
തിരുവനന്തപുരം∙ ജനറൽ ആശുപത്രിക്ക് മുൻപിലെ നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി 5 പേരെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടന്നത് ഗുരുതര നിയമലംഘനമെന്ന് ആർടിഒ എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. റോഡിൽ പരിശീലനം നടത്തുമ്പോൾ പാലിക്കേണ്ട
നിബന്ധനകൾ ഒന്നും പാലിക്കാതെയാണ് കാർ ഓടിച്ചു പരിശീലിച്ചത്. തിരക്കേറിയ റോഡിൽ പരിശീലനം പാടില്ലെന്ന നിയമം ലംഘിച്ച് അമിത വേഗത്തിലാണ് കാർ ഓടിച്ചത്. കാറിൽ ഡബിൾ ക്ലച്ച് സംവിധാനം ഉണ്ടായിരുന്നില്ല.
പരിശീലനം നടത്തുമ്പോൾ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട സൂചകങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥ സംഘം ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജുവിന് റിപ്പോർട്ട് നൽകി.
പലതവണ ബ്രേക്ക് ചവിട്ടിയിട്ടും കാർ നിന്നില്ലെന്നാണ് ഡ്രൈവർ വിഷ്ണു അപകട
സ്ഥലത്തുവച്ച് പൊലീസിനോടും മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. എന്നാൽ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററാണെന്നും വിഷ്ണുവിനു ഡ്രൈവിങ് നന്നായി അറിയില്ലെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.
വിഷ്ണുവിന് 2019ൽ ലൈസൻസ് ലഭിച്ചതിനെ കുറിച്ചും അന്വേഷണം നടന്നേക്കും. അവധി ദിവസമായതിനാലാണ് ഇന്നലെ രാവിലെ ഡ്രൈവിങ് പരിശീലനത്തിനായി ഇവർ കാറുമായി ഇറങ്ങിയത്.
പാറ്റൂർ –കണ്ണാശുപത്രി റോഡിൽ തിരക്ക് ഒഴിഞ്ഞ സമയമായതിനാൽ അവിടം മുതൽ കാർ അമിത വേഗതയിലായിരുന്നുവെന്നും ജനറൽ ആശുപത്രിക്ക് അടുത്ത് എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം വിട്ടതാണെന്നും പൊലീസ് പറഞ്ഞു.
ലൈസൻസ് സസ്പെൻഡ് ചെയ്യാൻറിപ്പോർട്ട് നൽകും
∙ ഡ്രൈവറുടെയും പരിശീലനം നൽകിയആളിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകും.
അന്വേഷണം പൂർത്തിയായ ശേഷം ഇന്നോ നാളെയോ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകുമെന്ന് കന്റോൺമെന്റ് അസി.കമ്മിഷണർ സ്റ്റുവർട്ട് കീലർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ട്രാൻസ്പോർട്ട് കമ്മിഷണറും
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു. കമ്മിഷണർ ജനറൽ ആശുപത്രിയിൽ ആന്റി റാബിസ് കുത്തിവയ്പ് എടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വേഗം പൊലീസിനെയും ആംബുലൻസിനെയും വിളിച്ചുവരുത്തിയതിന് പിന്നാലെ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും അദ്ദേഹം നേതൃത്വം നൽകി. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം കുത്തിവയ്പ് എടുക്കാനായി പോയത്. പിന്നീട് അപകട
സ്ഥലം വിശദമായി പരിശോധിക്കുകയും ചെയ്തു.
‘ഓട്ടം കുറവായതിനാൽ വണ്ടി ഒതുക്കാമെന്ന് പറഞ്ഞു ഷാഫി തിരിഞ്ഞതും കാർ വന്നിടിച്ചതും ഒരുമിച്ചായിരുന്നു. കാറിന്റെ ഡോർ ഭാഗം എന്റെ ഇടതു തോളിൽ ഇടിച്ചു.
പിന്നെ ഞാൻ കണ്ടത് ഷാഫിയും സുരേന്ദ്രനും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ്. കാർ ഭയങ്കര വേഗതയിലായിരുന്നു.
രാവിലെ ഓട്ടം കുറവായിരുന്നു. ഉച്ചവരെ നിൽക്കാമെന്ന് പറഞ്ഞ് ഞാനാണ് അവരെ പിടിച്ചു നിർത്തിയത്.
ആശുപത്രിക്കു മുൻപിൽ വർഷങ്ങളായി ഓട്ടോ ഓടുന്നവരാണ്. ഇവിടെ ഇതുവരെ ഇങ്ങനെയൊരു അപകടം ഉണ്ടായിട്ടില്ല.’
അപകടത്തിൽ നിസ്സാര പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുമാർ
‘പൂച്ചയുടെ കടിയേറ്റ് ചികിത്സ തേടി എത്തിയതായിരുന്നു.
സുഹൃത്ത് ആൻസിക്കൊപ്പം കടയിൽ നിന്നും ചായകുടിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഞങ്ങൾ റോഡ് കുറുകെ കടന്നു ആശുപത്രിയിലേക്ക് കയറിയതും പിന്നിലൂടെ കാർ പാഞ്ഞു പോയതും ഒരുമിച്ചായിരുന്നു.
രണ്ട് ചുവട് പിഴച്ചിരുന്നെങ്കിൽ കാർ ഇടിച്ചിടുമായിരുന്നു. കണ്ണടച്ചു തുറക്കും മുൻപ് എല്ലാം ഇടിച്ച് തെറിപ്പിച്ചു’.
തലനാരിഴയ്ക്കു രക്ഷപ്പെട്ട
കോവളം വെള്ളാർ സ്വദേശി സിന്ധു
‘ദൈവഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. ആശുപത്രിയിൽ നിന്നും വീട്ടിലേക്കു പോകാനായി ഓട്ടോ വിളിക്കാൻ സ്റ്റാൻഡിൽ പോയതായിരുന്നു.
അവിടെ നിന്ന ഓട്ടോഡ്രൈവർമാരോട് കൂലിയുടെ കാര്യത്തിൽ സംസാരിച്ചു തിരിഞ്ഞതും കാർ പാഞ്ഞ് കയറിയതും ഒരുമിച്ചായിരുന്നു. ഓട്ടോയ്ക്കു മുൻപിൽ നിന്ന മൂന്നു ഓട്ടോറിക്ഷ ഡൈവർമാരെയും എതിരെ ഒരുമിച്ചു നടന്നുവന്ന പെൺകൊച്ചിനെയും പയ്യനെയും കാർ ഇടിച്ചിട്ടു. ആ പെൺകൊച്ചും പയ്യനും തെറിച്ചു പോയി.
ഓട്ടോ ഡ്രൈവർമാരിൽ ഒരാൾക്ക് അനക്കമില്ലായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് 2 കുട്ടികളടക്കം 4 പേർ ഇവിടെ നിന്നിരുന്നു.
അവർ നടന്നു പോയതും കാർ വന്നതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിന് കുഞ്ഞുങ്ങൾക്ക് ഒന്നും പറ്റിയില്ല’
മുട്ടത്തറ സ്വദേശിനി ബേബി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]