കോട്ടയം ∙ മൂലേടം മേൽപാലത്തിന് പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ പരിപാലനം കഴിഞ്ഞു; ഇനി നിരത്തു പരിപാലന വിഭാഗം പാലം നവീകരിക്കും.ചുമതല ലഭിച്ചെങ്കിലും മഴ മാറിയിട്ടേ നവീകരണം ആരംഭിക്കാനാകൂ എന്ന നിലപാടിൽ നിരത്തു പരിപാലന വിഭാഗം. ടാറിങ് പൊട്ടിപ്പൊളിഞ്ഞ്, 2 വർഷമായി തുടരുന്ന യാത്രക്കാരുടെ ദുരിതം തുടരും.
നഗരത്തിലെ പ്രധാന പാതയായ കൊല്ലാട്–പുതുപ്പള്ളി റോഡിലാണു പാലം. നാട്ടകം ഗെസ്റ്റ് ഹൗസിലേക്കുള്ള പ്രധാന വഴിയും ഇതാണ്.
2014 ൽ പണിത പാലം
2014ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് മേൽപാലം നിർമാണം നടത്തിയത്.
അറ്റകുറ്റപ്പണി നടക്കാതെ വന്നതോടെ പാലത്തിൽ കുഴി നിറഞ്ഞു. പല തവണ സമരങ്ങൾ നടന്നെങ്കിലും അറ്റകുറ്റപ്പണി നടന്നില്ല.
2 വർഷമായി പാലം പൂർണമായി തകർന്ന് ഗതാഗതത്തിന് യോജ്യമല്ലാതായി. അടുത്തിടെ മുഖ്യമന്ത്രി അടക്കം നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് എത്തിയത് പാലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ്.
ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിട്ടും നിർമാണം നടക്കുന്നില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയുന്നു.
പാലം നന്നാക്കും: പൊതുമരാമത്ത് വകുപ്പ്
പാലത്തിലെ കുഴികൾ അടച്ചുള്ള നവീകരണത്തിനു സർക്കാർ അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ്. നിർമാണം മഴ മാറിയാലുടനെ ആരംഭിക്കും.
ടെൻഡർ നടപടി പൂർത്തിയാക്കി. മഴ തുടരുന്നതു കണക്കിലെടുത്താണ് ജോലി ആരംഭിക്കാത്തത്.
പൊതുമരാമത്ത് ബ്രിജ് വിഭാഗത്തിന്റ നിയന്ത്രണത്തിലായിരുന്നു പാലം. പഴയപാലങ്ങൾ നവീകരിക്കുന്നതിനു ബ്രിജ് വിഭാഗത്തിന് അനുമതിയുണ്ടായിരുന്നില്ല. നിരത്തുപരിപാലന വിഭാഗം പാലം ഏറ്റെടുത്തെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ വിശദീകരിച്ചു.
കുറ്റവിചാരണ സദസ്സ് ഇന്ന്
മൂലേടം മേൽപാലത്തിൽ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി ഇന്നു വൈകിട്ട് 4.30ന് മണിപ്പുഴ ജംക്ഷനിൽ കുറ്റവിചാരണ സദസ്സ് നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]