
മാവേലിക്കര ∙ നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദർശ് ഭവനിൽ അമ്പിളി (36) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സുനിൽ കുമാർ (46), സുഹൃത്ത് മറ്റപ്പള്ളി ഉളവുക്കാട് ശ്രീരാഗ് ഭവനം വീട്ടിൽ ശ്രീലത (53) എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.
ശിക്ഷ 12നു വിധിക്കും. 2018 മേയ് 27നാണ് വീടിന്റെ സ്റ്റെയർകെയ്സിന് അടിയിലുള്ള ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ അമ്പിളിയെ കണ്ടെത്തിയത്.
ശ്രീലതയ്ക്കൊപ്പം ജീവിക്കുന്നതിനായി അമ്പിളിയെ ആക്രമിച്ചു ബോധം കെടുത്തിയ ശേഷം സുനിൽ കുമാർ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണു കേസ്.
ശ്രീലതയുടെ പ്രേരണയിലാണു കൊലപാതകം ചെയ്തതെന്നും കണ്ടെത്തിയിരുന്നു. സുനിൽ മരംവെട്ട് തൊഴിലാളിയാണ്.
ഇരുവരും കുറ്റക്കാരാണെന്ന് അഡിഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി പി.ജി.ശ്രീദേവി വിധിച്ചു. സുനിൽ കുമാറിനെതിരെ കൊലപാതകം, മാരകമായി ദേഹോപദ്രവം ഏൽപിക്കൽ, ശ്രീലതയ്ക്കെതിരെ കൊലപാതകം, പ്രേരണക്കുറ്റം എന്നിവയാണു ചുമത്തിയിരിക്കുന്നത്. നൂറനാട് എസ്ഐ വി.ബിജു റജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര എസ്എച്ച്ഒ ആയിരുന്ന പി.ശ്രീകുമാർ അന്വേഷിച്ചാണു കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.
കേസിന് വഴിത്തിരിവായി കഴുത്തിലെ കുരുക്ക്
മാവേലിക്കര∙ അമ്പിളിയെ തൂക്കാൻ കഴുത്തിൽ കെട്ടിയ കെട്ട് സുനിലിനു കുരുക്കായെന്നു പ്രാഥമിക ഘട്ടത്തിൽ അന്വേഷണം നടത്തിയ അന്നത്തെ നൂറനാട് എസ്ഐ വി.ബിജു പറഞ്ഞു. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലാതിരുന്ന കേസിൽ സുനിൽ അമ്പിളിയുടെ കഴുത്തിൽ കയർ ഉപയോഗിച്ചു കെട്ടിയ കുരുക്കാണു പൊലീസിനു പിടിവള്ളിയായത്.
തടി വലിക്കാൻ ഉപയോഗിക്കുന്ന വടംകെട്ടുന്ന കയറാണ് അമ്പിളിയുടെ കഴുത്തിൽ കാണപ്പെട്ടത്. സാധാരണ ആത്മഹത്യ ചെയ്യുന്നവരുടെ രീതിയിലായിരുന്നില്ല കഴുത്തിലെ കുരുക്ക്.
മരംവെട്ടു തൊഴിലാളിയായ സുനിൽ തടിയിൽ കെട്ടുന്ന മാതൃകയിൽ ആയിരുന്നു അമ്പിളിയുടെ കഴുത്തിൽ കയർ കെട്ടിയത്. ഈ കെട്ടാണു സംശയത്തിന് ഇടയാക്കിയത്.
അമ്പിളിയെ കെട്ടിത്തൂക്കിയ ശേഷം വീടിനു സമീപത്തുള്ള കടയിൽ പോയി തിരികെയെത്തിയ സുനിൽ മരണം ഉറപ്പിച്ചു.
തുടർന്ന് സമീപവാസിയായ സ്ത്രീയോട് അമ്പിളി തൂങ്ങി മരിച്ചതായി പറഞ്ഞു. സമീപത്തുള്ളവരുടെ സഹായത്തോടെ അമ്പിളിയെ കെട്ടഴിച്ച് ഇറക്കി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ഡോക്ടർ നേരിട്ട് സംഭവസ്ഥലം പരിശോധിച്ചു.
സുനിൽ വീടിനുള്ളിൽ കയറി കതക് അടയ്ക്കുന്നത് അയൽവാസി കണ്ടിരുന്നു. ഇയാൾ കേസിലെ പ്രധാന സാക്ഷിയായി.
ഒളിവിൽ പോയ രണ്ടാംപ്രതി ശ്രീലതയെ സംഭവത്തിനു ദിവസങ്ങൾക്കു ശേഷം തെക്കേക്കര പല്ലാരിമംഗലത്തെ ബന്ധുവീട്ടിൽ നിന്നും പിടികൂടി. സാക്ഷികളിൽ പലരും കൂറുമാറിയെങ്കിലും പ്രധാന സാക്ഷികളുടെ ശക്തമായ മൊഴി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിലേക്കു നയിച്ചു.
ബിജു നിലവിൽ കരുനാഗപ്പള്ളി എസ്എച്ച്ഒ ആണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]