
മണത്തണ ∙ ജീവനുകളും ജീവിതങ്ങളും ഈ ലോകത്ത് നിന്ന് ‘കട്ട് ചെയ്ത്’ മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയിലെ ടാറിങ്ങിനോട് ചേർന്നുള്ള കട്ടിങ്ങുകൾ. ഞായറാഴ്ച രാത്രി അപകടത്തിൽ പെട്ട് ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് മരിച്ചത് ടാറിങ്ങിനോട് ചേർന്നുള്ള കട്ടിങ്ങിലേക്ക് ബൈക്ക് തെന്നി വീണതിനെ തുടർന്നാണെന്ന് നാട്ടുകാർ പറയുന്നു. ചാണപ്പാറയിൽ നിന്ന് അയോത്തുംചാലിലേക്ക് പോകുമ്പോൾ റോഡിലെ ടാറിങ്ങിന്റെ കട്ടിങ്ങിൽ വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട
ബൈക്ക് സമീപത്തെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. സമീപത്താണ് അജേഷിന്റെ ജ്യേഷ്ഠന്റെ വീടുള്ളത്.
കുറഞ്ഞ വേഗത്തിൽ മാത്രം ബൈക്ക് ഓടിക്കുന്ന ശീലമുള്ള അജേഷ് അപകടത്തിൽ മരിച്ചു എന്നറിഞ്ഞ് നാട്ടുകാർ ഞെട്ടുകയാണ്.
റോഡരികിൽ ടാറിങ്ങിനോട് ചേർന്നുള്ള മണ്ണ് ഒലിച്ചു പോയി തോടു പോലെയാണ് ചിലയിടത്ത് മലയോര ഹൈവേയുള്ളത്. ചിലയിടത്ത് ഗർത്തങ്ങൾ വരെയുണ്ട്.
അപകടമുണ്ടായ അയോത്തുംചാലിൽ മൂന്നടിയിൽ കൂടുതൽ ആഴമുള്ള ഗർത്തമാണ് ഉള്ളത്. കഴിഞ്ഞ 5 വർഷമായി റോഡിന്റെ ടാറിങ്ങിനോട് ചേർന്ന് ഇരു വശത്തും കുഴികളും തോടുകളും ഗർത്തങ്ങളും രൂപപ്പെട്ട നിലയിലാണ്.
എന്നാൽ വിവിധ പദ്ധതികളുടെ കേബിളുകൾ സ്ഥാപിക്കാനും കുടിവെള്ള പൈപ്പുകൾ ഇടാനും വേണ്ടി വിവിധ വകുപ്പുകൾ ടാറിങ്ങിന്റെ വശങ്ങളിൽ കുഴികളും ചാലുകളും നിർമിക്കുന്നത് അപകടങ്ങൾക്ക് കാരണമാണ്.
ഈ ചാലുകളും കുഴികളും മൂടിയാലും മഴക്കാലത്ത് വെള്ളമൊഴുകി ഇവിടം തോടുകൾ പോലെയാകുന്നു. ഈ തോടുകൾ വലിയ ഗർത്തങ്ങളായും മാറുന്നു.
ഇവ മൂടാനോ ഫുട്പാത്തും ഡ്രെയ്നേജും നിർമിക്കാനും ആവശ്യമായ ഒരു നീക്കവും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
കൊട്ടിയൂരിലെ അമ്പായത്തോട് മുതൽ മണത്തണ വരെയുള്ള മലയോര ഹൈവേ വിമാനത്താവള റോഡായി പ്രഖ്യാപിച്ചതോടെ ഉത്തരവാദിത്തം റോഡ് ഫണ്ട് ബോർഡിനു മേൽ വച്ച് കെട്ടി പൊതുമരാമത്ത് വകുപ്പ് തലയൂരി. റോഡ് ഫണ്ട് ബോർഡാകട്ടെ 24 മീറ്റർ വീതിയിൽ വിശാലമായ നാലുവരി പാത വരുന്നു എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ 5 വർഷത്തോളം ഒരു പണിയും നടത്തിയതുമില്ല. റോഡരികിൽ കാടു മൂടിയാൽ തെളിച്ചിടാൻ പോലും ശ്രമം ഉണ്ടാകുന്നില്ല.
16 കിലോമീറ്റർ നീളമുള്ള മണത്തണ – കൊട്ടിയൂർ – അമ്പായത്തോട് റോഡ് 12 വർഷം മുൻപാണ് മലയോര ഹൈവേ ആയി നിർമിച്ചത്, റോഡിന്റെ വീതി രേഖകളിൽ 12 മീറ്ററാണ്.പക്ഷെ ടാറിങ്ങിന്റെ വീതി വെറും 5.6 മീറ്റർ മാത്രവും.
ഡ്രെയ്നേജില്ല, ഫുട്പാത്തില്ല, ഡിവൈഡറുകളില്ല, അറ്റകുറ്റ പണികൾ പോലും നടത്താറില്ല. റോഡിന് വീതിയില്ലാത്ത കാലത്ത് നിർമിച്ച പാലങ്ങളും കലുങ്കുകളും അതേ പടി തുടരുന്നു.സംസ്ഥാനാന്തര വാഹനങ്ങളും 200 ൽ അധികം ബസ് സർവീസുകളും ഉണ്ട്.
ഇതിൽ മുപ്പതോളം കെഎസ്ആർടിസി സർവീസുകളും അന്തർ ജില്ല സർവീസുകളും കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ദീർഘദൂര സർവീസുകളും ഉണ്ട്.
പക്ഷേ ജീവനുകൾ ഓരോ ദിവസവും അപകടത്തിൽ െപടുകയും പൊലിയുകയുമാണ്.12 മീറ്റർ വീതിയുണ്ടായിട്ടും എന്തിനാണ് ടാറിങ്ങിന്റെ ഇരു വശത്തും കുഴികളും ഗർത്തങ്ങളും രൂപപ്പെടാനും കാടുപിടിക്കാനും വേണ്ടി സ്ഥലം ഒഴിച്ചിട്ടിരിക്കുന്നതെന്ന് ചോദിക്കുകയാണ് നാട്ടുകാർ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]