
കൽപറ്റ ∙ പഴയ പ്രതാപമില്ലെങ്കിലും 40–ാം വർഷത്തിലേക്ക് വളയം തിരിക്കുകയാണ് വയനാട് ജില്ലാ പട്ടികജാതി- പട്ടികവർഗ സഹകരണ സംഘം നടത്തുന്ന പ്രിയദർശിനി ട്രാൻസ്പോർട്ട് ബസ് സർവീസ്. ഒരു കാലത്ത് വയനാടൻ റോഡുകളിൽ പേരുകേട്ട
പ്രിയദർശിനി ബസുകൾ ഇപ്പോഴും മൂന്നെണ്ണം നിരത്തിലുള്ളപ്പോൾ മറ്റ് 13 ജില്ലകളിലും സർവീസ് അവസാനിപ്പിച്ചു. മാനന്തവാടി- കോഴിക്കോട്, മാനന്തവാടി– ബത്തേരി, മാനന്തവാടി- വാളാട് റൂട്ടുകളിലാണ് 3 പ്രിയദർശിനി ബസുകളുടെ ഓട്ടം.
1985 ൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികജാതി-പട്ടികവർഗ സഹകരണ ട്രാൻസ്പോർട്ട് സംഘം പിറ്റേ വർഷമാണ് ബസുകൾ വാങ്ങി സർവീസ് തുടങ്ങിയത്. വയനാട്ടിൽ മാനന്തവാടി–ബത്തേരി റൂട്ടിൽ തുടക്കംകുറിച്ച പ്രിയദർശിനി ബസ് പിന്നീട് ഈ റൂട്ട് കുത്തകയാക്കി.
ആളുകൾ ബസിനായി കാത്തുനിന്ന അക്കാലത്ത് വളർച്ചയുടെ ടോപ് ഗിയറിൽ ഓടിയ സംഘം ബസുകളുടെ എണ്ണം കൂട്ടി. 2016 ൽ അത് എട്ട് വരെയായി.
പനമരം- മാനന്തവാടി, മാനന്തവാടി- നിരവിൽപുഴ റൂട്ടിലൊക്കെ നിറയെ യാത്രക്കാരുണ്ടായിരുന്നു.
കലക്ടർ ചെയർമാനും സബ് കലക്ടർ എംഡിയുമായുള്ള സംഘത്തിന്റെ ബസുകൾ കെഎസ്ആർടിസി, സ്വകാര്യ ബസ് പണിമുടക്കുള്ള ദിവസങ്ങളിലും പ്രത്യേക നിർദേശപ്രകാരം ഓടി. അന്നത്തെ കലക്ടറുടെ നിർദേശമനുസരിച്ചു വയനാട്ടിലെ ആദിവാസികളെ ശബരിമലയ്ക്ക് കൊണ്ടുപോയത് സംഘം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.ഒ.
തോമസ് ഓർത്തെടുക്കുന്നു.
‘ശബരിമലയ്ക്കു പുറമേ, കൊട്ടിയൂരിലേക്കും വള്ളിയൂർക്കാവിലേക്കും മാഹി പള്ളി പെരുന്നാളിനുമെല്ലാം പ്രത്യേക സർവീസ് നടത്തിയിരുന്നു’ അദ്ദേഹം പറഞ്ഞു. 2012 ൽ സംഘം ടൂറിസ്റ്റ് ബസുകളും ഇറക്കി.
എന്നാൽ നിരത്തുകളിൽ കൂടുതൽ ബസ് സർവീസുകൾ വന്നതോടെ മത്സരം കടുത്തതും ഡീസൽ വില വർധനയും സ്പെയർ പാർട്സുകളുടെ വിലയിലെ ഗണ്യമായ വർധനയും തിരിച്ചടിയായി. എന്നിട്ടും മറ്റ് ജില്ലകളിലേത് പോലെ അടച്ചുപൂട്ടാൻ സംഘം തയാറായില്ല.
ഒരു വർഷമായി തൊഴിലാളികൾക്ക് തന്നെ പാട്ടത്തിനു നൽകിയാണ് പ്രിയദർശിനി ബസുകൾ ഓടുന്നത്. നിലവിൽ 3 ബസുകളിലായി 18 തൊഴിലാളികളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]