
വാളയാർ ∙ ആറ്റുപ്പതിക്കാരുടെ നീണ്ട 50 വർഷത്തെ കാത്തിരിപ്പും പല തലമുറകളുടെയും സ്വപ്നവും ഒടുവിൽ സാഫലമായി.
വനപാതയിലൂടെയുള്ള ദുരിത യാത്രയ്ക്കു പരിഹാരമായി നിർമിച്ച ആറ്റുപ്പതി പാലം 19നു എ.പ്രഭാകരൻ എംഎൽഎ നാടിനു സമർപ്പിക്കും. വാളയാർ–കഞ്ചിക്കോട് മലനിരകൾക്കിടയിലൂടെ ഒഴുകുന്ന വറത്തോടിനും കുറുകെയാണ് ആറ്റുപ്പതി പാലവും ഇതിനൊപ്പമുള്ള റോഡും നിർമിച്ചത്.വാളയാർ മലയിൽ മഴ പെയ്താൽ തോട് കരകവിഞ്ഞ് ഒഴുകി ഒറ്റപ്പെടുന്ന ആറ്റുപ്പതി ഗ്രാമത്തെക്കുറിച്ച് ‘മലയാള മനോരമ’ ഒട്ടേറെ തവണ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതോടെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ വിഷയം എത്തി.
ഈ നിരന്തര ഇടപെടലും ജനപ്രതിനിധികളുടെയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമവുമാണ് പാലവും റോഡും യാഥാർഥ്യമാക്കിയത്.
വാർഡ് മെംബർ കെ.സിദ്ധാർഥന്റെ കഠിന പരിശ്രമവും എ.പ്രഭാകരൻ എംഎൽഎയുടെയും നിരന്തര ഇടപെടലും ഇതിനു ഗതിവേഗം നൽകി.
300 മീറ്ററിൽ 14 അടി വീതിയിൽ നിർമിച്ച പാലവും ഒന്നര കിലോമീറ്റർ റോഡും പൂർത്തിയായപ്പോൾ പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നം കൂടിയാണു സഫലമായത്.സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്ന് അനുവദിച്ച 2 കോടി രൂപയും നേരത്തെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 36 ലക്ഷം രൂപയും ചേർത്താണു പാലം നിർമിച്ചത്. പാലത്തിനായി നാട്ടുകാർ വികസന സമിതിയും സമരസമിതിയും രൂപീകരിച്ചു നടത്തിയ സമരവും പ്രയത്നവും ഇതോടെ ഫലം കണ്ടു.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗവും ഇന്നു സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറിയുമായ നിധിൻ കണിച്ചേരിയാണ് പാലത്തിനായി ആദ്യ ചുവടുവച്ചത്.
ടെൻഡർ നടപടികൾ നീണ്ടതും വനത്തിനുള്ളിലൂടെയുള്ള റോഡിനു വനംവകുപ്പിന്റെ അനുമതി വൈകിയതും ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ മുന്നിലെത്തി. എന്നാൽ എ.പ്രഭാകരൻ എംഎൽഎയും കെ.സിദ്ധാർഥനും ചേർന്ന് പ്രതിസന്ധികൾ ഓരോന്നായി പരിഹരിച്ച് ആദ്യം വനത്തിലൂടെയുള്ള റോഡിന്റെ നിർമാണം പൂർത്തിയാക്കി.
പിന്നീട് വന്യമൃഗ ശല്യത്തിൽ വലഞ്ഞ ഗ്രാമത്തിലുള്ളവരുടെ മുഴുവൻ ആശ്വാസമായി പാലവും. ആറ്റുപ്പതി പാലം ഉൾപ്പെടെ പുതുശ്ശേരി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കിയ വാർഡുകളിലൊന്നാണ് ആറ്റുപ്പതിയെന്നും വാർഡ് മെംബർ കെ.സിദ്ധാർഥൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]