മാനന്തവാടി ∙ തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പയ്യമ്പള്ളി വില്ലേജ് ഓഫിസർ കെ.ടി.ജോസ് പിടിയിൽ. 50,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇന്നലെ വൈകിട്ടു വള്ളിയൂർക്കാവിനു സമീപത്തുനിന്നു വിജിലൻസ് പിടികൂടിയത്.
പയ്യമ്പള്ളി സ്വദേശിയായ പരാതിക്കാരന്റെ പിതാവിന് ഒണ്ടയങ്ങാടിയിലുള്ള 73 സെന്റ് വയലും 52 സെന്റ് കര ഭൂമിയും പരാതിക്കാരന്റെ പേരിലേക്ക് ഇഷ്ടദാനമായി റജിസ്റ്റർ ചെയ്യുന്നതിന് വസ്തുവിന്റെ തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. സ്ഥലത്തിന്റെ തണ്ടപ്പേർ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി കഴിഞ്ഞ 26ന് പയ്യമ്പള്ളി വില്ലേജ് ഓഫിസിൽ അപേക്ഷ നൽകി. തുടർന്ന് പല പ്രാവശ്യം വില്ലേജ് ഓഫിസിൽ പോയി വില്ലേജ് ഓഫിസറെ നേരിൽ കണ്ട് പറഞ്ഞിട്ടും കൃത്യമായ മറുപടി നൽകാതെ പരാതിക്കാരനെ തിരിച്ചയച്ചു.
വില്ലേജ് ഓഫിസറെ പലതവണ ഫോണിൽ വിളിച്ചപ്പോഴും വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറി.
തുടർന്നു കഴിഞ്ഞ 30ന് പരാതിക്കാരൻ വീണ്ടും വില്ലേജ് ഓഫിസിൽ നേരിട്ടെത്തിയപ്പോൾ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു പാലക്കാടുള്ള മൈനറായ മറ്റൊരു വ്യക്തിയുടെ പേരിലാണെന്നും തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ചൊവ്വാഴ്ച വില്ലേജ് ഓഫിസർ പരാതിക്കാരനെ ഫോണിൽ വിളിച്ച്, സ്ഥലം അളന്നു നോക്കിയ ശേഷം സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ വ്യക്തത വരുത്താമെന്ന് പറഞ്ഞു. ഇതനുസരിച്ച് കാറുമായി വില്ലേജ് ഓഫിസർ സ്ഥലം നോക്കിയ ശേഷം തിരികെ വില്ലേജ് ഓഫിസിൽ എത്തി പരാതിക്കാരനോട് ഒറ്റയ്ക്ക് കാണണമെന്നും സംസാരിക്കാനുണ്ടെന്നും പറഞ്ഞു.
രാത്രി 7.30ന് വില്ലേജ് ഓഫിസറുടെ റൂമിലേക്ക് പരാതിക്കാരനെ വിളിപ്പിച്ച് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
പരാതിക്കാരൻ വിവരം വയനാട് വിജിലൻസ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് സംഘം കാത്തുനിന്നു.
പരാതിക്കാരനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടി. പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വില്ലേജ് ഓഫിസർക്ക് എതിരെ സമാനമായ പരാതികൾ മുൻപും ഉണ്ടായിരുന്നു.
അഴിമതി അറിയിക്കാം
അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ 1064 ടോൾ ഫ്രീ നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്സാപ് നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]