
വടകര ∙ നീന്തൽ അറിയുന്ന ബാപ്പ സുബൈർ അതിശക്തമായ തിരമാലയിൽ ഒലിച്ചു പോയപ്പോൾ നീന്തലറിയാത്ത മകൻ സുനീർ രക്ഷപ്പെട്ടത് അഴിമുഖത്തോട് ചേർന്നുള്ള മണൽത്തിട്ടയിൽ പിടികിട്ടിയതു കൊണ്ടു മാത്രം. കഴിഞ്ഞ ദിവസം രാത്രി 11.30ന് സാൻഡ് ബാങ്ക്സിനു സമീപം മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞതു കാറ്റിലും തിരമാലയിലും പെട്ടതുകൊണ്ടായിരുന്നു.
മറിഞ്ഞ തോണിയിൽ ഇരുവരും കുറച്ചു നേരം പിടിച്ചു നിന്നെങ്കിലും ആഞ്ഞടിക്കുന്ന തിരമാലയെ പ്രതിരോധിക്കാനായല്ല. രണ്ടു പേരും ഇരുഭാഗത്തേക്ക് ഒഴുകി പോയി.
മത്സ്യത്തൊഴിലാളികളായ ഇരുവർക്കും വേറെയും വള്ളങ്ങളുണ്ട്.
കൂടുതൽ പേർ കയറുന്ന വലിയ വള്ളത്തിലും മീൻ പിടിക്കാൻ പോയിരുന്ന ബാപ്പയും മകനും ഇന്നലെ പോയത് ചെറിയ വള്ളത്തിലാണ്. വീട്ടിൽ നിന്നും അകലെയല്ലാത്ത അഴിമുഖത്തായിരുന്നു തോണിയുണ്ടായിരുന്നത്.
സംഭവം നടക്കുമ്പോൾ അടുത്തൊന്നും വള്ളങ്ങളുണ്ടായിരുന്നില്ല. അതു കൊണ്ടു സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയായി.
രക്ഷപ്പെട്ട
സുനീർ കരയിൽ നിന്നു വല വീശുകയായിരുന്ന 3 പേരോട് തോണി മറിഞ്ഞ് ബാപ്പ ഒഴുകി പോയ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട് ഒട്ടാകെ നടത്തിയ തിരച്ചിലിനു ശേഷം 16 മണിക്കൂർ കഴിഞ്ഞാണ് അയനിക്കാട് മൃതദേഹം കണ്ടെത്തിയത്.
ഉച്ച കഴിഞ്ഞും തിരച്ചിൽ നീണ്ടു പോയപ്പോൾ രാത്രിയും തുടരാനുള്ള ഒരുക്കങ്ങൾ റവന്യു – പൊലീസ് – ഫിഷറീസ് അധികൃതർ നടത്തിയിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടു കിട്ടിയത്.
കടലിലെ രക്ഷാപ്രവർത്തനം; കടമ്പകളേറെ
വടകര ∙ കടലിൽ രക്ഷാ പ്രവർത്തനത്തിന് ഏറെ കടമ്പകൾ.
വടകര മേഖലയിൽ മത്സ്യ തൊഴിലാളികൾ മാത്രമല്ല സാൻഡ് ബാങ്ക്സിൽ എത്തുന്ന വിനോദ സഞ്ചാരികളും കടലിൽ അകപ്പെടുമ്പോൾ രക്ഷാപ്രവർത്തനം എപ്പോഴും പ്രതിസന്ധിയാണ്. തീരദേശ പൊലീസ് സ്റ്റേഷൻ അടുത്തുണ്ടെങ്കിലും തിരച്ചിലിനുള്ള ബോട്ടുകളോ ഉപകരണങ്ങളോ ഇല്ല.
ഇന്നലെ അഴിമുഖത്ത് തോണി മറിഞ്ഞു കാണാതായ സുബൈറിനു വേണ്ടിയുള്ള തിരച്ചിലിലും പ്രതിസന്ധികൾ ഉണ്ടായി. കടലിൽ അത്യാഹിമുണ്ടായാൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനം നടത്താൻ സൗകര്യമില്ല.
തീരദേശ സ്റ്റേഷനും ബോട്ട് സൂക്ഷിക്കുന്ന സ്ഥലവും രണ്ടിടത്താണ്.
മറ്റു സംവിധാനങ്ങൾ കോഴിക്കോട് നിന്നു വരണം. ചോമ്പാലിൽ ഹാർബർ ഉണ്ടായിട്ടും രക്ഷാപ്രവർത്തനത്തിനു കൂടുതൽ സൗകര്യം ഒരുക്കുന്നില്ലെന്നു മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടു. തീരദേശ സ്റ്റേഷന്റെ ഒന്നും ഫിഷറീസിന്റെ രണ്ടും ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ കപ്പലുമാണ് ഇന്നലെ തിരച്ചിൽ നടത്തിയത്.
മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ പല ഭാഗത്തായി തിരച്ചിലിന് ഇറങ്ങി. നേവിയുടെ ഹെലികോപ്റ്റർ വരുമെന്നു പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു.നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, തഹസിൽദാർ ഡി.രഞ്ജിത്ത്, വടകര പൊലീസ് ഇൻസ്പെക്ടർ എം.മുരളീധരൻ, തീരദേശ പൊലീസ് ഇൻസ്പെക്ടർ സി.എസ്.ദിപു, വടകര എസ്ഐ എം.കെ.രഞ്ജിത്ത്, തീരദേശ പൊലീസ് ഇൻസ്പെക്ടർ എൻ.അബ്ദുൽ സലാം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]