
തിരുവനന്തപുരം ∙ അമ്പൂരിയിൽ കാട്ടുപന്നിക്കു വച്ച കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വച്ചു പിടികൂടിയ മൂന്നര വയസ്സുള്ള പെൺ പുലി ചത്തു. ആന്തരിക രക്തസ്രാവവും തുടർന്നുള്ള ഹൃദയാഘാതവുമാണു മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ അറിയിച്ചു.
വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.മയക്കുവെടി വച്ച ശേഷം നെയ്യാർ ലയൺ സഫാരി പാർക്കിൽ നിരീക്ഷണത്തിലായിരുന്ന പുലി ഇന്നലെ രാവിലെയാണ് ചത്തത്.പതിനെട്ട് മണിക്കൂറിലേറെ പുലി കെണിയിൽ കുരുങ്ങിക്കിടന്നെന്നാണ് നിഗമനം. 2 വാരിയെല്ലുകൾ ഒടിഞ്ഞ് കമ്പി തറച്ച നിലയിലായിരുന്നു. വൃക്ക, കരൾ എന്നിവയ്ക്ക് സാരമായ മുറിവേറ്റു. ഉദര ഭാഗത്താണ് കൂടുതൽ പരുക്ക്.
കഴുത്തിലും വയറിലും കാലിലും മുറിവേറ്റ് രക്തം വാർന്നതും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി അറിയുന്നു.
ലോഹകഷണം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. 6 മുതൽ 12 മണിക്കൂർ മുൻപാണ് മരണം സംഭവിച്ചതെന്നും കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കമ്പിയും കാട്ടുവള്ളിയും മുറുകി പുലിയുടെ കഴുത്തിലും വയറിലും കാലിലും ഉൾപ്പെടെ പരുക്കുകൾ ഉണ്ടായി.
ഇതാണ് ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്കേൽപ്പിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം.അമ്പൂരി പഞ്ചായത്തിലെ തൊടുമല കാരിക്കുഴി കോഴിക്കണ്ടം മലയുടെ അടിവാരത്ത് കാരിക്കുഴി സ്വദേശി ടി.ഷൈജുവിന്റെ പുരയിടത്തിൽ വെള്ളി രാവിലെ ഏഴോടെയാണ് പുലിയെ കണ്ടെത്തിയത്. കൃഷിഭൂമിയുടെ അതിർത്തിയിൽ കെട്ടിയിരുന്ന കമ്പിയിലും കാട്ടുവള്ളിയിലും കുരുങ്ങിയ നിലയിലായിരുന്ന പുലിയെ മയക്കുവെടി വച്ചാണ് വീഴ്ത്തിയത്.
ഷൈജുവും സമീപത്ത് താമസിക്കുന്ന അമ്മാവൻ സുരേഷും ഉൾപ്പെടെ 2 പേർ പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പുലിയുടെ ജഡം ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് കമ്മിറ്റി രൂപീകരിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോസ്റ്റ്മോർട്ടം തുടങ്ങി. ഒന്നരയ്ക്കാണ് അവസാനിച്ചത്. ആന്തരികാവയവങ്ങളുടെ സാംപിളുകൾ പാലോടുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് ലാബിലേക്ക് അയയ്ക്കും.പുലിയുടെ ജഡം സംസ്കരിച്ചു.
പുലിയുടെ മരണത്തിൽ വനം വകുപ്പ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് റിപ്പോർട്ട് സംസ്ഥാന വനം വകുപ്പ് വിശദമായ റിപ്പോർട്ട് നാളെ നൽകുമെന്നാണ് അറിയുന്നത്. സംഭവം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നാണ് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.ആരാണ് കെണി വച്ചത് എന്നതിനേക്കുറിച്ചും അന്വേഷണം തുടങ്ങി.
അതിനിടെ സ്ഥലത്തെ കർഷകരെ കേസിൽ കുടുക്കാനാണു ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
പുലിയെ തൊട്ടാൽ പുലിവാലു പിടിക്കും
വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ 1ൽ (അതിതീവ്ര സംരക്ഷണ വിഭാഗം) ഉൾപ്പെട്ട ജീവിയാണ് പുലി.
വംശനാശ ഭീഷണി നേരിടുന്നതിനാലാണ് ഇവയെ ഷെഡ്യൂൾ വൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് നേരെയുള്ള മനുഷ്യന്റെ ആക്രമണം വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.പുലി ചാകാൻ ഇടയായാൽ കേസ് റജിസ്റ്റർ ചെയ്ത് വിശദമായി അന്വേഷണം നടത്തുകയാണ് വനം വകുപ്പ് ചെയ്യുക. ഒന്നിലധികം ആളുകൾ ചേർന്നാണോ ആക്രമണം നടത്തിയത്, പിന്നിലെ കാരണം, സാക്ഷിമൊഴികൾ, സാഹചര്യത്തെളിവുകൾ എന്നിവ വിശദമായി അന്വേഷിച്ചശേഷം, സ്വജീവൻ രക്ഷിക്കാൻ വേണ്ടിയാണ് വന്യ ജീവിയെ കൊന്നതെന്ന് തെളിഞ്ഞാൽ മാത്രമേ കേസിൽ നിന്ന് ഒഴിവാക്കൂ.
ഈ അന്വേഷണ പ്രക്രിയ പൂർത്തിയാകാൻ മാസങ്ങളെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]