
തുറവൂർ∙ ശ്രീനാരായണപുരം ഗേറ്റ് ഒഴിവാക്കി റെയിൽവേ അടിപ്പാത നിർമിച്ച് വാഹനങ്ങൾ കടത്തിവിടുന്നതിനുള്ള പദ്ധതി ഒരുങ്ങുന്നു. തുറവൂർ – കുമ്പളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ശ്രീനാരായണപുരം റെയിൽവേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഗേറ്റ് ഒഴിവാക്കി പകരം വാഹനങ്ങൾക്കു കടന്നുപോകാൻ നിർമിക്കുന്ന (അടിപ്പാത) സബ്വേയുടെ ഡിപിആർ തയാറാക്കാൻ റെയിൽവേക്ക് അംഗീകാരം നൽകാൻ തീരുമാനം. ഇന്നലെ മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സബ്വേ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി ഗതാഗതത്തിന് പൂർണമായും തുറന്നു കൊടുത്തതിനു ശേഷം മാത്രമേ റെയിൽവേ ഗേറ്റ് മാറ്റാവൂ എന്ന നിബന്ധനയ്ക്കു വിധേയമായി അംഗീകാരം നൽകാനാണ് തീരുമാനം.
മന്ത്രി ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ ദലീമ ജോജോ എംഎൽഎ, കലക്ടർ അലക്സ് വർഗീസ്, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് ആശാ സി.ഏബ്രഹാം, ചേർത്തല തഹസിൽദാർ എസ്.ഷീജ, ദക്ഷിണ റെയിൽവേ ഡിവിഷനൽ എൻജിനീയർ അത്തീഫ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ കുമ്പളം–തുറവൂർ റെയിൽവേ പാതക്കിടയിൽ അരൂർ മാർക്കറ്റിനു സമീപം, അരൂർ അമ്മനേഴം, എഴുപുന്ന എന്നിവിടങ്ങളിൽ റെയിൽവേ അടിപ്പാത നിർമിച്ചിട്ടുണ്ട്. എന്നാൽ ഈ മൂന്നിടങ്ങളിലും മഴ പെയ്താൽ വെള്ളക്കെട്ടാണ്.
പല ഘട്ടങ്ങളിലായി പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് നിർമാണം നടത്തിയപ്പോൾ അടിപ്പാതയുടെ ഇരുവശങ്ങളിലും റോഡ് ഉയർന്നതോടെ റെയിൽവേ അടിപ്പാതയുടെ ഭാഗം കുഴിയായി മാറി. ദീർഘവീക്ഷണത്തോടെയുള്ള റെയിൽവേ അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]