
മൂന്നാർ ∙ പെട്ടിമുടിയിലെ മനുഷ്യർ ഉറക്കത്തിലായിരിക്കെ ഉരുളെടുത്തു പോയിട്ടു 5 വർഷം. സംസ്ഥാനം കണ്ട
ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ പെട്ടിമുടി ഉരുൾപൊട്ടൽ നടന്ന ദുരന്തഭൂമി അഞ്ചു വർഷങ്ങൾക്കിപ്പുറം കാടുകയറിയ പ്രേതഭൂമിയാണിപ്പോൾ. 2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തുള്ളി തോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനെടുത്തത്. 22 വീടുകളിലായി (ലയങ്ങൾ) കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു മരിച്ചവർ.
ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങൾ 19 ദിവസം നീണ്ടു നിന്ന തിരച്ചിലിൽ കണ്ടെടുത്തു. 4 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കി. അപകടത്തിൽ നിന്നും 8 കുടുംബങ്ങൾ രക്ഷപ്പെട്ടു.
ദുരന്തത്തിന്റെ ഓർമ ദിവസമായ ഇന്നും പതിവുപോലെ മരിച്ചവരെ സംസ്കരിച്ചിരിക്കുന്ന രാജമലയിലെ കല്ലറകളിൽ സർവമത പ്രാർഥനകൾ നടക്കും.
19 കണ്ണീർ ദിവസങ്ങൾ
രണ്ടു ദിവസം തുടർച്ചയായുണ്ടായ കനത്ത മഴയിൽ ഉരുൾപൊട്ടിയതാണ് ദുരന്തകാരണം. വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായതിനാൽ രാത്രി നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെ മാത്രം.
ഇതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണൻ ദേവൻ കമ്പനിയിലെ ഒരു ജീവനക്കാരൻ പുലർച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
തുടർന്ന് കിലോമീറ്ററുകളോളം നടന്നു രാജമലയിലെത്തി കമ്പനി അധികൃതരെ അറിയിച്ചു.
അവരാണ് അഗ്നിരക്ഷാസേനയെയും പൊലീസിനേയും വിവരമറിയിച്ചത്. പെരിയവര പാലം കനത്ത മഴയിൽ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ദുരന്തസ്ഥലത്തെത്താൻ പ്രയാസം നേരിട്ടു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി.
ഗുരുതരമായി പരുക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി. പിന്നെ കണ്ടത് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും രക്ഷാ പ്രവർത്തനമായിരുന്നു.
ദുരന്ത നിവാരണസേനയും സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും കൈകോർത്തു.
ശക്തമായ മഴയെ വകവയ്ക്കാതെ 19 ദിവസം തിരച്ചിൽ. അഞ്ഞൂറിലേറെപ്പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ദുരന്ത സ്ഥലത്തു നിന്നും 14 കി.മീറ്റർ ദൂരെ നിന്നു വരെ മൃതദേഹങ്ങൾ കണ്ടെടുത്തു. അങ്ങനെ 66 പേരുടെ മൃതദേഹങ്ങൾ കിട്ടി.
ഗർഭിണികൾ, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങൾ, ഇരുന്ന ഇരുപ്പിൽ മണ്ണിൽ പുതഞ്ഞ പോലെ ഒരു മനുഷ്യൻ. എല്ലാം കണ്ണീരോർമകളാണ്.
മഴ ആർത്തു പെയ്തു
അന്ന് സംഭവിച്ചത്: 2020 ഓഗസ്റ്റ് 4 മുതൽ 7വരെ 1594.7 മില്ലീമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്.
ഏഴിനു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ അതായത് ദുരന്തമുണ്ടായ രാത്രിയിൽ ഉൾപ്പെടെ 616.2 മില്ലിമീറ്റർ മഴയാണ് പെയ്തത്. 2018, 2019 വർഷങ്ങളിൽ ജില്ലയിൽ 24 മണിക്കൂറിൽ ഏറ്റവും കൂടിയ തോതിൽ രേഖപ്പെടുത്തിയ മഴയുടെ ഇരട്ടി. വനമേഖലയിലെ കുരിശുമലയിൽ നിന്നും ഉരുൾപൊട്ടിയതാണ് അപകടത്തിന് കാരണം.
കുറ്റ്യാർവാലിയിൽ വീടുകൾ
വയനാട് ദുരന്തം നടന്ന് ഒരു വർഷമായിട്ടും ദുരന്തബാധിതരുടെ പുനരധിവാസം എങ്ങുമെത്തിയില്ലെന്ന പരാതികളുയരുന്നതിനിടെയാണ് പെട്ടിമുടിയിലെ പുനരധിവാസം നടത്താൻ കഴിഞ്ഞത്.
ദുരന്ത ബാധിതരായവർക്ക് ഒരു വർഷത്തിനുള്ളിൽ വീടുകൾ നിർമിച്ചു നൽകി. കുറ്റ്യാർവാലിയിൽ സർക്കാർ നൽകിയ 5 സെൻ്റ് വീതമുള്ള സ്ഥലത്ത് കണ്ണൻദേവൻ കമ്പനിയാണ് ഒരു കോടി രൂപ ചെലവിട്ട് എട്ടു വീടുകൾ നിർമിച്ചത്.
ശരണ്യ, സരസ്വതി, മാലയമ്മാൾ, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി, ഹേമലത – ഗോപിക സഹോദരിമാർ, കറുപ്പായി, മുരുകേശൻ എന്നിവർക്കാണു വീടു ലഭിച്ചത്. സംസ്ഥാന സർക്കാരും കണ്ണൻദേവൻ കമ്പനിയും മരിച്ചവർക്ക് പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തെങ്കിലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല.
പുനരധിവാസം പൂർത്തിയായി, നഷ്ടപരിഹാരമായില്ല
ദുരന്തത്തിൽ പരുക്കേറ്റവരുടെയും രക്ഷപെട്ടവരെയുടെയും ദുരിതബാധിതരുടെയും ചികിത്സകളും പുനരധിവാസവുമായിരുന്നു സർക്കാരിന്റെയും കണ്ണൻദേവൻ കമ്പനിയുടെയും മുന്നിലുണ്ടായിരുന്ന വെല്ലുവിളി.
മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച തൊഴിലാളികളായ 18 പേരുടെ ആശ്രിതർക്ക് കണ്ണൻദേവൻ കമ്പനി 5 ലക്ഷവും പ്രഖ്യാപിച്ചു.
ദുരന്തത്തിൽ എല്ലാം നഷ്ടമായ രക്ഷപ്പെട്ട 8 കുടുംബാംഗങ്ങൾക്ക് കുറ്റ്യാർവാലിയിൽ സർക്കാർ നൽകിയ സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ കണ്ണൻദേവൻ കമ്പനി വീടുവച്ചു കൊടുത്തു. തകർന്ന നാലു ലയങ്ങളിൽ നിന്നായി 12 പേരാണ് രക്ഷപ്പെട്ടത്.
ഇതിൽ 6 പേർക്ക് സാരമായി പരുക്കേറ്റിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട
ഹേമലത – ഗോപിക സഹോദരിമാരുടെ പഠനച്ചെലവ് പൂർണമായി സർക്കാർ ഏറ്റെടുത്തു.
സർവതും ഉരുളെടുത്ത രാത്രിയുടെ ഓർമയുമായി പളനിയമ്മ
മൂന്നാർ ∙അഞ്ചുവർഷം മുമ്പത്തെ ഓഗസ്റ്റ് 6. പെട്ടിമുടിയിലെ പളനിയമ്മയുടെ മനസ്സിൽ ഇന്നും ആ ദിവസത്തിന്റെ ഓർമകൾ തീപോലെയാളുന്നു. ജീവിതത്തിന്റെ സകല സന്തോഷവും ഉരുളെടുത്ത രാത്രി. രക്ഷാപ്രവർത്തകരെയും കാത്ത് തലമാത്രം പുറത്തിട്ടു പളനിയമ്മ ജീവിതത്തിനായി പോരാടി.
ഉരുൾപൊട്ടലിൽ ഗുരുതരമായി പരുക്കേറ്റ പളനിയമ്മ (58) ഇന്ന് ജീവിക്കുന്നത് പരസഹായത്തോടെ.
ദുരന്തത്തിൽ ഭർത്താവ്, മകൻ, മരുമക്കൾ, പേരക്കിടാങ്ങൾ ഉൾപ്പെടെ പളനിയമ്മയ്ക്ക് നഷ്ടമായത് 24 പേരെയാണ്. കഴുത്തറ്റം മൂടിയ മണ്ണിനടിയിൽ നിന്നു രക്ഷാപ്രവർത്തകർക്ക് പളനിയമ്മയെയും മകൻ ദീപൻ ചക്രവർത്തിയെയും മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. കുറ്റ്യാർവാലിയിൽ സർക്കാർ വീടു നൽകിയെങ്കിലും ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റതിനാൽ അടിക്കടി ആശുപത്രിയിൽ പോകേണ്ടതിനാൽ മൂന്നാർ ലക്ഷംനഗറിലെ വീട്ടിൽ മകൻ ദീപനൊപ്പമാണ് കഴിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]