
ചിറ്റൂർ ∙ പുഴയിലെ ഒഴുക്കിൽപെട്ട വിദ്യാർഥികളിലൊരാളെ അഗ്നിരക്ഷാസേന ഉടൻ പുറത്തെടുത്തെങ്കിലും രണ്ടാമത്തെയാൾക്കു വേണ്ടി മണിക്കൂറുകളോളം തിരയേണ്ടി വന്നു.
നീന്തുന്നതിനിടെ അരുൺകുമാറാണു പാലത്തിന്റെ അടിയിലേക്ക് ആദ്യം ഒഴുകിപ്പോയത്. അൽപസമയത്തിനകം അതേഭാഗത്തേക്കു നീന്തിയെത്തിയ ഗൗതമും ഒഴുക്കിൽപെട്ടു.
നിലംപതിക്കു മുകളിലൂടെയടക്കം വെള്ളം ശക്തമായി ഒഴുകുന്നുണ്ടായിരുന്നെങ്കിലും അടിയിലേക്കു പോകാതെ ഗൗതം പരമാവധി പിടിച്ചുനിന്നു.അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണു ഗൗതമിനെ പുറത്തെടുത്തത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒഴുക്കു ശക്തമായതിനാലാണ് എട്ടോളം പേർ ചേർന്നു ഗൗതമിന്റെ കൈകളിൽ പിടിച്ചു പുറത്തേക്കെടുക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടത്.തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ ഇരുവരും ഒഴുക്കിൽപെട്ട ഭാഗത്തെ ഒഴുക്കു പലക വച്ചു തടസ്സപ്പെടുത്തി, പാലത്തിന്റെ മറുവശത്തുകൂടി അടിയിലേക്കു കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഏറെനേരം ഈ ഭാഗത്തു സേനാംഗങ്ങൾ തിരച്ചിൽ നടത്തിയ ശേഷം പുഴയിലെ മറ്റു ഭാഗങ്ങളിലേക്കു തിരച്ചിൽ വ്യാപിപ്പിച്ചു.
എന്നാൽ ഇതിനിടെ സമീപവാസിയായ രാജനെ അപകട സ്ഥലത്തേക്കു സുഹൃത്തുക്കൾ വിളിച്ചു വരുത്തി.
കുട്ടിക്കാലം മുതൽ പുഴയെ അടുത്തറിയുന്ന രാജൻ യുവാക്കൾ ഒഴുക്കിൽപെട്ട ഭാഗത്തേക്ക് ഇറങ്ങുകയായിരുന്നു.
പാലത്തിനടിയിലായി തൂണുകൾക്കു കുറുകെ സ്ഥാപിച്ച ഇരുമ്പു കമ്പിയിൽ അരുൺ കുമാറിന്റെ മൃതദേഹം തടഞ്ഞു നിൽക്കുന്നതായി രാജനാണ് അഗ്നിരക്ഷാ സേനാംഗങ്ങളെ അറിയിച്ചത്. തുടർന്ന് അരമണിക്കൂറോളം പണിപ്പെട്ടാണ് പാലത്തിനടിയിൽ നിന്നു മൃതദേഹം പുറത്തെടുത്തത്.
ഇതിനു മുൻപും പലതവണ ഒഴുക്കിൽപെട്ടവർക്കു രാജൻ രക്ഷകനായിട്ടുണ്ട്. പുഴയിലെ ഒഴുക്കിൽപെട്ടു മരിച്ച 2 പേരുടെ മൃതദേഹം കണ്ടെത്താനും രാജൻ സഹായിച്ചിട്ടുണ്ട്.മൃതദേഹങ്ങൾ ഇന്നു ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
പുതിയ ആശുപത്രിയിലെ ആദ്യ പോസ്റ്റ്മോർട്ടമാണ്.
വശ്യതയ്ക്കു പിന്നിൽ അപകടമൊളിപ്പിച്ച്
ചിറ്റൂർപുഴയും പരിസര പ്രദേശങ്ങളും കാണാൻ ഏറെ സുന്ദരമാണെങ്കിലും ആ സൗന്ദര്യത്തിനൊപ്പം അപകടങ്ങളും പതിയിരിക്കുന്നുണ്ട്. ഇന്നലെ രണ്ടു യുവാക്കൾ മരിച്ച സ്ഥലത്തു മുൻപും പല അപകട
മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണു മൂന്നു കിലോമീറ്റർ മാറി നറണി–ആലാംകടവ് തടയണയിൽ തമിഴ്നാട് സ്വദേശികളായ 2 കോളജ് വിദ്യാർഥികൾ ഒഴുക്കിൽപെട്ടത്.
അന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. അതേസ്ഥലത്തു തന്നെ മുൻപും സമാന രീതിയിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.അപകടത്തിൽപെടുന്നതിൽ ഏറെയും യുവാക്കളാണ്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോ കണ്ടാണു പലരും ഇങ്ങോട്ടെത്തുന്നത്. പുഴയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മലയാളത്തിലും ഇംഗ്ലിഷിലും തമിഴിലും എഴുതിയ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഇന്നലെ അപകടം നടന്ന സ്ഥലത്തെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
സമീപകാലത്തായി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോളജ് വിദ്യാർഥികൾ അവധിദിനങ്ങൾ ആഘോഷിക്കാൻ ചിറ്റൂർ ഭാഗത്തേക്കു വരുന്നതു പതിവായിട്ടുണ്ട്. അപകടം നിറഞ്ഞ സ്ഥലങ്ങൾ പരിചയമില്ലാത്തത് അവർക്കു വിനയാകുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കോളജുകളിൽ ബോധവൽക്കരണം നൽകാൻ തമിഴ്നാട്ടിലെ വിദ്യാഭ്യാസ മന്ത്രിക്കു കത്തു നൽകുമെന്നു കൃഷ്ണൻകുട്ടി പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, സിപിഎം ഏരിയ സെക്രട്ടറി ആർ.ശിവപ്രകാശ്, ചിറ്റൂർ–തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ.കവിത, കെഎസ്ഇബി ഡയറക്ടർ വി.മുരുകദാസ് എന്നിവരും ചിറ്റൂർ, മീനാക്ഷിപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]