
ഐസിഐസിഐ ബാങ്ക് പ്രതിമാസ ശരാശരി ബാലൻസ് തുക ഉയർത്തിയത് വലിയ ചർച്ചയാണ്. ഒരു മാസം അക്കൗണ്ടിൽ സൂക്ഷിക്കേണ്ട
ശരാശരി ബാലൻസ് (എംഎബി) അഞ്ചിരട്ടി വരെ വർധിപ്പിച്ചു. പ്രീമിയം ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.
നിലവിലെ ഉപഭോക്താക്കളെ മാറ്റം ബാധിക്കുകയുമില്ല. ഓഗസ്റ്റ് ഒന്നിന് ശേഷം അക്കൗണ്ട് തുറന്നവർക്ക് മാത്രമാണ് പുതിയ നിബന്ധന ബാധകം.
അക്കൗണ്ടിൽ ഒരു മാസത്തെ ബാലൻസിന്റെ ശരാശരി തുകയാണ് എംഎബി അഥവാ പ്രതിമാസ ശരാശരി ബാലൻസ്.
അക്കൗണ്ടിൽ ഓരോ ദിവസവും സൂക്ഷിക്കുന്ന ബാലൻസിന്റെ ആകെത്തുകയെ ആ മാസത്തെ ദിവസങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് ആവറേജ് ബാലൻസ് നിശ്ചയിക്കുന്നത്. അതായത്, ശരാശരി ബാലൻസ് 50,000 ആയിരിക്കണമെന്ന് പറയുമ്പോൾ എല്ലാ ദിവസവും 50,000 വേണമെന്നല്ല അർത്ഥം.
∙ ഉദാഹരണത്തിന്, മെട്രോ–നഗരമേഖലയിൽ നേരത്തെയുണ്ടായിരുന്ന 10,000 രൂപ പ്രതിമാസ ശരാശി ബാലൻസ് 50,000 ആയാണ് നിലവിൽ ഉയർത്തിയത്.
30 ദിവസമുള്ള മാസമാണെങ്കിൽ 15 ദിവസം 25,000 രൂപയും 15 ദിവസം 75,000 രൂപയും അക്കൗണ്ടിലുണ്ടെങ്കിൽ ഇതിന്റെ ശരാശരി ബാലൻസ് 50,000 ആകും. അപ്പോൾ പിഴയുണ്ടാകില്ല.
∙ അർധ നഗരമേഖലയിൽ നേരത്തെയുണ്ടായിരുന്ന 5,000 രൂപയിൽ നിന്ന് 25,000 രൂപയായാണ് പ്രതിമാസ ശരാശരി ബാലൻസ് വർധിപ്പിച്ചത്.
ഗ്രാമീണ മേഖലയിലെ അക്കൗണ്ടുകളിലാകട്ടെ നേരത്തെയുണ്ടായിരുന്ന 2,500 രൂപക്ക് പകരം പുതിയ ഉപഭോക്താക്കൾ 10,000 രൂപ ശരാശരി ബാലൻസ് സൂക്ഷിക്കണം.
സാലറി അക്കൗണ്ടുകളെ ബാധിക്കുമോ?
സാലറി അക്കൗണ്ടുകളെ മിനിമം ബാലൻസ് പരിധി ബാധിക്കില്ല. സാധാരണഗതിയിൽ സാലറി അക്കൗണ്ടുകൾ സീറോ ബാലൻസ് അക്കൗണ്ടുകളായിരിക്കും.
നിശ്ചിത തുക സൂക്ഷിക്കണമെന്ന നിബന്ധനയില്ല. ഐസിഐസിഐയിൽ സാലറി അക്കൗണ്ടുള്ളവർക്ക് പുതിയ മാറ്റങ്ങൾ ബാധകല്ല.
ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും (ബിഎസ്ബിഡിഎ) ശരാശരി ബാലൻസ് നിബന്ധനയില്ല.
ആവറേജ് ബാലൻസ് ഇല്ലെങ്കിൽ പിഴ
പ്രതിമാസ മിനിമം ആവറേജ് ബാലൻസ് അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴയീടാക്കുമെന്നാണ് ഐസിഐസിഐയുടെ അറിയിപ്പ്. ഒന്നുകിൽ കുറവുള്ള തുകയുടെ ആറ് ശതമാനം, അല്ലെങ്കിൽ 500 രൂപ– ഇതിൽ ഏതാണ് കുറവെന്ന് നോക്കി ആ തുകയാണ് പിഴ നൽകേണ്ടിവരിക.
∙ ബാങ്ക് ഇടപാടുകൾക്കും പുതിയ മാനദണ്ഡം കൊണ്ടുവന്നിട്ടുണ്ട്.
മാസത്തിൽ മൂന്ന് തവണയായി ലക്ഷം രൂപവരെ മറ്റ് ചാർജില്ലാതെ നിക്ഷേപിക്കാം. അതിനപ്പുറം ഓരോ നിക്ഷേപത്തിനും 150 രൂപ വീതമോ കൂടുതലായി വരുന്ന ഓരോ 1,000 രൂപക്കും 3.50 രൂപ എന്ന നിരക്കിലോ ചാർജ് ഈടാക്കും.
ഇതിൽ കൂടിയ തുക ഏതെന്ന് നോക്കിയാണ് ചാർജായി ഈടാക്കുക.
പുതിയ എടിഎം ചാർജുകൾ ഇങ്ങനെ
ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് മാസം അഞ്ച് തവണ സൗജന്യ ഇടപാടുകൾ നടത്താം. അതിന് ശേഷം പണമിടപാടുകൾക്ക് ഓരോന്നിനും 23 രൂപ ചാർജ് ഈടാക്കും.
എന്നാൽ, ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് പോലെയുള്ള നോൺ–ഫിനാൻഷ്യൽ ഇടപാടുകൾ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.
ശേഷമുള്ള എല്ലാ ഇടപാടിനും 23 രൂപ വീതം ചാർജ് ഈടാക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]