
തൃശൂർ∙ ദേശീയപാതയിൽ ടോൾ പിരിക്കുന്നത് താൽക്കാലികമായി തടഞ്ഞെങ്കിലും അടിപ്പാത നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും എന്നതാണ് യാഥാർഥ്യം. ചിറങ്ങരയിലും മുരിങ്ങൂരിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് 6 മാസമെങ്കിലും വേണം. നിർമാണ കാലാവധി മാർച്ചിൽ പൂർത്തിയായെങ്കിലും ഡിസംബർ വരെ നീട്ടി നൽകിയിരുന്നു.
എന്നാൽ ഡിസംബറിലും നിർമാണം പൂർത്തിയാകില്ലെന്ന് ഉറപ്പാണ്. രണ്ടിടത്തും അടിപ്പാതയുടെ പ്രധാന ഭാഗമായ ബോക്സ് നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി.
എന്നാൽ ബോക്സിനു മുകളിലൂടെ ഗതാഗതം സാധ്യമാകണമെങ്കിൽ അനുബന്ധ റോഡ് പൂർത്തിയാക്കണം. അനുബന്ധ റോഡ് പൂർത്തിയാക്കാൻ വൻതോതിൽ മണ്ണ് ആവശ്യമാണ്.
മണ്ണ് എടുക്കുന്നതിനുള്ള പെർമിറ്റ് കരാറുകാർക്കു ലഭിച്ചിട്ടുണ്ടെങ്കിലും മഴക്കാലത്ത് ഖനനം അനുവദിക്കില്ല.
ചിറങ്ങരയിൽ ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. മുരിങ്ങൂരിൽ 4 തൊഴിലാളികൾ മാത്രമാണ് പ്രവൃത്തിക്ക് ഉണ്ടായിരുന്നത്.
മേൽപാലം പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടി വരും. ഇന്നലെയും രണ്ടുസ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് തുടർന്നു.
പേരാമ്പ്ര അടിപ്പാതയുടെ നിർമാണം തുടങ്ങിയിട്ട് 10 മാസമായെങ്കിലും 40 ശതമാനം നിർമാണം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ.
തൊഴിലാളികളുടെ അഭാവം, കാലവർഷം എന്നിവ അടിപ്പാത നിർമാണത്തെ ഗൗരവമായി ബാധിച്ചു. ഇന്നലെ ഇവിടെ ഇരുപതോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ആമ്പല്ലൂരിൽ അടിപ്പാതയ്ക്കായി ദേശീയപാത പൊളിച്ചത് കഴിഞ്ഞവർഷം സെപ്റ്റംബർ 24നാണ്.
പത്തരമാസം പിന്നിടുമ്പോഴും ദുരിതം മാത്രം ബാക്കി. അടിപ്പാതയുടെ കോൺക്രീറ്റ് ബോക്സ് നിർമാണം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും മറ്റു നിർമാണ പ്രവർത്തനങ്ങൾ പേരിനു മാത്രമേ നടക്കുന്നുള്ളൂ.
ഇന്നലെ ആകെ 5 പേർ മാത്രമാണ് പകൽ സമയത്ത് ഇവിടെ ജോലി ചെയ്തിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]