
തളിപ്പറമ്പ് ∙ കണ്ണൂർ ഭാഷാഭേദ നിഘണ്ടു തയാറാക്കിയ അധ്യാപകൻ ഗോത്രഭാഷാഭേദ നിഘണ്ടുവിന്റെ പണിപ്പുരയിൽ. സർ സയിദ് കോളജ് ഹിന്ദി വിഭാഗം അധ്യാപകൻ ഡോ.വി.ടി.വി.മോഹനനാണ് മാവില ഗോത്രവർഗ ഭാഷാഭേദ നിഘണ്ടു തയാറാക്കുന്നത്.
ലോക ഗോത്രവർഗ ദിനമാണ് ഇന്ന് (09).
കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലാണ് മാവിലർ എന്ന ആദിമ ഗോത്രവിഭാഗം താമസിക്കുന്നത്. പ്രാചീന ഭാഷകളിലൊന്നായ മർക്കോളി തുളു സംസാരിച്ചിരുന്ന മാവില സമുദായാംഗങ്ങൾ നിലവിൽ മലയാള മിശ്രിത തുളു ഭാഷയാണ് സംസാരിക്കുന്നതെന്ന് ഡോ.വി.ടി.വി.മോഹനൻ പറയുന്നു.
ഈ ഭാഷയ്ക്കു പ്രത്യേക ലിപിയില്ല.
കാസർകോട് ജില്ലയിലെ മലയോര മേഖലകളായ എളേരി, ബളാൽ, കള്ളാർ, പനത്തടി കുറ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ പഴയ ജീവിതരീതിയെയും സമ്പ്രദായങ്ങളെയും ഏറെക്കുറെ പിന്തുടർന്നു വരുന്നുണ്ട്. പക്ഷേ, കണ്ണൂർ ജില്ലയിൽ താമസിക്കുന്ന മാവിലർ മലയാളമാണു സംസാരിക്കുന്നത്.
തുളു ഭാഷയിൽ നിക്കറ് എന്നു പറഞ്ഞാൽ നിങ്ങൾ എന്നാണ് അർഥം.
പൂതറ് എന്നു ചോദിച്ചാൽ പേര് ചോദിച്ചതാണെന്നും മനസ്സിലാക്കുക. വസ്ത്രത്തിനു ചീരെ എന്നും പെൺകുട്ടിക്ക് ജിക്കൾ എന്നും പശുക്കിടാവിന് കൈക്കഞ്ചി എന്നും കല്യാണത്തിന് മദൂമ്മൈ എന്നും പറയുമ്പോൾ ഭർത്താവിനെ വിളിക്കുന്നത് മെറെ എന്നാണ്.
തൂ എന്ന് പറഞ്ഞാൽ തീ എന്നാണ് അർഥമാക്കുന്നത്.
മുവായിരത്തോളം വാക്കുകളാണ് മോഹനൻ മാവില നിഘണ്ടുവിൽ തയാറാക്കുന്നത്. ഒരു വർഷത്തോളമായി ഗോത്രവർഗക്കാർക്കിടയിലെ പ്രായമായവരെ നേരിൽ സന്ദർശിച്ചു വരികയാണ് ഡോ.മോഹനൻ.
എന്നാൽ പുതിയ തലമുറയ്ക്കും പരമ്പരാഗത ഭാഷയെക്കുറിച്ച് കാര്യമായ അറിവില്ല.
ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത കലാരൂപങ്ങളായ മംഗലംകളി, എരുത് കളി എന്നിവയുടെ തുളു ഭാഷയിലുള്ള പാട്ടുകളും ശേഖരിക്കുന്നുണ്ട്. ഈ വർഷം തന്നെ നിഘണ്ടു പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മോഹനൻ പറഞ്ഞു. പ്രമുഖ സാഹിത്യകാരൻമാരുടെ പ്രശസ്ത കൃതികൾ മലയാളത്തിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റിയിട്ടുണ്ട് പിലാത്തറ പുത്തൂർ സ്വദേശിയായ ഡോ.വി.ടിവി.മോഹനൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]