
ആലപ്പുഴ∙ ജില്ലാക്കോടതി പാലം പുനർനിർമാണത്തിനു വേണ്ടി നഗരചത്വരം വഴി താൽക്കാലിക റോഡ് തുറന്നെങ്കിലും ഇതുവഴി പ്രൈവറ്റ് ബസുകൾക്കു സർവീസ് അനുമതി നിഷേധിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ട് കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബസ് ഉടമകൾ ആവശ്യം ഉന്നയിച്ചെങ്കിലും അപകട
സാധ്യത മുൻനിർത്തി ജില്ലാക്കോടതി പാലം നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
താൽക്കാലിക റോഡിന്റെ വീതിക്കുറവ്, ഇടുങ്ങിയ വളവുകൾ, കെട്ടിടങ്ങളുടെ ഇടയിലൂടെയുള്ള യാത്ര തുടങ്ങിയവ അപകടം സൃഷ്ടിക്കുമെന്ന കാര്യങ്ങളാണ് കെആർഎഫ്ബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചത്. ബസ് ഉടമകളുടെ ആവശ്യം നിഷേധിച്ചെങ്കിലും, സാധ്യത പരിശോധിക്കാനായി ഡിവൈഎസ്പി, മോട്ടർ വാഹന വകുപ്പ്, പൊതുമരാമത്ത്, കെആർഎഫ്ബി, കെഎസ്ഇബി ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. നഗരത്തിലെ ഇട
റോഡുകളുടെ വീതി താൽക്കാലികമായി കൂട്ടി ഗതാഗത പ്രശ്നം പരിഹരിക്കാൻ സാധിക്കുമോ എന്നും സംഘം പരിശോധിക്കും.
മറ്റു തീരുമാനങ്ങൾ
∙ ഗതാഗത നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ജാഥകൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം പരിപാടികൾ സക്കറിയ ബസാർ മുതൽ ബീച്ച് ഭാഗവും, റിക്രിയേഷൻ മൈതാനവും കേന്ദ്രീകരിച്ച് നടത്തണം.
∙ കല്ലുപാലം മുതൽ ഇരുമ്പ് പാലം വരെയും, പിച്ചു അയ്യർ ജംക്ഷൻ മുതൽ പഴവങ്ങാടി വരെയും അനുമതിയുള്ളയിടത്തു മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. റോഡിന്റെ വശങ്ങൾ കയ്യേറി സ്ഥാപിച്ച കടകളുടെ ബോർഡുകളും തട്ടുകടകളുടെ ഭാഗങ്ങളും നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കും.
∙ നഗരത്തിൽ മിക്കയിടങ്ങളിലും റോഡിന്റെ അരികു തറനിരപ്പിൽ നിന്നു ഉയർന്നു നിൽക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഈ ഭാഗങ്ങൾ നികത്തി നിരപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനു നിർദേശം നൽകി. ∙ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ നിന്നു നഗരചത്വരം – മിനി സിവിൽ സ്റ്റേഷൻ റോഡ് ടാർ ചെയ്യും.
∙ കോടതി പാലത്തിന്റെ സമീപം ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും ഔട്ട് പോസ്റ്റ് മുതൽ വൈഎംസിഎ വരെ കനാലിന്റെ തെക്കുവശത്തു കൂടി ചെറിയ വാഹനങ്ങൾക്കു പോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]