
ചങ്ങനാശേരി ∙ പൊലീസ് സ്റ്റേഷന് വേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനത്തിന്റെ തത്സമയ പ്രദർശനത്തിൽ മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനാകും.
ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഡിവൈഎസ്പി ഓഫിസിനു സമീപം പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് പുതിയ സ്റ്റേഷൻ നിർമിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല.
ചെലവ് 3.5 കോടി
2023 – 24 വർഷത്തെ ബജറ്റ് തുകയിൽ നിന്ന് അനുവദിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷന്റെ നിർമാണം.
കേരളത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കിയുള്ള പൊലീസ് സ്റ്റേഷനാണ് ചങ്ങനാശേരിയിൽ നിർമിക്കുന്നതെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.
ആധുനിക ഇൻട്രഗേഷൻ റൂം
പ്രതികളെ ശാസ്ത്രീയമായ രീതിയിൽ ചോദ്യം ചെയ്യുന്നതിന് ഇൻട്രഗേഷൻ റൂമും കെട്ടിടത്തിലുണ്ടാകും. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളുടെ ചെറിയ ചലനങ്ങളും ശബ്ദങ്ങളും വരെ ഒപ്പിയെടുക്കാനുള്ള സംവിധാനമുണ്ടാകും.
ഉയർന്ന ഉദ്യോഗസ്ഥർക്ക് മറ്റൊരു മുറിയിൽ നിന്ന് പ്രതികളെ തത്സമയം നിരീക്ഷിക്കാം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനു ഹെഡ് ഫോണിലൂടെ നിർദേശങ്ങളും കൈമാറാം.
24 മണിക്കൂറും ക്യാമറ നിരീക്ഷണവും ശബ്ദശേഖരണവും നടക്കും. തുടരന്വേഷണത്തിനും വിചാരണയിലും ഇൻട്രോഗേഷൻ റൂമിലെ ദൃശ്യങ്ങൾ പൊലീസിനു സഹായകമാകും.
സൗകര്യങ്ങൾ 2 നിലകളിലായി കെട്ടിടം
∙ വെയ്റ്റിങ് ഏരിയ, ലോഞ്ച്
∙ ഓഫിസ് മുറികൾ
∙ സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേകം ലോക്കപ്പുകൾ
∙ കോൺഫറൻസ് ഹാൾ
∙ റെക്കോർഡ്സ് റൂം, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി
∙ വിശ്രമമുറി, യൂണിഫോം റൂം
∙ അടുക്കള, ഡൈനിങ് ഏരിയ, സ്റ്റോർ റൂം
∙ ടോയ്ലറ്റ് സമുച്ചയം
∙ പാർക്കിങ് ഏരിയ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]