
ആലത്തൂർ ∙ തരൂർ കുരുത്തിക്കോട് പാലം ഈ വർഷം അവസാനം തുറന്നു കൊടുക്കും. തരൂർ, കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രിപ്പുഴയുടെ കുറുകെയുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
നിർമാണ പ്രവൃത്തികൾ വിലയിരുത്തുന്നതിനു പി.പി.സുമോദ് എംഎൽഎ സ്ഥലത്തെത്തി. സ്ലാബിന്റെ പണി കഴിഞ്ഞു.
കൈവരിയുടെ നിർമാണം പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്റെ പണിയും തുടങ്ങി.
അരികു ഭിത്തിയുടെ നിർമാണവും പുരോഗമിക്കുകയാണ്. പാലത്തിന്റെ ആകെ നീളം 110 മീറ്ററാണ്.
അപ്രോച്ച് റോഡ് ഉൾപ്പെടെ 230 മീറ്റർ നീളം വരും.
11 മീറ്റർ വീതിയുണ്ട്. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുന്ന വിധം 7.5 മീറ്റർ വീതി പ്രധാന പാതയ്ക്കുണ്ടാകും.
നടപ്പാത ഉൾപ്പെടെയാണ് 11 മീറ്റർ വീതി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണു നിർമാണ ചുമതല.
2023 ഡിസംബറിൽ പഴയപാലം പൊളിച്ചു നീക്കി പണി ആരംഭിച്ചെങ്കിലും 2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നിർമാണ സാമഗ്രികൾ ഒഴുകിപ്പോയി. സെപ്റ്റംബറിലാണു വീണ്ടും നിർമാണം തുടങ്ങിയത്.
സംസ്ഥാന ബജറ്റിൽ 8 കോടി രൂപ വകയിരുത്തിയാണു പാലം നിർമിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]