
പയ്യോളി ∙ ഏതാനും ദിവസങ്ങൾ മഴ മാറി നിന്നപ്പോൾ കുഴികൾക്കും വെള്ളക്കെട്ടിനും പകരം ദേശീയ പാതയാകെ പൊടിയിൽ മുങ്ങി കുളിക്കുന്നു. തിക്കോടി ടൗണിന് തെക്കു ഭാഗത്ത് നിർമാണം പൂർത്തിയാകാത്ത ആറുവരി പാതയുടെ തുടക്കത്തിലാണു പൊടി ശല്യം രൂക്ഷമായത്.ഇവിടെ അടിപ്പാത അനുവദിച്ചതിനാൽ ആറുവരി പാതയുടെ നിർമാണം പൂർത്തീകരിച്ചിട്ടില്ല.
എന്നാൽ അടിപ്പാതയുടെ പ്രാരംഭ ജോലികൾ പോലും ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതു കാരണം പ്രദേശമാകെ പൊടിയിൽ മുങ്ങുകയാണ്.
വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടി നിറയുന്നത് കാരണം വാഹനങ്ങളിൽ ഉള്ളവർക്ക് പരസ്പരം കാണാൻ പറ്റാത്ത അവസ്ഥയാണ്. ഇത് വൻ അപകട
സാധ്യത ഉയർത്തുന്നു.
കുഴിയടയ്ക്കാൻ ഉപയോഗിക്കുന്ന സിമന്റ് മിശ്രിതം കലർന്ന പൊടിയാണു വാഹനങ്ങൾ പോകുമ്പോൾ ആളുകളുടെ മൂക്കിലും വായിലും കണ്ണിലും അടിച്ചു കയറുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സിമന്റ് പൊടി ശ്വസിക്കേണ്ട
ഗതികേടിലാണ് യാത്രക്കാരും നാട്ടുകാരുമുള്ളത്ത്. വേനൽക്കാലത്ത് റോഡ് നിർമാണ കരാറുകാർ പൊടിശല്യം ഒഴിവാക്കാൻ ഇടവിട്ട
ദിവസങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം സ്പ്രേ ചെയ്യാറുണ്ടായിരുന്നു.
എന്നാൽ മൺസൂൺ സീസൺ ആയത് കൊണ്ട് മഴ പെയ്യുമെന്ന കണക്കുകൂട്ടലിൽ കരാർ കമ്പനി ഇപ്പോൾ റോഡിൽ വെള്ളം ഒഴിക്കാറുമില്ല. കുഴിയടയ്ക്കാൻ ടാർ ചെയ്യുന്നതിന് പകരം സിമന്റ് മിശ്രിതം ചേർത്ത മണലാണ് കരാറുകാരായ വഗാഡ് കമ്പനി വ്യാപകമായി ദേശീയപാതയിൽ ഉപയോഗിക്കുന്നത്.
ഇത് അക്ഷരാർഥത്തിൽ കണ്ണിൽ ‘പൊടി’യിടുന്നതിന് തുല്യമായ അവസ്ഥയിലാണ്. മൂരാട് മുതൽ നന്തി വരെയുള്ള ദേശീയ പാതയിൽ പൊടി ശല്യവും, മഴ പെയ്താൽ വെള്ളക്കെട്ടും കുഴികളും കാരണമുള്ള യാത്രാ ദുരിതം കഴിഞ്ഞ നാലു വർഷമായി വിവരണാതീതമാണ്.
നിർമാണം പൂർത്തിയാക്കാനോ വേണ്ടത്ര വേഗം കൂട്ടാനോ ബന്ധപ്പെട്ട അധികൃതരോ കരാർ കമ്പനിയോ ചെറുവിരൽ അനക്കുന്നില്ലെന്നതു നാട്ടുകാരിൽ വലിയ പ്രതിഷേധം ഉയർത്തുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]