
ചാരുംമൂട്∙ ഒൻപതു വയസ്സുകാരി സ്വന്തം പിതാവ് അൻസാറിൽ നിന്നും രണ്ടാനമ്മ ഷെഫീനയിൽ നിന്നും അനുഭവിച്ചതു ക്രൂര മർദനമാണെന്നു മന്ത്രി വി.ശിവൻകുട്ടി. കുട്ടിയോടു സംസാരിച്ചപ്പോൾ ഒരുപാടു കാര്യങ്ങൾ പറഞ്ഞു.
മർദനമേറ്റതും മാനസിക പ്രയാസങ്ങളും കുട്ടി പങ്കുവച്ചു. പലതും കേട്ടാൽ ഞെട്ടുന്ന അതിക്രമങ്ങളാണ്.
നമുക്കു തന്നെ വിഷമം തോന്നുന്ന കുറ്റകൃത്യമാണു നടന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോൾ അടുത്തു നിന്ന പിതൃമാതാവ് റസിയാമ്മയുടെ കണ്ണിൽനിന്നു കണ്ണുനീർ വാർന്നുകൊണ്ടിരുന്നു.
മോൾക്ക് എല്ലാവിധ സുരക്ഷയും അങ്കിളും സർക്കാരും ഒരുക്കി നൽകുമെന്നു മന്ത്രി എടുത്ത് പറഞ്ഞപ്പോൾ കുട്ടി തലകുലുക്കി സമ്മതിച്ചു. കുട്ടിയുടെ പിതൃമാതാവിനോടും മന്ത്രി തുടക്കം മുതലേയുള്ള സംഭവങ്ങൾ ചോദിച്ചു മനസ്സിലാക്കി.
മന്ത്രിക്കൊപ്പം സിപിഎം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാതയും ഉണ്ടായിരുന്നു.
വളരെ ദയനീയമായ അവസ്ഥയിലാണു കുട്ടിയുടെ കഥകൾ സുജാതയും കേട്ടിരുന്നത്.കുട്ടിയെ കണ്ടശേഷം പത്രസമ്മേളനം നടത്തിയ മന്ത്രി ഓരോ വാക്കുകൾക്കിടയിലും ഈ കുട്ടിയുടെ കാര്യം എടുത്തുപറഞ്ഞു. അതിക്രമങ്ങളും ദുരനുഭവങ്ങളും നേരിടുന്ന സ്കൂൾ വിദ്യാർഥികളെ കണ്ടെത്താനും അവർക്കു സംരക്ഷണം നൽകാനും ലക്ഷ്യമിടുന്ന സുരക്ഷാമിത്രം പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
മുഖത്തടിച്ചത് കുട്ടിയുടെ പിതാവ്
ചാരുംമൂട്∙ നാലാം ക്ലാസുകാരിയുടെ കവിളിൽ അടിച്ചതു പിതാവ് അൻസാറാണെന്ന് ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ.
പുതിയ വീട്ടിലേക്കു മാറിയതിനു ശേഷമുള്ള ചില നിയന്ത്രണങ്ങളാണു മർദനത്തിനു കാരണമായത്. 5നു രാത്രി 11.30നു ജനൽ വാതിൽ തുറന്നതിനുള്ള ദേഷ്യത്തിൽ കുട്ടിയുടെ ഇരുകവിളത്തും അടിക്കുകയായിരുന്നു.
നോട്ടുബുക്കിലെ എഴുത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ബാലനീതി ആക്ട് പ്രകാരവും അടിച്ചതിനു വേറെയും കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതടക്കം ഏഴ് കേസുകളിൽ അൻസാർ പ്രതിയാണ്.ഈ കേസിൽ വിചാരണ നേരിടുകയാണ്.
ലഹരി ഉപയോഗിക്കുന്ന അൻസാർ മയക്കുമരുന്ന് കേസിലും പ്രതിയായി റിമാൻഡിലായിട്ടുണ്ടെന്നും മോഹനചന്ദ്രൻ പറഞ്ഞു.കുട്ടി സ്കൂളിൽ നിന്നെത്തിയാൽ കോളിങ് ബെൽ അടിക്കരുത്, ശുചിമുറിയിൽ കയറരുത്, വിളിച്ചാൽ ഉടൻ കേൾക്കണം തുടങ്ങി കുട്ടിയുടെ സ്വാതന്ത്ര്യം ഏറെക്കാലമായി നിയന്ത്രിച്ചിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടിയോട് അൻസാറിനും ഷെഫിനയ്ക്കും സ്നേഹമുണ്ടായിരുന്നില്ലെന്നാണ് ഇരുവരുടെയും സംസാരത്തിൽ നിന്നു മനസ്സിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബാലനീതി വകുപ്പ് പ്രകാരം കുട്ടിയെ ദേഹോപദ്രവം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
3 വർഷംവരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
സ്കൂളിലെ മിടുമിടുക്കിയെന്ന് അധ്യാപകർ
ചാരുംമൂട് ∙ സ്കൂളിലെ മിടുമിടുക്കിയാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതയ്ക്ക് ഇരയായതെന്ന് അധ്യാപകർ. പരീക്ഷകൾക്കു 100% മാർക്കു നേടിയിരുന്ന വിദ്യാർഥിയായിരുന്നെന്നു ക്ലാസ് ടീച്ചർ പി.അശ്വതി പറഞ്ഞു.
ഒരാഴ്ച മുൻപു കാലിലെ പാട് കണ്ടു ചോദിച്ചപ്പോൾ രണ്ടാനമ്മ അടിച്ചതാണെന്നു കുട്ടി പറഞ്ഞിരുന്നു. ഉടൻതന്നെ പ്രധാനാധ്യാപികയെ വിവരം അറിയിച്ചു.
അവർ കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിൽ എത്തണമെന്നു നിർദേശിച്ചെങ്കിലും ആരും വന്നില്ല. അടികൊണ്ട
പാടുമായി ക്ലാസിലെത്തിയ അന്നും ക്വിസ് മത്സരത്തിൽ മുന്നിൽ നിന്നത് ഈ കുട്ടിയാണ്.
ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ആ വിഷമം പുറത്തു കാണിക്കാറില്ലായിരുന്നു. 6നു രാവിലെ ബസിൽ വന്നപ്പോൾ ആയയാണു കുട്ടിയുടെ മുഖം തടിച്ചു വിരൽപാടുകൾ പതിഞ്ഞതായി കണ്ടത്.
ആയ ചോദിച്ചപ്പോൾ ബസിൽവച്ച് കരഞ്ഞുകൊണ്ട് കുട്ടി തനിക്കുണ്ടായ മർദനദുരിതം പറഞ്ഞു. ഇവർ ക്ലാസ് ടീച്ചറോടും പ്രധാനാധ്യാപികയോടും വിവരം ധരിപ്പിച്ചെന്നും അശ്വതി പറഞ്ഞു. ഓടിയെത്തിയ പ്രധാനാധ്യാപിക കുട്ടിയുടെ മുഖം കണ്ടു കെട്ടിപ്പിടിച്ചു കരയുകയാണുണ്ടായത്.
തുടർന്നു മാനേജ്മെന്റ്, പിടിഎ, ശിശുക്ഷേമ സമിതി എന്നിവിടങ്ങളിൽ വിവരം അറിയിക്കുകയായിരുന്നെന്നും അശ്വതി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]