
ആലപ്പുഴ ∙ ഓഹരി വിപണിയിൽ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പിലൂടെ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്ന് 7.5 കോടി രൂപ തട്ടിയെടുത്ത കേസിൽ ഇന്ത്യയിലെ മുഖ്യപ്രതികളിൽ ഒരാളെ ഉത്തരാഖണ്ഡ് ബാഗേശ്വർ പിത്തോർഗഡിൽനിന്നു ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. വിവേക് സിങ് പപ്പോലയാണ് (29) ക്രൈംബ്രാഞ്ച് സംഘത്തിന്റെ സാഹസിക നീക്കത്തിൽ കുടുങ്ങിയത്. നേരത്തെ അറസ്റ്റിലായ തായ്വാൻ സ്വദേശികളുമായി നേരിട്ടു ബന്ധമുള്ളയാളാണു വിവേക്.
തട്ടിപ്പു സംഘത്തിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്കു പ്രതിഫലം ക്രിപ്റ്റോ കറൻസിയായി നൽകിയിരുന്നത് ഇയാളാണ്.
യാത്ര ദുഷ്കരമായ, ശക്തമായ മലയിടിച്ചിലുള്ള മേഖലയിലൂടെയാണു പ്രതി ഹാർഡ്വെയർ സ്ഥാപനം നടത്തിയിരുന്ന മലമുകളിൽ ക്രൈം ബ്രാഞ്ച് സംഘം എത്തിയത്. ചൈന, നേപ്പാൾ അതിർത്തിക്കടുത്താണു പിത്തോർഗഡ്.
പിത്തോർഗഡ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കേരളത്തിലേക്കു കൊണ്ടുപോകുന്നതിനെ തടയണമെന്ന് ആവശ്യപ്പെട്ടു പ്രമുഖ അഭിഭാഷകരുടെ സംഘം തന്നെ കോടതിയിൽ ഹാജരായി. സൈബർ തെളിവുകൾ നിരത്തിയാണു പ്രതിയെ കൊണ്ടുവരാനുള്ള അനുമതി ക്രൈംബ്രാഞ്ച് നേടിയത്.
രണ്ടു തായ്വാൻ സ്വദേശികൾ ഉൾപ്പെടെ 13 പേർ നേരത്തെ ഈ കേസിൽ അറസ്റ്റിലായിരുന്നു.
കുടുങ്ങിയത് ശമ്പള വിതരണക്കാരൻ
ആലപ്പുഴ ∙ ഓൺലൈൻ തട്ടിപ്പു സംഘത്തിലെ ‘ശമ്പള വിതരണ ചുമതല’യായിരുന്നു വിവേക് സിങ് പപ്പോലയ്ക്ക്. നേരത്തെ അറസ്റ്റിലായ ഭഗവാൻ റാം, നിർമൽ ജെയിൻ, സെയ്ഫ് ഹൈദർ തുടങ്ങിയവർക്കു ക്രിപ്റ്റോ കറൻസിയിൽ പ്രതിഫലം നൽകിയതു വിവേകാണെന്നു പൊലീസ് കണ്ടെത്തി.
ഹൈദറിനു മാസം 2 ലക്ഷം രൂപയായിരുന്നു ശമ്പളം. ഭഗവാൻ റാമിനും മറ്റും തട്ടിപ്പുതുകയുടെ നിശ്ചിത ശതമാനം നൽകും.
‘മുകളിൽനിന്നുള്ള’ നിർദേശം അനുസരിച്ചാണു വിവേക് ശമ്പളം വിതരണം ചെയ്തിരുന്നത്.
വിവേകിന്റെ കൂട്ടാളി ഗൗതം ലോഹാനിയും തട്ടിപ്പിലെ പ്രധാന കണ്ണിയാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇയാളുടെ നിർദേശ പ്രകാരമാണു വിവേക് മറ്റുള്ളവർക്കു പ്രതിഫലം നൽകിയിരുന്നത്.
ലോഹാനി കോർപറേഷൻ എന്നാണു വിവേക് നടത്തുന്ന വലിയ ഹാർഡ്വെയർ കടയുടെ പേര്. ഇതു ഗൗതം ലോഹാനിയുടെ മാതാവിന്റെ പേരിലാണ്.നേരത്തെ പിടിയിലായവർക്ക് ഒരേ ക്രിപ്റ്റോ വോലറ്റുകളിൽനിന്നു പണം വന്നതു ശ്രദ്ധയിൽപെട്ടു നടത്തിയ അന്വേഷണത്തിലാണു വിവേകിനെപ്പറ്റിയുള്ള സൂചനകൾ ലഭിച്ചത്.
മണി എക്സ്ചേഞ്ച് വോലറ്റാണ് ഇതിനായി ഉപയോഗിച്ചത്. അതു പരിശോധിച്ചപ്പോഴാണു വിവേകിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭിച്ചത്.
ദുഷ്കര പാതകൾ കടന്ന് പൊലീസിന്റെ സാഹസിക ദൗത്യം
ആലപ്പുഴ ∙ അപകടകരമായ കാലാവസ്ഥയിലേക്കാണു ക്രൈം ബ്രാഞ്ച് സംഘം വിവേക് സിങ്ങിനെ തിരഞ്ഞ് എത്തിയത്.
31നു സംഘം ആലപ്പുഴയിൽനിന്നു പുറപ്പെട്ടു. യാത്രയുടെ വിവരങ്ങൾ രഹസ്യമായിരുന്നു.
അവിടെയെത്തുമ്പോൾ മേഘവിസ്ഫോടനം മൂലം കാലാവസ്ഥയും യാത്രയും അതിദുഷ്കരമായിരുന്നു. പോകുന്ന വഴിയിൽ പലയിടത്തും റോഡിലേക്കു മണ്ണിടിച്ചിൽ.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു മാറ്റുന്നുണ്ടായിരുന്നു. മലഞ്ചെരിവുകളിലൂടെ 230 കിലോമീറ്റർ സഞ്ചരിച്ചു വേണം വിവേക് ഉള്ള സ്ഥലത്തെത്താൻ.
ഇടയ്ക്കു പലയിടത്തും തങ്ങിയായിരുന്നു സംഘത്തിന്റെ യാത്ര.
പൊലീസ് എത്തുമ്പോൾ വിവേക് കടയിലുണ്ടായിരുന്നു. അതേ കെട്ടിടത്തിലാണു താമസവും.
നൈനിറ്റാൾ സ്വദേശിയായ വിവേക് ഇടയ്ക്കു മാത്രമേ നാട്ടിലേക്കു പോകാറുള്ളൂ എന്നു നാളുകൾ നീണ്ട നിരീക്ഷണത്തിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തി.
പൊലീസ് നേരത്തെ നിരീക്ഷിച്ചിരുന്ന മൊബൈൽ നമ്പരുള്ള ഫോൺ, പിടികൂടിയപ്പോൾ അയാളുടെ പക്കലുണ്ടായിരുന്നു. മറ്റൊരു ഫോണും പൊലീസ് പിടികൂടി.ഗൗതമിന്റെ ഫോൺ നമ്പർ ഇയാൾ രഹസ്യമായി സൂക്ഷിച്ചിരുന്നു.
അതു സ്വന്തം ഫോണിൽ സേവ് ചെയ്തിട്ടുപോലുമില്ല.
ഗൗതം നിരന്തരം വിമാനയാത്ര നടത്തുന്ന ‘വൻപുള്ളി’യാണെന്നാണു പൊലീസിനു ലഭിച്ച വിവരം. എസ്ഐമാരായ ആർ.മോഹൻകുമാർ, അഗസ്റ്റിൻ വർഗീസ്, എ.സുധീർ(സൈബർ), എഎസ്ഐ വി.വി.വിനോദ്, എസ്സിപിഒമാരായ ജി.രജിത്ത്, ആന്റണി ജോസഫ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ ചുമതലയുള്ള ഡിസിആർബി ഡിവൈഎസ്പി എം.എസ്.സന്തോഷ്, ചേർത്തല എഎസ്പി ഹരീഷ് ജെയിൻ എന്നിവർ മേൽനോട്ടം വഹിച്ചു.
കോടതിയിൽ പ്രതിക്കായി വൻ പ്രതിരോധം
ആലപ്പുഴ ∙ വിവേക് സിങ്ങിനെ ട്രാൻസിറ്റ് വാറന്റിലൂടെ കേരളത്തിലേക്കു കൊണ്ടുപോകുന്നതിനെ ഉത്തരാഖണ്ഡിലെ അഭിഭാഷകർ കോടതിയിൽ ശക്തമായി എതിർത്തു; കൃത്യമായ തെളിവുകൾ കാട്ടി ക്രൈംബ്രാഞ്ച് കോടതിയെ സാഹചര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചു.ഏഴു വർഷത്തിൽ താഴെ തടവു ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് നിർബന്ധമല്ലെന്നും നോട്ടിസ് നൽകിയാൽ മതിയെന്നുമായിരുന്നു അഭിഭാഷകരുടെ വാദം.
എന്നാൽ, പ്രതി തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസ് തിരഞ്ഞ ഫോൺ നമ്പർ തന്നെ ഇയാൾ ഉപയോഗിക്കുന്നതു കണ്ടെത്തിയതും കോടതിയിൽ സഹായകമായി. ജില്ലാ പൊലീസ് മേധാവിയും ചേർത്തല എഎസ്പിയും ഉത്തരാഖണ്ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിവരങ്ങൾ ചർച്ച ചെയ്ത് ഉറച്ച പിന്തുണ നൽകി.
ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന് പിത്തോർഗഡ് മേഖലയിൽ ജോലി ചെയ്തുള്ള അനുഭവപരിചയവും ക്രൈംബ്രാഞ്ചിനു വലിയ തുണയായി. അദ്ദേഹം 1993 കാലത്തു കേന്ദ്ര സേനയിലായിരുന്നപ്പോൾ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു.
ഭൂമിശാസ്ത്രവും ക്രിമിനലുകളുടെ രീതികളും ഉൾപ്പെടെയുള്ള അദ്ദേഹം സംഘത്തിനു പറഞ്ഞുകൊടുത്തു. സുരക്ഷ നോക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം ഉപദേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]