
ഗൂഡല്ലൂർ ∙ താലൂക്കിൽ വീണ്ടും മനുഷ്യജീവൻ ഇല്ലാതാക്കി കാട്ടാനവിളയാട്ടം. ഇന്നലെ രാവിലെ തോട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ പോയ ന്യൂഹോപ്പിലെ തോട്ടം തൊഴിലാളി മണി (62)യാണ് കാട്ടാനക്കലിയുടെ ഒടുവിലത്തെ ഇര.
നാട്ടുകാരുടെ പ്രിയപ്പെട്ട മണിയുടെ അപ്രതീക്ഷിത വിയോഗം പ്രദേശവാസികൾക്കിടയിലും തൊഴിലാളികൾക്കിടയിലും ഞെട്ടലും വനംവകുപ്പിനെതിരെ വൻ പ്രതിഷേധവും ഉളവാക്കി.
തോട്ടത്തിൽനിന്നു വിരമിച്ച ശേഷവും മണി കമ്പനി തോട്ടത്തിൽ താൽക്കാലിക ജീവനക്കാരാനായി ജോലി തുടരുകയായിരുന്നു.
തോട്ടത്തിലെ ആയിരത്തോളം വരുന്ന തൊഴിലാളികൾക്ക് മണിയെ അറിയാം. അപകടം നടന്നതറിഞ്ഞതോടെ തോട്ടത്തിലെ മുഴുവൻ തൊഴിലാളികളും റോഡിലെത്തി.
പ്രദേശത്തു നിരന്തരസാന്നിധ്യമായ കാട്ടാനയെ തുരത്തണമെന്ന് ഏറെക്കാലമായി തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ മണിക്ക് ദുർവിധിയുണ്ടാകില്ലായിരുന്നുവെന്നു നാട്ടുകാരും തൊഴിലാളികളും പറഞ്ഞു.
എസ്റ്റേറ്റിലെ ബംഗ്ലാവിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനാണ് മണിയും സഹപ്രവർത്തകനായ ദുരൈയും ഏലത്തോട്ടത്തിലെത്തിയത്.
വെള്ളം തിരിച്ച ശേഷം മടങ്ങുന്നതിനിടയിലാണ് കാട്ടാന തുരത്തിയത്. ദുരൈ ഓടി രക്ഷപ്പെട്ടു.
ഏലത്തോട്ടത്തിൽ ഉയർന്നു നിൽക്കുന്ന ഏലം കാരണം കാട്ടാനയെ കാണാൻ കഴിഞ്ഞില്ല.
തോട്ടത്തിലെ സിൽവർ ഓക്ക് മരങ്ങളുടെ ചില്ലകൾ മുറിക്കാൻ വനം വകുപ്പ് അനുവദിക്കാത്തതിനാൽ പുറമേ നിന്നു നോക്കിയാലും കാട്ടാനയെ കാണാൻ കഴിയില്ല. ഭയന്നാണ് ഇവിടെ തൊഴിലാളികൾ ജോലി ചെയ്യുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ തോട്ടമാണിത്.
ബ്രിട്ടീഷുകാർ സ്ഥാപിച്ച തോട്ടങ്ങളിലൊന്ന്. മുൻപ് വല്ലപ്പോഴുമാണ് ഇവിടെ കാട്ടാനയെത്തിയിരുന്നത്.
ഇപ്പോൾ സ്ഥിരമായി കാട്ടാന വന്നു തുടങ്ങി.
വനംവകുപ്പിനെതിരെ വൻ ജനകീയ പ്രതിഷേധം
കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചതറിഞ്ഞതോടെ തോട്ടം തൊഴിലാളികളും നാട്ടുകാരും ന്യൂഹോപ്പിലെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസുമായി വനം വകുപ്പ് ജീവനക്കാരും ഇവരുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സംഘവും എത്തി.
മൃതദേഹം റോഡിലെത്തിച്ച് തൊഴിലാളികളും നാട്ടുകാരും റോഡ് ഉപരോധിച്ചു. കാട്ടാനയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പൊൻ.
ജയശീലൻ എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഇതിനിടയിൽ ഡിഎഫ്ഒ വെങ്കിടേശ് പ്രഭു നാട്ടുകാരുമായി ചർച്ചയ്ക്കായി എത്തി.
നിരന്തരമായി വന്യജീവി ആക്രമണം നേരിടുന്ന പ്രദേശമാണെന്ന് എംഎൽഎ അറിയിച്ചപ്പോഴും ലാഘവത്തോടെ ഡിഎഫ്ഒ സംസാരിച്ചു തുടങ്ങിയതിൽ നാട്ടുകാരും ജനപ്രതിനിധികളും ക്ഷുഭിതരായി. നിരന്തരമായി നടക്കുന്ന ആക്രമണങ്ങൾ പരിഹരിക്കാനുള്ള നടപടി സംബന്ധിച്ച് യാതൊരു നീക്കവും വനം വകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ല.
തുടർന്ന് നടന്ന ചർച്ചയിൽ ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടാൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു.
കാട്ടാന സ്ഥിരമായി ഇറങ്ങുന്ന പ്രദേശങ്ങളിൽ വനം വകുപ്പ് തെരുവു വിളക്കുകൾ സ്ഥാപിക്കുമെന്നും ഉറപ്പ് നൽകിയതോടെയാണു മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ തൊഴിലാളികൾ അനുവദിച്ചത്.
കാട്ടാനയാക്രമണം: രണ്ടുമാസത്തിനിടെ ഗൂഡല്ലൂരിൽ പൊലിഞ്ഞത് 4 ജീവൻ
ഗൂഡല്ലൂർ ∙ രണ്ട് മാസത്തിനിടയിൽ ഗൂഡല്ലൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് 4 പേർ. രാജ്യത്ത് വന്യജീവി ആക്രമണത്തിൽ കൂടുതൽ ജീവൻ നഷ്ടപ്പെടുന്നവരുടെ പ്രദേശമായി ഗൂഡല്ലൂർ മാറി.
ജൂൺ 8 ന് ബിതർക്കാട് ചന്തക്കുന്ന് സ്വദേശി ജോയിയെ (80) കാട്ടാന വീടിന് സമീപത്ത് ആക്രമിച്ച് കൊലപ്പെടുത്തിയതാണു രണ്ടുമാസത്തിനിടെയുണ്ടായ ആദ്യ ആനക്കൊല. ജൂൺ 18 ന് മച്ചിക്കൊല്ലി ബേബി നഗറിലെ ആറുമുഖം (60), ജൂലൈ 22 ന് കൊളപ്പള്ളിയിൽ വീടിന് മുറ്റത്തിറങ്ങിയ ലക്ഷ്മി (65) എന്നിവരും തുടർച്ചയായി കാട്ടാനക്കലിക്കിരയായി.
ഇന്നലെ രാവിലെ ന്യൂഹോപ്പിലെ തോട്ടം തൊഴിലാളിയായ മണി (62)യെയും കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി.
മണിയെ ആക്രമിച്ച കാട്ടാന 20 വർഷമായി ന്യൂഹോപ്പിലെ കമ്പനി തോട്ടത്തിലാണ് വാസം. ഈ കാട്ടാനയുടെ ആക്രമണത്തിൽ 12 പേർ മരിച്ചതായി നാട്ടുകാർ പറഞ്ഞു.
ഒരു വർഷം മുൻപ് ഈ കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശവാസി മരിച്ചതോടെ കാട്ടാനയെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയതാണ്.
തെപ്പക്കാട് ആന ക്യാംപിൽ നിന്നുള്ള താപ്പാനകളെ രണ്ട് ആഴ്ചയോളം ഈ പ്രദേശത്ത് നിർത്തി. ജനരോഷം തണുത്തതോടെ താപ്പാനകളുമായി ജീവനക്കാർ മടങ്ങി.
ആയിരത്തോളം തൊഴിലാളികളും നാട്ടുകാരും താമസിക്കുന്ന പ്രദേശത്താണു കാട്ടാന മനുഷ്യരെ ആക്രമിക്കുന്നത്. കാട്ടാന ആക്രമണം ഉണ്ടാകുമ്പോൾ നാട്ടുകാർ സമരം നടത്തും, അധികൃതർ ഉറപ്പ് നൽകും.
പിന്നീട് ഉറപ്പ് പാലിക്കാതെ ദുരന്തങ്ങളിലേക്ക് മാറുന്ന സ്ഥിതിയാണെന്നു നാട്ടുകാർ പറഞ്ഞു.
വന്യജീവി ആക്രമണങ്ങളിൽ ഇത്രയും പേർ മരിച്ചിട്ടും ഭരണകക്ഷി പ്രതിനിധികൾ ആരും ഈ മണ്ഡലത്തിലെത്താത്തതിൽ പ്രതിഷേധം രൂക്ഷമാണ്. വന്യജീവി സംഘർഷത്തിൽ ദുരിതത്തിലായ ദേവർഷോല പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ ചെന്നൈയിലെത്തി നീലഗിരി എംപി രാജയ്ക്ക് പരാതി നൽകേണ്ടി വന്നു.
ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കാൻ ഊട്ടിയിലെത്തുന്ന എംപി ഗൂഡല്ലൂരിനെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് യാതൊരു നടപടിയും വനം വകുപ്പിൽനിന്ന് ഉണ്ടാകാറില്ല. ഫണ്ടിന്റെ കുറവാണ് പുതിയ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്തതിനു കാരണമായി ജീവനക്കാർ പറയുന്നത്.
പടക്കം പൊട്ടിച്ചു പോലും കാട്ടാനകളെ വനത്തിലേക്ക് തുരത്തരുതെന്നാണ് വനം വകുപ്പ് സെക്രട്ടറിയുടെ നിർദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]