
രാജ്യത്തിന് ‘ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തിന്റെ ’ ആലിംഗനത്തിൽ വിപണി ചക്രശ്വാസം വലിക്കുന്നതു കണ്ടാണ് കഴിഞ്ഞ വാരം പോയത്.
ഒപ്പം ഇറക്കത്തിലേക്കു പോകുന്ന വിപണി എങ്ങനെ മുതലാക്കാമെന്നു വൻ നിക്ഷേപകർ കാണിച്ചു തന്ന ആഴ്ചയും.
ബുധനാഴ്ച വിപണി പിരിഞ്ഞതിനു ശേഷമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 25% അധിക തീരുവ പ്രഖ്യാപനം വന്നത്. പ്രതീക്ഷിച്ചതുപോലെ വ്യാഴാഴ്ച വൻ നഷ്ടത്തിലായിരുന്നു വ്യാപാരം തുടങ്ങിയത്.
അപ്പോൾ സെൻസെക്സ് 79811.29 പോയിന്റിലും നിഫ്റ്റി 24344.15 പോയിന്റിലുമായിരുന്നു. ഉച്ചകഴിഞ്ഞും വിപണി വലിയ നഷ്ടത്തിൽ തന്നെ ആയിരുന്നു.
എന്നാൽ പെട്ടെന്ന് സൂചികകൾ ഉയരാൻ തുടങ്ങി. ഐടി, ഫാർമ സെക്ടറുകളിലെ വ്യാപകമായ വാങ്ങലുകളായിരുന്നു കാരണം.
ദിവസം അവസാനിക്കുമ്പോൾ സെൻസെക്സ് 811.87 പോയിന്റ് നേട്ടത്തിൽ 80,623.26ലും നിഫ്റ്റി 252 പോയിന്റ് കയറി 24596.15ലും എത്തി സൂചികകൾ നേരിയ ലാഭത്തിൽ ക്ലോസ് ചെയ്തു.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ അന്ന് 10,5864.04 കോടിയുടെ ഓഹരികളാണ് വാങ്ങിയത്. വെള്ളിയാഴ്ച, വിദേശനിക്ഷേപകർ 1932.80 കോടിയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.
ചൈനയിലേക്ക് വിദേശ നിക്ഷേപകർ കൂടുതൽ ആകർഷിക്കപ്പെടുന്നുണ്ട്. ടെക് കമ്പനികളുടെ കുതിപ്പിൽ യുഎസ് വിപണിയെല്ലാം പോയവാരം പോസിറ്റീവായിരുന്നു.
വെള്ളിയാഴ്ച നിക്ഷേപകർ ഈ ഓഹരികൾ വിറ്റു ലാഭമെടുത്തതും തീരുവയിൽ ഇനിയും ഇന്ത്യയുമായി ചർച്ചയില്ലന്ന് ട്രംപ് ശക്തമായ നിലപാട് പ്രഖ്യാപിച്ചതും വിപണി കൂപ്പുകുത്താനിടയാക്കി.
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 765.47 പോയിന്റ് നഷ്ടത്തിൽ 79,857.79ലും നിഫ്റ്റി 232 .85 പോയിന്റ് ഇറങ്ങി 24,363.30 ലും എത്തി.
ട്രംപിന്റെ തീരുവയിലെ കടുംപിടിത്തവും വിദേശ നിക്ഷേപകരുടെ തുടരുന്ന വിൽപനയും ഈ ആഴ്ചയും വിപണിയെ ചൂഴ്ന്നു നിൽക്കും. എങ്കിലും ആഭ്യന്തര വിപണിയാണ്, കയറ്റുമതിയല്ല ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനമെന്ന യാഥാർഥ്യവും നിലനിൽക്കുന്നു.
തീരുവയുടെ കാര്യത്തിൽ, ട്രംപ് അയഞ്ഞാലേ വിപണിയിൽ തിരിച്ചുവരവു പ്രതീക്ഷിക്കേണ്ടതുള്ളൂ. എണ്ണ ഇറക്കുമതിയിൽ ഇന്ത്യ റഷ്യയെ ഒഴിവാക്കുകയാണെങ്കിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വർധന 900 മുതൽ 1,100 കോടി ഡോളർ വരെയാകും.
ഇറക്കുമതിച്ചെലവ് ഇങ്ങനെ തന്ത്രപരമായി കുറച്ചു നിർത്തുന്നതുകൊണ്ടാണ് വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയുന്നത്.
ട്രംപിന്റെ ആവശ്യം അംഗീകരിച്ചാൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഹൃദയതാളം നിലയ്ക്കും. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ട്രംപിന്റെ ഈ ആവശ്യത്തോട് മുഖം തിരിക്കാനേ കഴിയൂ.
സെക്കൻഡറി വിപണിയിലെ ചാഞ്ചാട്ടം ഐപിഒ വിപണിയെ അത്ര കാര്യമായി ബാധിച്ചിട്ടില്ല. എങ്കിലും പഴയപോലെ നിക്ഷേപകർ കണ്ണുംപൂട്ടി ന്യൂ ഇഷ്യൂസ് വാങ്ങുന്ന കാലം കഴിഞ്ഞു.
സെക്കൻഡറി വിപണിയിൽ വിദേശനിക്ഷേപകർ 370 കോടി ഡോളറിന്റെ വിൽപന നടത്തിയ ജൂലൈയിൽ പോലും ഐപിഒ വിപണിയിൽ നിന്ന് കമ്പനികൾ 170 കോടി ഡോളർ സമാഹരിച്ചു. ഇത് കാണിക്കുന്നത്, നിക്ഷേപകർക്ക് ഇപ്പോഴും ഐപിഒ വിപണിയിൽ താൽപര്യമുണ്ടന്നാണ്.
നിക്ഷേപകരുടെ പ്രത്യാശ വെളിപ്പെടുത്തുന്ന ഒരു കണക്കുകൂടി പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് ഡിമാറ്റ് അക്കൗണ്ടുള്ളവരുടെ എണ്ണം 20 കോടിയായി. ഒരു വർഷം ഒരു പ്രാവശ്യമെങ്കിലും ഇടപാടു നടത്തുന്നവർ 4.80 കോടിയാണ്.
പുതിയ നിക്ഷേപകരിൽ ഏറെയും യുവാക്കളുമാണ്. ഒമാനുമായി ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുമെന്ന് റിപ്പോർട്ടുണ്ട്.
ജൂലൈയിലെ പണപ്പെരുപ്പ കണക്കുകളും ഈ ആഴ്ച പ്രഖ്യാപിക്കും. ആദ്യ പാദ ഫല സീസൺ ഏതാണ്ട് കഴിയാറായി.
ഇതുവരെ വന്ന ഫലങ്ങൾ നോക്കിയാൽ ഇന്ത്യൻ കോർപറേറ്റുകളുടെ പ്രകടനം ആദ്യ പാദത്തിൽ മെച്ചമായിരുന്നില്ല.
വരുമാനത്തിൽ ചെറിയ മുന്നേറ്റമേയുള്ളു. ആഭ്യന്തര ഉപഭോഗ വളർച്ചയാണ് പല കമ്പനികളെയും സഹായിച്ചത്.
ലാഭത്തിന്റെ കാര്യത്തിൽ, ധന– ഓട്ടോ മേഖലയിലെ ചില വിഭാഗങ്ങൾ, ക്യാപ്പിറ്റൽ ഗുഡ്സ്, എന്നിവയൊഴിച്ച് ബാക്കിയുള്ള മേഖലകളുടെ പ്രകടനം നിറം മങ്ങി. ഐടി, എഫ്എംസിജി എന്നിവ നിരാശപ്പെടുത്തി.
എന്നാൽ ജൂലൈയിൽ എഫ്എംസിജി സെയിൽസ് റിപ്പോർട്ടിൽ വളർച്ചയാണ് കാണിക്കുന്നത്. യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് പുട്ടിൻ–ട്രംപ് ചർച്ച 15ന് ഫലപ്രദമായി പിരിഞ്ഞാൽ ലോകത്തിനും വിപണിക്കും അതു നല്ല വാർത്തയാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]