
പാലക്കാട് ∙ പൈപ്പിടുന്നതിനായി റോഡിൽ കുഴിച്ച കുഴികൾ പലയിടത്തും കാൽനട പോലും കഴിയാത്ത അവസ്ഥയിൽ കുളമായിക്കിടക്കുന്നു.
പണം കിട്ടാത്തതിനാൽ കരാറുകാർ പണി നിർത്തിയിരിക്കുന്നു. പൈപ്പിട്ടതല്ലാതെ ഒരു തുള്ളി വെള്ളം പോലും നൽകാതെ നോക്കുകുത്തിയായി പലയിടത്തും ജലജീവൻ മിഷൻ.
ഭൂരിഭാഗം പഞ്ചായത്തുകളിലും ജലജീവൻ മിഷൻ വഴി ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. ഈ വർഷം ഏപ്രിലിൽ പൂർത്തീകരിക്കുമെന്നു പറഞ്ഞ പദ്ധതിയുടെ പുരോഗതി ജില്ലയിൽ 58 ശതമാനം മാത്രമാണ്.
ജലജീവൻ പ്രതീക്ഷിച്ച് നിലവിലെ പദ്ധതികളെ അവഗണിച്ചതോടെ വേനലിൽ പലയിടത്തും വലിയ ശുദ്ധജല പ്രതിസന്ധിയുണ്ടാകും. ഗ്രാമീണ മേഖലയിൽ പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കാനുള്ള ജലശക്തി മന്ത്രാലയത്തിന്റെ ‘ജലജീവൻ മിഷൻ’ പദ്ധതി കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ഫണ്ടിന്റെ പ്രതിസന്ധി മൂലമാണ് പദ്ധതി വൈകുന്നത്.
ഹർ ഘർ ജൽ ആറിടത്തു മാത്രം
2020ൽ ആണ് ജില്ലയിൽ ജലജീവൻ പദ്ധതി ആരംഭിച്ചത്. 3576 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടത്.
ഓരോ വീടുകളിലും വെള്ളമെത്തുന്നതോടെയാണ് പഞ്ചായത്തിൽ ‘ഹർ ഘർ ജൽ ’ പ്രഖ്യാപനം നടത്തുക. ഇതുവരെ കൊപ്പം, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പൊൽപുള്ളി എന്നീ പഞ്ചായത്തുകൾ മാത്രമാണ് ഈ അവസ്ഥയിൽ എത്തിയത്.
ജില്ലയിലെ 84 ഗ്രാമപഞ്ചായത്തുകളിലായി (തൃത്താല പഞ്ചായത്തിലെ 4 പഞ്ചായത്തുകൾ തൃശൂർ ഡിവിഷന്റെ കീഴിലാണ് ) 10,600 കിലോമീറ്ററോളം പൈപ്പിടാനുള്ള നടപടികളിൽ എണ്ണായിരത്തോളം കിലോമീറ്ററാണ് പൂർത്തിയാക്കിയത്. 6,50,491 വീടുകളിൽ ജലമെത്തിക്കാനുള്ള പദ്ധതിയിൽ ഇതുവരെ 3,83,031 വീടുകളിൽ വെള്ളമെത്തി.
പലയിടത്തും ജലത്തിന്റെ ഉറവിടം കണ്ടെത്തിയെങ്കിലും ടാങ്ക് നിർമാണം ഉൾപ്പെടെ നടത്തിയിട്ടില്ല. വീടുകളിൽ പലയിടത്തും പൈപ്പ് കണക്ഷൻ നോക്കുകുത്തിയായിരിക്കുകയാണ്.
ആരാണ് ഈ കുഴികളുടെ നാഥൻ
ജലജീവൻ മിഷൻ പദ്ധതിക്കു പൈപ്പിടുന്നതിനായി പലയിടത്തും റോഡുകൾ വലിയ തോതിൽ കുത്തിപ്പൊളിച്ചിരുന്നു.
പൈപ്പിട്ട ശേഷം ഇവ കാര്യക്ഷമമായി മൂടാത്തതിനാൽ ചിലയിടത്ത് റോഡ് ഇടിയുന്ന അവസ്ഥയിലാണ്.
പലയിടത്തും ഈ കുഴികളിൽ വീണ് ഒട്ടേറെ പേർക്കു പരുക്കുണ്ടായി. ആരാണു കുഴി മൂടേണ്ടതെന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിൽ തർക്കമായി.
ചിലതു കോടതി വരെയെത്തി. റോഡ് നന്നാക്കാൻ പണം കെട്ടിവച്ചിട്ടും പൊതുമരാമത്ത് വകുപ്പ് നന്നാക്കുന്നില്ലെന്ന് ജല അതോറിറ്റി കുറ്റപ്പെടുത്തുന്നു.
എന്നാൽ നന്നാക്കിയ റോഡ് കുത്തിപ്പൊളിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും എതിർപ്പുണ്ട്. ഇനിയും പൊളിക്കേണ്ടി വരുമോയെന്നാണു ചോദ്യം.
കരാറുകാർക്ക് കുടിശിക 317 കോടി
ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ടു 317 കോടിയോളം രൂപയാണ് കരാറുകാർക്കു നൽകാനുള്ളത്.
ചെയ്ത പണിയുടെ കൂലി പോലും ലഭിക്കാത്തതിനാൽ പലയിടത്തും കരാറുകാർ പണി ഉപേക്ഷിച്ചു പോയി. ഉപകരണങ്ങൾ പലതും റോഡരികിൽ തന്നെയാണ്. പദ്ധതിയുടെ 50 ശതമാനം തുക കേന്ദ്രമാണ് വഹിക്കുന്നത്.
25 ശതമാനം സംസ്ഥാനവും 15 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കുന്നു. പത്തു ശതമാനം തുക ഗുണഭോക്തൃ വിഹിതമെന്നാണ് അറിയിച്ചത്.
പണം വകയിരുത്താതെ ഭരണാനുമതി നൽകുകയും ടെൻഡർ വിളിക്കുകയും ചെയ്തതാണു പ്രതിസന്ധിക്കു കാരണമെന്നു കരാറുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]