷിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി ‘വേമ്പനാട് ലേക്ക് അതോറിറ്റി’ രൂപീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. ലോക്സഭയിൽ റൂൾ 377 പ്രകാരമുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതീവ ജൈവ പ്രാധാന്യമുള്ളതും റാംസർ പട്ടികയിൽ ഉൾപ്പെട്ടതുമായ വേമ്പനാട് കായൽ പ്രദേശവും കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്നതുമായ കുട്ടനാടൻ പാടശേഖരങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
48000ത്തോളം ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്നതും പ്രതിവർഷം 1.96 ലക്ഷം ടൺ നെല്ല് ഉൽപാദിപ്പിക്കുന്ന കുട്ടനാടൻ പാടശേഖരങ്ങൾ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നതും പ്രത്യേക ആവാസ വ്യവസ്ഥയുള്ളതുമായ പ്രദേശമാണ്. അതിതീവ്രമഴയും വെള്ളപ്പൊക്കവും മൂലം ഈ പാടശേഖരങ്ങളുടെ പുറംബണ്ടുകൾ തകർന്നു കൊണ്ടിരിക്കുന്നു.
2018ലെ പ്രളയം ഉൾപ്പെടെയുള്ള നിരന്തര വെള്ളപ്പൊക്കങ്ങൾ മൂലം വേമ്പനാട് കായലിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും വേമ്പനാട്ട് കായലിനെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. എക്കലും മാലിന്യവും അടിഞ്ഞ് വേമ്പനാട് കായലിൽ വെള്ളം ഉൾക്കൊള്ളുന്നതിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരികയാണ്.
ഇതുമൂലം കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരന്തരം വെള്ളപ്പൊക്കമുണ്ടാകുന്നു.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട് കായലിനെയും കുട്ടനാടിനെയും സംരക്ഷിക്കാൻ പ്രത്യേക പദ്ധതിയും ഫണ്ടും ആവശ്യമാണ്. വേമ്പനാട് കായൽ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും തകർച്ചയിലായ നെൽവയലുകളുടെ സംരക്ഷണ ബണ്ടുകളുടെ നിർമാണത്തിനും പ്രത്യേക പദ്ധതി ഉണ്ടാകണം.
കർഷകരുടെ ഉപജീവനം സംരക്ഷിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരള സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ള ‘വേമ്പനാടിന്റെ ചതുപ്പ് മേഖലയുടെ പുനരുദ്ധാരണം, കുട്ടനാടൻ മേഖലയുടെ വെള്ളപ്പൊക്ക, ലവണാംശ നിയന്ത്രണം’ എന്ന പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായം നൽകി ഈ പൈതൃക കാർഷിക പരിസ്ഥിതി മേഖലയെ കേന്ദ്ര സർക്കാർ പ്രത്യേക അതോറിറ്റി രൂപീകരിച്ച് സംരക്ഷിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]