
പത്തനംതിട്ട ∙ ശബരിമല റോപ്വേയ്ക്കു വിട്ടു നൽകുന്ന വനഭൂമിക്കു പകരം നൽകുന്ന ഭൂമിയുടെ എല്ലാ രേഖകളും എത്രയും വേഗം ഹാജരാക്കാൻ വനം വകുപ്പ് ദേവസ്വം ബോർഡിനും റോപ്വേ നിർമാണ കമ്പനിക്കും നിർദേശം നൽകി.പകരം ഭൂമി കുളത്തൂപ്പുഴ കട്ടിളപ്പാറയിലാണു നൽകുന്നത്.
ഇതിന്റെ കുറെ രേഖകൾ നേരത്തെ നൽകിയിരുന്നെങ്കിലും പട്ടയ വിവരങ്ങൾ കൊല്ലം കലക്ടറിൽ നിന്നു ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.റോപ്വേയ്ക്ക് 4.5336 ഹെക്ടർ വനഭൂമിയാണു വേണ്ടത്. ഭൂമി വിട്ടുകിട്ടുന്നതിനു കേന്ദ്ര കടുവ സംരക്ഷണ അതോറിറ്റി, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ബെംഗളൂരു റീജനൽ ഓഫിസ്, കേന്ദ്ര വന്യജീവി ബോർഡ് എന്നിവയുടെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്. പകരം നൽകുന്ന ഭൂമിയുടെ രേഖകൾ അപേക്ഷയുടെ സൈറ്റിൽ അപ്ലോഡ് ചെയ്യാനാണ് ആവശ്യപ്പെട്ടത്.
ഇതിനുള്ള നടപടികൾ റോപ്വേ നിർമാണ കമ്പനി സ്വീകരിച്ചു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) എൽ.ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ശബരിമല സന്ദർശിച്ചപ്പോൾ റോപ്വേയുടെ സന്നിധാനം, പമ്പ സ്റ്റേഷനുകളുടെ പുറംമതിൽ 2 മീറ്റർ പിന്നിലേക്കു നീക്കി നിർമിക്കാൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചു സ്റ്റേഷനിലെ കെട്ടിടങ്ങളുടെ സ്ഥാനം മാറ്റി. ബാക്കി വരുന്ന സ്ഥലത്തു മരങ്ങൾ നട്ടുപിടിപ്പിക്കാനും പദ്ധതി ഇട്ടതായി വനം വകുപ്പിനെ അറിയിച്ചു. റോപ് വേ പദ്ധതിയിൽ 40 മുതൽ 60 മീറ്റർ വരെ ഉയരമുള്ള 5 പില്ലറാണുള്ളത്.
ഇതിനായി 80 മരം മുറിക്കേണ്ടി വരും. ചില മരങ്ങൾ പിഴുത് അതുപോലെ സ്റ്റേഷൻ പരിസരത്തു നട്ടുപിടിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]