
വെഞ്ഞാറമൂട്∙ ഡേറ്റിങ് ആപ് വഴി ഓൺലൈൻ കെണി ഒരുക്കി യുവാവിനെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി 3 പവൻ സ്വർണാഭരണം കവർന്ന കേസിൽ 4 പേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ കൊല്ലായിൽ പണിക്കൻവിള വീട്ടിൽ സുധീർ(24), മടത്തറ സത്യമംഗലം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ(19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക്(19), ചിതറ കൊല്ലായിൽ കോങ്കലിൽ പുത്തൻ വീട്ടിൽ സജിത്ത്(18) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പരാതിക്കാരൻ ആദ്യം യഥാർഥ സംഭവം മറച്ചു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു എന്നാണ് പരാതി നൽകിയത്.
ഇതിൽ സംശയം തോന്നിയ പൊലീസ് പരാതിക്കാരനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഡേറ്റിങ് ആപ് സംഭവം പുറത്തറിയുന്നത്.
ഓൺലൈൻ ഡേറ്റിങ് ആപ് ഉപയോഗിക്കുന്ന യുവാവിനെ വ്യാഴം രാത്രി സംഘം സൂത്രത്തിൽ വെഞ്ഞാറമൂടിനു സമീപം മുക്കുന്നൂർ ജംക്ഷനിലേക്ക് വിളിച്ചു വരുത്തി. തുടർന്നു കാറിൽ യുവാവിനെ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി പാർക്ക് ചെയ്തു.
ഈ സമയം കാറിൽ 2 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം അപരിചിതരെപ്പോലെ സംഘത്തിലെ മറ്റ് 2 പേർ കാറിൽ വന്നു കയറി പരാതിക്കാരനായ യുവാവിനെ മർദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുഖം മൂടിക്കെട്ടി കാറിൽ കൊണ്ടുപോയി.കാരേറ്റ്–പാലോട് റോഡിൽ പാലോടിന് സമീപം സുമതി വളവിൽ എത്തിച്ച് കാർ നിർത്തിയ ശേഷം ആഭരണം ഊരിയെടുക്കുകയും മർദിച്ച് അവശനാക്കി വിജനമായ സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു.
രക്ഷപ്പെട്ട് വെഞ്ഞാറമൂട്ടിൽ എത്തിയ യുവാവ് പിറ്റേ ദിവസം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമ്പോൾ കേസിലെ 4–ാം പ്രതിയെ വെള്ളിയാഴ്ച കുളത്തൂപ്പുഴയിൽ നിന്നും പിടികൂടി. കൂട്ടാളി പിടിയിലായതറിഞ്ഞ് കേസിലെ മറ്റു പ്രതികൾ 2 ബൈക്കുകളിലായി എറണാകുളത്തേക്ക് കടന്നു.
വെഞ്ഞാറമൂട് പൊലീസ് പ്രതികളുടെ ലൊക്കേഷൻ അടക്കം ഉള്ള വിവരങ്ങൾ ആലപ്പുഴ പൊലീസിനു കൈമാറി. ആലപ്പുഴ പുന്നപ്ര കഴിഞ്ഞുള്ള സ്ഥലത്തു നിന്നു ഹൈവേ പൊലീസ് പ്രതികളെ പിടികൂടി.യുവാവിൽ നിന്നും തട്ടിയെടുത്ത സ്വർണം 1–ാം പ്രതി സുധീർ കൊല്ലം ജില്ലയിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ 1.25 ലക്ഷം രൂപയ്ക്ക് പണയം വച്ചു.
ഒരു മാസത്തിനിടയിൽ സമാന സംഭവത്തിൽ ലക്ഷങ്ങൾ സംഘം തട്ടിയെടുത്തിട്ടുണ്ട്. തട്ടിയെടുത്ത തുകകൾ എല്ലാം സുധീറിന്റെ അക്കൗണ്ടിൽ ആണ് സൂക്ഷിക്കുന്നത്.
100ൽ അധികം ആളുകളെ ഇത്തരത്തിൽ തട്ടിപ്പിനു ഇരയാക്കിയിട്ടുണ്ട്. അപമാനം ഭയന്ന് ആരും പരാതി നൽകിയിട്ടില്ല.
മൊബൈൽ ഫോൺ വഴി സംസാരിക്കുന്നത് ഒഴിവാക്കി ആപ് വഴി സംസാരിച്ചത് കാരണം അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാക്കി.
പരാതിക്കാരന്റെ മൊബൈൽ ഫോൺ പ്രതികൾ വാങ്ങി അതിലെ വിവരങ്ങൾ മുഴുവൻ നശിപ്പിച്ചു. തുടർന്ന് സൈബർ ഫൊറൻസിക് വഴി ഫോണിലെ നഷ്ടപ്പെട്ട
വിവരങ്ങൾ വീണ്ടെടുത്ത ശേഷമാണ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തും.
ഡിവൈഎസ്പി എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽകലാം, സബ് ഇൻസ്പെക്ടർമാരായ സജിത്ത്, ഷാൻ, രാജു എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]