
വെള്ളനാട് മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ചവർ തുക തിരിച്ചുകിട്ടാൻ ഒരു വർഷമായി സംഘം ഓഫിസിൽ കയറിയിറങ്ങുകയാണ്. മരുന്നു വാങ്ങാനോ ചികിത്സയ്ക്കോ പണമില്ലാതെ കഷ്ടപ്പെടുന്നവരാണ് പലരും.
പണം എന്നു മടക്കി കിട്ടും എന്ന ചോദ്യത്തിന് മറുപടി ഇല്ല. അവരിൽ ചിലർ ഇതാ:
മക്കളുടെ ചികിത്സയ്ക്ക് ഇനിയെന്തു വഴി (
സി.ബാബു,അരുവിക്കുന്ന്, വാളിയറ)
മണൽ വാരിക്കിട്ടിയ പണം കൊണ്ടാണ് മാവുനിൽക്കുന്ന വിളയിൽ 50 സെന്റ് സ്ഥലം വാങ്ങിയത്.
സ്വകാര്യ കമ്പനിക്കാർ സ്ഥലം വാങ്ങി, 22 ലക്ഷം രൂപ കിട്ടി. ആ തുകയാണ് 2017ൽ സംഘത്തിൽ നിക്ഷേപിച്ചത്.
എനിക്ക് രണ്ട് ആൺമക്കളാണ്. മൂത്തയാൾക്ക് 36 വയസ്സ്, രണ്ടാമന് 34.
മൂത്തയാൾ സംസാരിക്കില്ല, രണ്ടാമത്തെയാൾക്കു നടക്കാനാവില്ല. മക്കളുടെ ചികിത്സയ്ക്കായി പലഘട്ടങ്ങളിലായി 5 ലക്ഷം രൂപ പിൻവലിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പലിശ പോലും കിട്ടുന്നില്ല. എന്റെ ഭാര്യ അൽഫോൺസയും എന്റെ അമ്മ അംബുജാക്ഷിയും രോഗബാധിതരാണ്.
ഇവർക്കും മക്കൾക്കും മരുന്നുവാങ്ങാൻ പോലും കാശില്ല.
അടുത്ത സുഹൃത്ത് നിർബന്ധിച്ചതിനെത്തുടർന്നാണ് പണം നിക്ഷേപിച്ചത്. ഒൻപതര ശതമാനം പലിശ നൽകാമെന്നാണ് ആദ്യം പറഞ്ഞത്.
പിന്നീട് പലിശ കുറച്ചു. എന്തു ചെയ്യുമെന്നറിയില്ല.
കേസും അന്വേഷണവും കഴിയുമ്പോൾ പണം മടക്കിത്തരുമോ? ഞാൻ അതുവരെ ജീവനോടെ ഉണ്ടാകുമോ?
‘ഉടൻ തരാം…’ മറുപടി കേട്ടു മടുത്തു (
കെ.സിന്ധുകുമാരി, കൊക്കോതമംഗലം, മുണ്ടേല)
സഹകരണ സംഘത്തിലെ ജീവനക്കാരൻ പറഞ്ഞ് 13 ലക്ഷം രൂപ നിക്ഷേപിച്ചു. വഴുതക്കാട്ടെ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്ന തുകയാണ് ഉയർന്ന പലിശ നൽകുമെന്ന വാഗ്ദാനത്താൽ പിൻവലിച്ച് രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ചത്.
കഴിഞ്ഞ വർഷം ആദ്യംവരെ പലിശ കൃത്യമായി കിട്ടി. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ നിക്ഷേപത്തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇപ്പം തരാം, നാളെ തരാം എന്നായിരുന്നു മറുപടി.
രണ്ടു വർഷം മുൻപ് എന്റെ ഭർത്താവ് മരിച്ചു. രണ്ടു മക്കളാണ്.
ഇളയ മകൾ ഭിന്നശേഷിക്കാരിയാണ്. അവളെ നഗരത്തിലെ സ്കൂളിൽ ചേർക്കണമെന്നാണ് ആഗ്രഹം, ചികിത്സയും തുടരണം.
ഇതിനുള്ള പണം ഇല്ല. അരുവിക്കര പൊലീസിലും, ക്രൈംബ്രാഞ്ചിലും പരാതി നൽകി.
മൊഴിയെടുത്തു. പക്ഷേ, പണം എന്നു മടക്കി കിട്ടും? ആരും മറുപടി നൽകുന്നില്ല.
വഴുതക്കാട് എംപി അപ്പൻ നഗറിൽ ഡിടിപി സെന്ററിലെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
അച്ഛന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി 5 ലക്ഷം ചോദിച്ചപ്പോൾ പണമില്ലെന്നു പറഞ്ഞു (എം.വി.മായ, മുണ്ടേല കാളിയാമൂഴി )
ആരുടെയും ഔദാര്യമല്ല എനിക്ക് വേണ്ടത്. നിക്ഷേപിച്ച പണമാണു മടക്കിച്ചോദിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ നിക്ഷേപത്തുക ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. ചെറിയ തുക മാത്രം തന്ന് പറഞ്ഞയച്ചു.
എന്റെ സ്വർണം വിറ്റാണ് അച്ഛന്റെ ഹൃദയശസ്ത്രക്രിയ നടത്തിയത്. വസ്തു വിറ്റുകിട്ടിയ 9 ലക്ഷം രൂപയാണ് 2023 ജൂണിൽ സഹകരണ സംഘത്തിൽ സ്ഥിരനിക്ഷേപമായി ഇട്ടത്.
അന്നത്തെ ബാങ്ക് പ്രസിഡന്റ് കൂടുതൽ പലിശ വാഗ്ദാനം ചെയ്തപ്പോഴാണ് തുക നിക്ഷേപിക്കാൻ തയാറായത്. ഒരു വർഷം കഴിഞ്ഞ് പലിശയെടുക്കാൻ പോയപ്പോൾ ഇല്ലെന്നു പറഞ്ഞു.
അച്ഛൻ ആർ.മുരുകന് ഹൃദയശസ്ത്രക്രിയ നടത്താൻ പണമില്ലാതെ വലഞ്ഞപ്പോൾ വീണ്ടും സംഘത്തിലെത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. കരഞ്ഞുപറഞ്ഞപ്പോൾ ആദ്യം 25,000 രൂപ നൽകി.
ഇൗ തുക തികയാത്തതിനാൽ വീണ്ടും തുക അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടപ്പോൾ 25,000 രൂപ കൂടി തന്നു.
ഇൗ തുക ശസ്ത്രക്രിയ നടത്താൻ തികയില്ല. എന്റെ സ്വർണം വിറ്റാണ് ശസ്ത്രക്രിയ നടത്തിയത്.
അമ്മ സി.വത്സല പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. അച്ഛനും അമ്മയ്ക്കും വലിയ തുക മരുന്നുവാങ്ങാൻ ചെലവാകും.
2 പോത്തുകളെ വളർത്തിയിരുന്നു. അതു വിറ്റുകിട്ടിയ പണം കൂടി സംഘത്തിൽ നിക്ഷേപിച്ചു.
ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു. എന്നെങ്കിലും തുക തിരിച്ചു കിട്ടുമോ..
അച്ഛന്റെ ചികിത്സാർഥം ഇപ്പോൾ ഭർത്താവിന്റെ വർക്കലയിലെ വീട്ടിലാണ് താമസം. അച്ഛനെ മെഡിക്കൽ കോളജിൽ എത്തിക്കണമെങ്കിൽ വാഹനത്തിനു തന്നെ 2000 രൂപ ചെലവാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]