
തിരുവനന്തപുരം ∙ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേർക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്കു 12.15ന് ജനറൽ ആശുപത്രി കവാടത്തോടു ചേർന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ 4 പേരെ മെഡിക്കൽകോളജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കൊല്ലം ശാസ്താംകോട്ട
സ്വദേശിയും ഈഞ്ചയ്ക്കൽ എസ്പി ഫോർട്ട് ആശുപത്രിയിലെ ഹൗസ്കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയൻ (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറൽ ആശുപത്രി ജംക്ഷൻ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രൻ (46) എന്നിവരാണ് വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്.
പോത്തൻകോട് അയിരൂപ്പാറ സ്വദേശി കുമാറിന് (63) നിസ്സാരപരുക്കേറ്റു. കാർ ഓടിച്ച വട്ടിയൂർക്കാവ് വലിയവിള സ്വദേശി എ.കെ വിഷ്ണുനാഥ് (25), കാറിലുണ്ടായിരുന്ന അമ്മാവൻ വിജയൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാർ ഇല്ലെന്നും വാഹനം പരിശോധിച്ച ആർടിഒ അജിത്കുമാർ പറഞ്ഞു.
2019ൽ ലൈസൻസ് എടുത്ത വിഷ്ണുനാഥിന് വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.
പനിക്ക് ചികിത്സ തേടിയെത്തിയ ആഞ്ജനേയനും ശിവപ്രിയയും റോഡ് കുറുകെ കടക്കാൻ നിന്നപ്പോഴാണ് പേട്ട–പാറ്റൂർ റോഡിലൂടെ ജനറൽ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. തൊട്ടടുത്ത് നടപ്പാതയിൽ നിന്ന ഓട്ടോഡ്രൈവർമാരെയും ഇടിച്ചു തെറിപ്പിച്ചു.
നടപ്പാതയിലെ ഇരുമ്പ് വേലിയും തകർത്തു.ജനറൽ ആശുപത്രിയിൽ ഇതേസമയം ചികിത്സതേടിയെത്തിയ ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജുവും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.അപകടത്തിനിടയാക്കിയ കാർ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]