
തൃശൂർ ∙ പാലിയേക്കരയിലെ ടോൾപിരിവു നാലാഴ്ച നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവു ദേശീയപാതയിൽ മാസങ്ങളായ തുടരുന്ന അനാസ്ഥയുടെ മുഖത്തേറ്റ അടി. ബദൽ മാർഗങ്ങളൊരുക്കാതെ ദേശീയപാത 544ൽ വാണിയമ്പാറ മുതൽ ചിറങ്ങര വരെ ഏഴിടങ്ങളിൽ ഒരേസമയം അടിപ്പാത നിർമാണം തുടങ്ങിയതോടെ അറ്റമില്ലാത്ത കുരുക്കിലും അപകടങ്ങളിലും ഉഴറുന്ന ജനത്തിനും വിധി ആശ്വാസമായി.
കോടതിയെ ഭയന്നെങ്കിലും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അടിപ്പാത നിർമാണം വേഗത്തിലാക്കാനും സർവീസ് റോഡുകൾ യാത്രായോഗ്യമാക്കാനും നടപടിയെടുക്കുമെന്നാണു പ്രതീക്ഷ. കുരുക്കൊഴിഞ്ഞാൽ ദുരിതത്തിനും ശമനമാകും. തൃശൂർ ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്ന വാണിയമ്പാറയ്ക്കും കറുകുറ്റിക്കും ഇടയിൽ ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ, മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലാണ് ഒരേസമയം അടിപ്പാത നിർമാണം നടക്കുന്നത്.
ഇതിൽ ചിറങ്ങര മുതൽ മുരിങ്ങൂർ വരെയുള്ള ഭാഗത്താണു കുരുക്കേറെയും.
തൃശൂരിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ശരാശരി ഒരു മണിക്കൂർ യാത്ര മതിയെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നേമുക്കാൽ മണിക്കൂർ വരെ വേണ്ടി വന്നതായി യാത്രക്കാർ പറയുന്നു. ദുരിതം മാസങ്ങൾ പിന്നിട്ടും നീണ്ടതോടെ ടോൾ പിരിവു നിർത്തലാക്കാൻ കലക്ടർ ഉത്തരവിട്ടെങ്കിലും പിൻവലിക്കേണ്ടി വന്നു.
ബദൽ സൗകര്യങ്ങളൊരുക്കാതെ നിർമാണം തുടരുന്നതു മൂലം ജനം നേരിടുന്ന ബുദ്ധിമുട്ടു കണക്കിലെടുത്തെങ്കിലും ടോൾപിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതു പ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണു താൽക്കാലികമായെങ്കിലും നീതി ലഭ്യമായത്.
ടോളിലൂടെ പിരിച്ചെടുത്ത തുക നിർമാണച്ചെലവിന്റെ ഇരട്ടിയിലേക്കെത്തുമ്പോഴും മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കാൻ കരാർ കമ്പനിക്കോ ദേശീയപാത അതോറിറ്റിക്കോ കഴിയുന്നില്ല.
721.17 കോടി രൂപ മുടക്കി നിർമിച്ച പാതയുടെ പേരിൽ ടോളിലൂടെ 1400 കോടിയോളം രൂപ പിരിച്ചുകഴിഞ്ഞിരിക്കാമെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ 5 വർഷംകൊണ്ടു മാത്രം നിർമാണച്ചെലവിന്റെ 95% തുകയായ 689 കോടി രൂപ പിരിച്ചു.
2026 വരെയായിരുന്നു ടോളിന്റെ കാലാവധിയെങ്കിലും ഇതു പിന്നീട് 2028 വരെ നീട്ടിനൽകി.
സന്തോഷം ‘ഉച്ചത്തിൽ’ഉത്തരവെത്തിച്ചത് ഉച്ചയ്ക്ക്
ടോൾപിരിവു നിർത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെ പാലിയേക്കര ടോൾപ്ലാസയിൽ മധുരവിതരണവും ആഹ്ലാദ പ്രകടനവും. ഹർജിക്കാരും വിവിധ സംഘടനകളും ലഡുവുമായെത്തി യാത്രക്കാർക്കു വിതരണം ചെയ്തു.
മുരിങ്ങൂരിലെയും ചിറങ്ങരയിലെയും കുരുക്കു കടന്നു വന്ന പല യാത്രക്കാരും ടോൾ നിർത്തിയ വിവരമറിഞ്ഞ് ‘ഏറെ സന്തോഷം’ എന്നു പ്രതികരിച്ചു. കോടതി ഉത്തരവ് വന്നിട്ടും ടോൾ പിരിവു നിർത്താതെ വന്നതോടെ പ്രതിഷേധമുയരുന്ന കാഴ്ചയ്ക്കും ടോൾപ്ലാസ സാക്ഷ്യംവഹിച്ചു.
12.30ഓടെ എഐവൈഎഫ് പ്രവർത്തകർ എത്തിയാണു പ്രതിഷേധിച്ചത്. ടോൾ ബൂത്തുകൾ തുറന്നു വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു.
രേഖാമൂലം കോടതി ഉത്തരവു ലഭിക്കാത്തതാണു ടോൾ പിരിവു തുടരാൻ കാരണമെന്നു ടോൾപ്ലാസ അധികൃതരും വ്യക്തമാക്കി. 12.45നു ഹർജിക്കാരിലൊരാളായ ഷാജി കോടങ്കണ്ടത്ത് ഉത്തരവിന്റെ പകർപ്പുമായി ടോൾപ്ലാസ ഓഫിസിൽ അധികൃതരുമായി സംസാരിച്ചതോടെ ടോൾ പിരിവ് പൂർണമായും നിർത്തിവച്ചു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പിന്നീടു മധുരം വിതരണം ചെയ്തു.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജനീഷ് എന്നിവർക്കു പുറമേ കൊടകര ഗാന്ധിനഗർ ഏകലവ്യ കലാകായികസമിതി സെക്രട്ടറി ടി.ജി.അജോ, കൊടകര പഞ്ചായത്ത് സ്ഥിരംസമിതി അംഗം ജോയ് നെല്ലിശേരി എന്നിവരുടെ നേതൃത്വത്തിലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനങ്ങൾ യാത്രാദുരിതം അനുഭവിക്കുമ്പോൾ ടോൾപിരിവ് നടത്തുന്നതിനെതിരെ പരാതിയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ടി. ശ്രീനാഥ് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളിൽ പുരോഗതി ഇല്ലാതായതോടെയാണ് മുൻപ് ജില്ലാ ഭരണകൂടം ഇടപെട്ട് ടോൾ ഒഴിവാക്കിയത്.
കാരണം ടോളിൽ തുക നൽകിയിട്ട് യാത്രക്കാർ ദുരിതം അനുഭവിക്കേണ്ട ആവശ്യമില്ല.
പിന്നീട് ടോൾ ഒഴിവാക്കിയത് പിൻവലിക്കേണ്ട വന്നെങ്കിലും ഹൈക്കോടതി ചോദിച്ചപ്പോൾ ദേശീയപാതയുടെ കൃത്യമായ അവസ്ഥ ചൂണ്ടിക്കാട്ടിയും യാത്രാദുരിതം സംബന്ധിച്ചുമുള്ള സമഗ്ര റിപ്പോർട്ട് നൽകിയിരുന്നു.
ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും ടോൾ നിർത്തലാക്കാനുള്ള തീരുമാനത്തിനു സഹായമായി എന്നു കരുതുന്നു. ആവശ്യമായ ഒരുക്കങ്ങളില്ലാതെ അടിപ്പാത നിർമാണങ്ങൾ ആരംഭിച്ച ദേശീയപാത അതോറിറ്റിയുടെ വീഴ്ചകളും മറ്റും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
തുക നൽകിയാൽ കൃത്യമായ സേവനവും നൽകണം. ജില്ലാ ഭരണകൂടവും കോടതിയും വിഷയത്തിൽ പരാമവധി നടപടികൾക്കു ശ്രമിച്ചു.
തുടങ്ങിവച്ച നടപടി നടപ്പിലായതിൽ സന്തോഷം’’
കലക്ടർ അർജുൻ പാണ്ഡ്യൻ
പാലിയേക്കരയിൽ ടോൾ പിരിക്കുന്ന കരാർ കമ്പനിക്കെതിരെ 10 വർഷമായി താൻ അടക്കമുള്ള ഹർജിക്കാർ ഉന്നയിച്ച കാര്യങ്ങൾ ശരിയായിരുന്നുവെന്നു തെളിയിക്കുന്നതാണു നാലാഴ്ചത്തേക്കു ടോൾ പിരിവ് നിർത്തലാക്കിക്കൊണ്ടു ഹൈക്കോടതി ഉത്തരവ്. നിരന്തരമായ നിയമപോരാട്ടങ്ങളുടെ വിജയമാണിത്. കരാർ കമ്പനിയുടെ ഓരോ ലംഘനങ്ങളും കൃത്യമായ വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണു കോടതിയെ ധരിപ്പിച്ചത്.
ദേശീയപാത ഗതാഗതയോഗ്യമല്ലെങ്കിൽ ടോൾ പിരിക്കാൻ സാധിക്കില്ലെന്നു സുപ്രീം കോടതിയുടെ കണ്ടെത്തലുണ്ട്. ടോൾ നിർത്തലാക്കിയതിന്റെ കാലാവധി അവസാനിക്കുന്നതു സെപ്റ്റംബറിലാണ്.
അതിനാൽ തന്നെ സെപ്റ്റംബർ 1ന് നടപ്പിലാക്കുന്ന ടോൾ വർധന ഉണ്ടാവില്ലെന്നു വേണം കരുതാൻ. മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാത നിർമാണം നടക്കുമ്പോൾ സമാന്തര പാത നിർമിക്കും.
എന്നാൽ കേരളത്തിൽ ഒരിടത്തും അത്തരം സൗകര്യം ഇല്ലാത്തതുകൊണ്ടാണു ദേശീയപാത നിർമാണസമയത്ത് യാത്ര ദുരിതപൂർണമാകുന്നത്. ഞാൻ നിയമപോരാട്ടം ആരംഭിക്കുമ്പോൾ പിന്തുണ കുറവായിരുന്നു.
എന്നാൽ, ഓരോ ഘട്ടത്തിലും മലയാള മനോരമ നൽകിയ പിന്തുണ വലുതാണ്. ശക്തമായ വാർത്തകളിലൂടെ ജനങ്ങൾക്കിടയിൽ പ്രശ്നത്തിന്റെ ഗൗരവം എത്തിക്കാൻ മനോരമയ്ക്ക് കഴിഞ്ഞു.
ജോസഫ് ടാജറ്റ് (ഡിസിസി പ്രസിഡന്റ്)
തുടർച്ചയായ നിയമപോരാട്ടത്തിന്റെ വിജയമാണ് പാലിയേക്കരയിലെ ടോൾ പിരിവ് 4 ആഴ്ച നിർത്തിവച്ചുള്ള ഹൈക്കോടതി ഉത്തരവ്.
വിവരാവകാശ നിയമം വഴി മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയുടെ സമ്പൂർണ കരാറിന്റെ പകർപ്പ് നേടിയ ശേഷം വിഷയം പഠിച്ച് നിർമാണത്തിലെ ഓരോ അപാകതയും ചോദ്യം ചെയ്താണ് ദേശീയപാത വിഷയത്തിൽ സജീവമാകുന്നത്. പാതയുടെ നിർമാണത്തിൽ ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശിച്ച സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെയാണ് ആദ്യമായി ഹർജി നൽകിയത്.
തുടർന്നു ഹൈക്കോടതി കമ്മിഷനെ നിയമിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കോടതി നിർദേശം നൽകുകയും ചെയ്തു. കുതിരാനിലെ ആദ്യ തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിനായി ഹൈക്കോടതിയിൽ അടുത്ത ഹർജി നൽകി.
10 വർഷത്തിനിടെ ദേശീയപാതയിലെ അപകടങ്ങളിൽ 374 പേർ മരിച്ചതായുള്ള വിവരാവകാശ രേഖ ലഭിച്ചതിനു പിന്നാലെ അപകടങ്ങളിൽ ദേശീയപാത അതോറിറ്റി ചെയർമാനെതിരെ കേസെടുക്കണമെന്ന വിധി സമ്പാദിച്ചു. നിർമാണം കഴിഞ്ഞ ഭാഗത്തെ റോഡ് പൊളിക്കുന്നതിനെതിരെ പവർഗ്രിഡിനെതിരെ കോടതിയിൽ പോയി സ്റ്റേ ഉത്തരവ് നേടി.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിൽ പ്രദേശവാസികൾക്കുള്ള ടോൾ ഇളവ് റദ്ദാക്കുന്നതിനെതിരെ സനീഷ്കുമാർ ജോസഫ് എംഎൽഎയുമായി ചേർന്ന് സുപ്രീംകോടതിയിൽ 2021ൽ ഹർജി നൽകി. സുപ്രീംകോടതി നിർദേശപ്രകാരമാണ് ഹൈക്കോടതിയിൽ ടോൾ നിർത്തുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഹർജി നൽകിയത്.
‘മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത വിഷയത്തിലും മണ്ണുത്തി–ഇടപ്പള്ളി ടോൾ വിഷയത്തിലും മലയാള മനോരമ തുടർച്ചയായി നൽകിയ വാർത്തകളാണ് നിയമപോരാട്ടത്തിന് ആധികാരികമായി സഹായിച്ചത്.’
ഷാജി ജെ.കോടങ്കണ്ടത്ത് (കെപിസിസി സെക്രട്ടറി)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]