
കോഴിക്കോട് ∙ ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയെ ചവിട്ടിവീഴ്ത്തി പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നു. പരുക്കേറ്റ തൃശൂർ തലോർ വൈക്കാടൻ ജോസിന്റെ ഭാര്യ അമ്മിണി (64) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലെത്തി.
ഇന്നലെ പുലർച്ചെ നാലരയോടെ സമ്പർക്കക്രാന്തി എക്സ്പ്രസിലായിരുന്നു സംഭവം. എസ് വൺ കംപാർട്മെന്റിലായിരുന്ന അമ്മിണിയെ ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനടുത്ത് എത്താറായപ്പോഴാണു മോഷ്ടാവ് തള്ളിയിട്ടത്.
ഒപ്പമുണ്ടായിരുന്ന സഹോദരൻ വരന്തരപ്പിള്ളി വെണ്ണാട്ടുപറമ്പിൽ വർഗീസ് ശുചിമുറിയിലേക്കു പോയ സമയത്ത് അമ്മിണി വാതിലിനു സമീപം നിൽക്കുമ്പോഴാണ് 35 വയസ്സു തോന്നിക്കുന്നയാൾ ബാഗ് പിടിച്ചു പറിച്ചത്.
എതിർക്കാൻ നോക്കിയതോടെ പുറത്തേക്കു ചവിട്ടി വീഴ്ത്തുകയായിരുന്നു. മോഷ്ടാവും പുറത്തേക്കു വീണെങ്കിലും ബാഗുമായി കടന്നുകളഞ്ഞു.
ട്രാക്കുകൾക്കിടയിലേക്കു വീണതിനു തൊട്ടു പിന്നാലെ തൊട്ടടുത്ത ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയതായും ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ബന്ധുക്കൾ പറഞ്ഞു. ഒരു യാത്രക്കാരൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതോടെ വർഗീസും ടിടിഇയും മറ്റു യാത്രക്കാരും ഇറങ്ങി.
പാളത്തിൽ വീണ അമ്മിണിയുടെ തല പൊട്ടി രക്തം വന്നിരുന്നു. റെയിൽവേ പൊലീസും സ്ഥലത്തെത്തി.
അമ്മിണിയെയും വർഗീസിനെയും ഈ ട്രെയിനിൽ തന്നെ തിരൂർ സ്റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് അവിടെ ഗവ.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് സ്കാനിങ് ഉൾപ്പെടെ പരിശോധനകൾക്കു വിധേയമാക്കി. തലയിൽ തുന്നലിട്ടിട്ടുണ്ട്. 8500 രൂപയും മൊബൈൽ ഫോണും ആധാർ കാർഡുമാണ് ബാഗിൽ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു.
കേസെടുത്ത റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]