
ഒറ്റപ്പാലം∙ വാണിയംകുളം, ഷൊർണൂർ മേഖലകളെ വിറപ്പിച്ച മഴയെച്ചൊല്ലി ആശയക്കുഴപ്പം. മേഖലയിൽ എവിടെയും അംഗീകൃത മഴമാപിനി ഇല്ലെന്നിരിക്കെ ലഭിച്ച മഴയുടെ അളവു തിരിച്ചറിയാൻ ദുരന്ത നിവാരണ അതോറിറ്റിക്കു പോലും കഴിഞ്ഞിട്ടില്ല.
മേഖലയിൽ ഒറ്റപ്പാലം താലൂക്ക് ഓഫിസിൽ മാത്രമാണ് അംഗീകൃത മഴമാപിനിയുള്ളത്. ഇതാണു താലൂക്കിൽ ലഭിക്കുന്ന മഴയുടെ അളവായി പരിഗണിക്കാറുള്ളത്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ് അറിയാൻ മറ്റു സംവിധാനമില്ല.
ഇന്നലെ ഒറ്റപ്പാലത്തു മഴ ശക്തമായിരുന്നില്ല എന്നിരിക്കെ ശരാശരി കണക്കു പോലും ലഭ്യമായിട്ടില്ല.
ഷൊർണൂരിലെ സർക്കാർ സ്കൂളിൽ മഴമാപിനി ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ലെന്നാണു റവന്യു വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം രാവിലെ പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം കനത്ത മഴ ലഭിച്ചിരുന്നെന്നും വാഹനങ്ങൾ വരെ നിർത്തിയിടേണ്ട
സാഹചര്യം ഉണ്ടായെന്നും അന്വേഷണത്തിൽ വ്യക്തമായതായി ഹസാഡ് അനലിസ്റ്റ് ലേഖാ ചാക്കോ പറഞ്ഞു.
ഷൊർണൂർ, വാണിയംകുളം, പനയൂർ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം രാവിലെ 2 മണിക്കൂറോളം നീണ്ട കനത്ത മഴ.
പനയൂർ ഇളംകുളം പ്രദേശത്ത് 4 വീടുകളിലും ഷൊർണൂരിലെ ഇറിഗേഷൻ ഓഫിസിലും വെള്ളം കയറി. അതേസമയം, ഇന്നലെ പ്രളയകാലത്തെക്കാൾ സങ്കീർണമായ സാഹചര്യമായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
പെയ്തത് ഒറ്റപ്പെട്ട കനത്ത മഴ
ഒറ്റപ്പാലം∙ വാണിയംകുളത്തും ഷൊർണൂരിലും കഴിഞ്ഞ ദിവസം പെയ്തത് ഒറ്റപ്പെട്ട
കനത്ത മഴയെന്നു നിഗമനം. ഇതു മേഘവിസ്ഫോടനമാണോയെന്നു സ്ഥിരീകരിക്കാൻ മഴമാപിനി ഇല്ലാത്തതാണു പ്രതിസന്ധി. ഒരു മണിക്കൂറിൽ 100 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചാലാണു മേഘവിസ്ഫോടനമെന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാനാകുക. അതേസമയം, കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ പ്രവചനത്തിൽ ജില്ലയിൽ ഒറ്റപ്പെട്ട
കനത്ത മഴ പ്രവചിച്ചിരുന്നു.
അസാധാരണ ജലപ്രവാഹം;വിദഗ്ധർ പരിശോധിച്ചു
വാണിയംകുളം ∙ പനയൂരിൽ ശക്തമായ മഴയിൽ എസ്റ്റേറ്റ് പ്രദേശത്തു നിന്നു വെള്ളം ജനവാസ മേഖലകളിലേക്കു കുത്തിയൊലിച്ചു വന്ന സംഭവത്തിൽ സ്ഥലത്തു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. പ്രദേശത്തെ ജനങ്ങൾ പങ്കുവച്ച ഉരുൾപൊട്ടൽ ആശങ്ക കൂടി കണക്കിലെടുത്തായിരുന്നു റവന്യു വകുപ്പും മണ്ണു സംരക്ഷണ വകുപ്പും മൈനിങ് ആൻഡ് ജിയോളജി വകുപ്പും സംയുക്ത പരിശോധന നടത്തിയത്.
ഒറ്റപ്പാലം തഹസിൽദാർ സി.എം.അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും ഹസാഡ് അനലിസ്റ്റ് ലേഖ ചാക്കോയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ അതോറിറ്റി പ്രതിനിധികളും ഒറ്റപ്പാലം മണ്ണു സംരക്ഷണ ഓഫിസർ എം.വി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണു വിശദമായ പരിശോധന നടത്തിയത്. ശബ്ദം കേട്ടു എന്നു പറഞ്ഞ എസ്റ്റേറ്റിന്റെ മുകളിലേക്കു കയറിയും പരിശോധന സംഘം സ്ഥലം നിരീക്ഷിച്ചു.
സ്ഥലത്തു മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ മറ്റ് അസ്വഭാവികമായ പ്രതിഭാസങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് സംഘം വിലയിരുത്തി.
രാവിലെ 11.30 ന് എത്തിയ പരിശോധന സംഘം ഒരു മണിയോടെയാണ് മടങ്ങിയത്. മേഘവിസ്ഫോടനം നടന്നതായും മനസ്സിലാക്കാൻ ആയില്ലെന്നു ഹസാഡ് അനലിസ്റ്റ് ലേഖ ചാക്കോ പ്രതികരിച്ചു.
പ്രദേശത്ത് നിലവിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നില്ല എന്നും ഉറപ്പുള്ള മണ്ണാണ് എന്നും പ്രദേശത്തെ ഡ്രെയ്നേജ് സിസ്റ്റം ശരിയായ വിധത്തിലല്ലെന്നും എസ്റ്റേറ്റിന്റെ മുകൾ ഭാഗങ്ങളിൽ പെയ്ത വെള്ളം കുത്തിയൊലിച്ചു ഗതിമാറി പരന്നൊഴുകി ജനവാസമേഖലകളിലേക്ക് എത്തിയതാകാം എന്നാണ് മണ്ണു സംരക്ഷണ വിഭാഗത്തിന്റെ നിരീക്ഷണം.
ശക്തമായ മഴ പെയ്താൽ രണ്ടു വീടുകൾക്ക് അപകടഭീഷണിയുണ്ടെന്നു മനസ്സിലാക്കിയതായും മഴ കനക്കുന്ന സമയങ്ങളിൽ ഈ രണ്ടു വീട്ടുകാരെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദേശം ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകുമെന്നും മണ്ണു സംരക്ഷണ വകുപ്പ് ഓഫിസർ എം.വി.വിനോദ് പറഞ്ഞു. ഡപ്യൂട്ടി തഹസിൽദാർ പി.സതീഷ്, അസിസ്റ്റന്റ് വില്ലേജ് ഓഫിസർ സുബ്രഹ്മണ്യൻ, പഞ്ചായത്തംഗം ഇ.പി.രഞ്ജിത്ത് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ വാണിയംകുളം പനയൂരിൽ മലവെള്ളപ്പാച്ചിലിനു സമാനമായ രീതിയിൽ എസ്റ്റേറ്റ് പ്രദേശത്തു നിന്നും ജനവാസ മേഖലയിലേക്ക് ശക്തമായി ചെളിയും മണ്ണും കുത്തിയൊലിച്ച് എത്തിയിരുന്നു.
ഏഴു കുടുംബങ്ങൾ താമസിക്കുന്ന ഇളംകുളം ചോലപള്ളിയാലിൽ പ്രദേശത്തെ വീടുകളിലേക്കാണു ചെളിവെള്ളം കുത്തിയൊലിച്ചു വന്നത്.
മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ ശക്തമായ വെള്ളപ്പാച്ചിൽ കണ്ടതോടെ വീട്ടുകാർ ഭീതിയിലായി. പിറകിലെ കുന്നിനു മുകളിൽ നിന്നു ഭയാനകമായ ശബ്ദം കൂടി കേട്ടതോടെ വീടുകളിൽ നിന്ന് ആളുകൾ ഇറങ്ങിയോടി. ഉരുൾപൊട്ടിയോ എന്ന ഭീതിയിലായിരുന്നു ഇവർ ഇറങ്ങി ഓടിയത്. ഇതിനു പിന്നാലെ റവന്യു സംഘവും മൈനിങ് ആൻഡ് ജിയോളജി വിഭാഗവും ചൊവ്വാഴ്ച തന്നെ സ്ഥലത്തു പ്രാഥമിക പരിശോധന നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]