
പൊഴുതന ∙ കുറിച്യർമല ഉരുൾപൊട്ടലുണ്ടായി 7 വർഷം തികയുമ്പോഴും ദുരിതം വിട്ടൊഴിയാതെ കുടുംബങ്ങൾ. ഏറെ അപകട
സാധ്യത നിലനിൽക്കുന്ന ഇടങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഇപ്പോഴും പുനരധിവാസം സാധ്യമായിട്ടില്ല. അപകട
മേഖലയിൽ നിന്ന് മാറിത്താമസിക്കാൻ അനുവദിച്ച തുക ഉപയോഗിച്ച് സ്ഥലം വാങ്ങി വീട് പണി തുടങ്ങി പണം തികയാതെ പാതി വഴി മുടങ്ങിയവരും ഏറെ.
ജീവിതത്തിലെ അധ്വാനത്തിന്റെ മുഴുവൻ തുകയും സ്വരുക്കൂട്ടി വാങ്ങിയ സ്ഥലം ഉരുളിൽ നഷ്ടമായതിനെത്തുടർന്നു നഷ്ടപരിഹാരത്തിനു വേണ്ടി ഓഫിസ് കയറിയിറങ്ങുന്ന സാധാരണക്കാരുമുണ്ട്.2018 ഓഗസ്റ്റ് 8നാണ് കുറിച്യർമലയിൽ വൻ ഉരുൾപൊട്ടലുണ്ടായത്. മലയിൽ നിന്ന് ഉരുൾ പൊട്ടി അച്ചൂർ നാലാം നമ്പർ പ്രദേശം വരെ സംഭവിച്ച ഒഴുക്കിൽ 45.5 ഹെക്ടർ സ്ഥലം പൂർണമായി നശിച്ചു.
കുറിച്യർമല എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള 42.5 ഹെക്ടറും പ്രദേശവാസികളുടെ 13 ഹെക്ടർ സ്ഥലവും ആണ് അന്ന് ഉരുൾ കൊണ്ടു പോയത്.
13 വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. കുറിച്യർമലയ്ക്കു പുറമേ സമീപ പ്രദേശമായ മേൽമുറി, പുതിയറോഡ് ഭാഗങ്ങളെയും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു.
തുടർന്ന് ഇവിടെ നടന്ന പരിശോധനയിൽ ഒട്ടേറെ പ്രദേശങ്ങൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തി.
എവിടെയുമെത്താതെ പുനരധിവാസം
സ്ഥലവും വീടും ഒരുക്കുന്നതിന് 10 ലക്ഷം രൂപ നൽകി 67 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. എന്നാൽ ഉരുൾപൊട്ടലുണ്ടായതിന്റെ സമീപ പ്രദേശത്ത് ഇപ്പോഴും 11 കുടുംബങ്ങൾ അപകട
ഭീതിയിൽ കഴിയുന്നു. ശക്തമായ മഴ പെയ്യുമ്പോൾ ഏറെ ആധിയോടെ കഴിയുകയാണ് ഇവർ.
പുനരധിവാസത്തിനുള്ള പട്ടികയിൽ ഇവർ ഉൾപ്പെട്ടിട്ടില്ല.
മഴക്കാലം വരുമ്പോൾ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുകയാണ് അധികൃതർ ചെയ്യുന്നത്.എന്നാൽ മതിയായ നഷ്ടപരിഹാരം നൽകി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഇഴയുകയാണ്.ഇതിനോടുള്ള പ്രതിഷേധമായാണ്, താൽക്കാലികമായി മാറാൻ കൂട്ടാക്കാതെ ഇവിടെ തന്നെ താമസിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പുനരധിവാസത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്താമെന്ന് 2022ൽ തഹസിൽദാർ രേഖാ മൂലം നൽകിയ ഉറപ്പും പാലിക്കാതെ വന്നതോടെയാണ് തുടർന്നുള്ള വർഷങ്ങളിൽ ദുരന്തമേഖലയിലെ കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇവരെക്കൂടാതെ ഈ മേഖലയിലെ 10 കുടുംബങ്ങൾ ഇവിടെ നിന്ന് ബന്ധു വീടുകളിലേക്കും മറ്റും താമസം മാറിയിട്ടുണ്ട്. ഇവരും പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടാനുള്ളവരാണ്. എന്നാൽ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ആനുകൂല്യം ഇല്ലാതെ സ്ഥലമുടമകൾ
വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ ലഭിച്ചെങ്കിലും സ്ഥലം മാത്രം ഉള്ളവർക്ക് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല.
എസ്റ്റേറ്റ് തൊഴിലാളികളായ സാധാരണക്കാരാണ് ഇവരിലേറെയും. എസ്റ്റേറ്റിൽ നിന്ന് ലഭിച്ച വിരമിക്കൽ ആനുകൂല്യങ്ങളും തൊഴിൽ ചെയ്ത കൂലിയും സ്വരുക്കൂട്ടി വാങ്ങിയ ഒരു ആയുസിലെ മുഴുവൻ സമ്പാദ്യവും നഷ്ടമായവരേറെ.
ഇതിനു വേണ്ടി ഒട്ടേറെ നിവേദനങ്ങളും പരാതികളും സമർപ്പിച്ചെങ്കിലും ഒന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.
എങ്ങുമെത്താതെ സ്കൂൾ നിർമാണം
പ്രദേശത്തെ ഏക വിദ്യാലയം ആയ കുറിച്യർമല എൽപി സ്കൂളും ഉരുൾപൊട്ടലിൽ പൂർണമായും ഉപയോഗ ശുന്യമായിരുന്നു. തുടർന്ന് മേൽമുറി മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
സ്കൂളിനു വേണ്ടി സ്ഥലം വാങ്ങൽ അടക്കമുള്ള നടപടികൾ വിവാദങ്ങളിൽ മുങ്ങിയതോടെ നടപടികൾ വൈകി. എന്നാൽ നിലവിൽ കെട്ടിടം നിർമാണത്തിന് സ്ഥലം വാങ്ങുകയും കെട്ടിടം പണിയുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായും അധികൃതർ അറിയിച്ചു.
പ്രദേശം കയ്യടക്കി വന്യ മൃഗങ്ങൾ
ഉരുൾ പൊട്ടൽ സംഭവിച്ചതിനെത്തുടർന്ന് ഒട്ടേറെ കുടുംബങ്ങൾ ഇവിടം വിട്ടു പോയി.
പ്രദേശം വന്യ മൃഗങ്ങൾ കയ്യടക്കിയതോടെ ശേഷിക്കുന്ന കുടുംബങ്ങൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കാട്ടാനയുടെ ആക്രമണങ്ങളിൽ ആളുകൾക്ക് പരുക്കേൽക്കുന്നതും കൃഷി നശിക്കുന്നതും പതിവായി.
ആളുകൾ ഒഴിവായ സ്ഥലങ്ങളിൽ കാട് മൂടിയതാണു വന്യ മൃഗ ശല്യം വർധിക്കാൻ കാരണം. പ്രകൃതി സൗന്ദര്യമുള്ള പ്രദേശത്ത് ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അതും എങ്ങുമെത്തിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]