കൽപറ്റ ∙ കാട്ടാനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പിന്നാലെ വയനാട്ടിൽ മനുഷ്യജീവനു ഭീഷണിയായി കടന്നലുകളും. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് ഏറ്റവും ഒടുവിൽ കടന്നൽ ആക്രമണത്തിന് ഇരയായി മരിച്ചത്.
വന്യജീവി ആക്രമണങ്ങൾക്കു സമാനമായി പരിഗണിച്ചാണു കടന്നൽ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കും മരിക്കുന്നവർക്കും സർക്കാർ സഹായധനം അനുവദിക്കുക. എന്നാൽ, ഇതു വളരെ തുച്ഛവും നടപടിക്രമങ്ങൾ സങ്കീർണവുമാണെന്ന് ആക്ഷേപമുണ്ട്.2022 ഒക്ടോബറിൽ പൊഴുതന സ്വദേശിയായ ടി.
ബീരാൻകുട്ടി (65) തൊഴിലുറപ്പ് പദ്ധതി ജോലിക്കിടെ കടന്നൽക്കുത്തേറ്റു മരിച്ചു.
അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് 18 തൊഴിലാളികൾക്കും ആക്രമണത്തിൽ പരുക്കേറ്റു. എന്നാൽ, ആർക്കും നഷ്ടപരിഹാരം കിട്ടിയില്ല. 2022 ഒക്ടോബറിലാണ്, കടന്നൽക്കുത്തേറ്റുള്ള മരണങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്. പിന്നീട് ഈ ഉത്തരവ് ഭേദഗതി ചെയ്ത് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തുക പരമാവധി 2 ലക്ഷം രൂപയാക്കി.
കടന്നൽക്കുത്തേറ്റുള്ള മരണങ്ങൾക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് 4 ലക്ഷം രൂപ അനുവദിക്കണമെന്ന് 2025 മേയിൽ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, മനുഷ്യജീവന് വിലയിടുന്ന ഈ തുകയും അപര്യാപ്തമാണെന്നാണു വിലയിരുത്തൽ.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെടുമ്പോൾ നിലവിലെ ധനസഹായം എങ്ങുമെത്തില്ലെന്ന് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾ പറയുന്നു.
നേരത്തെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമായിരുന്നു. നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഏറ്റവും ഒടുവിൽ ഇറങ്ങിയ ഉത്തരവ് ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നു വിമർശനമുയർന്നു. നഷ്ടപരിഹാര വിതരണത്തിന്റെ ചുമതല വിവിധ വകുപ്പുകളെ ഏൽപിച്ചതോടെ നടപടിക്രമം ഏറെ സങ്കീർണമായി.മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എഫ്ഐആർ, വില്ലേജ് ഓഫിസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും റിപ്പോർട്ടുകൾ, ആശ്രിതത്വം തെളിയിക്കുന്ന രേഖകൾ എന്നിങ്ങനെ ഒട്ടേറെ രേഖകൾ ഹാജരാക്കണം.
കർഷകർക്കും തൊഴിലാളികൾക്കും ഈ കടമ്പ കടന്ന് നഷ്ടപരിഹാരം നേടിയെടുക്കുകഏറെ പ്രയാസകരമാണ്. പലപ്പോഴും മാസങ്ങളോളം അലയേണ്ട
അവസ്ഥ. കടന്നൽക്കൂടുകൾ ജനവാസകേന്ദ്രങ്ങൾക്ക് ഭീഷണിയാകുന്നതായി വിവരം നൽകിയാൽ പോലും വനംവകുപ്പ് അധികൃതർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇത്തരം കടന്നൽക്കൂടുകൾ നശിപ്പിക്കുന്നതിന് വൈദഗ്ധ്യമുള്ള സംഘത്തെ രൂപീകരിക്കണമെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
കടന്നൽ പെരുകാൻ കാരണങ്ങളേറെ
പൊഴുതന, തരിയോട് പ്രദേശങ്ങളിൽ കടന്നലുകൾ പെരുകി ജനജീവിതത്തിനു ഭീഷണിയാകുന്നതിന് പിന്നിൽ പരിസ്ഥിതി പരവും സാമൂഹികവുമായ കാരണങ്ങളേറെ.
വനങ്ങളും തേയില, കാപ്പി, തേയില, കവുങ്ങ്, വാഴ, നെൽ തുടങ്ങിയ വിളകളും ഇടകലർന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഇത് കടന്നലുകൾക്ക് കൂടുവയ്ക്കാനും പെരുകാനും അനുയോജ്യമായ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നു.
കാടിനുള്ളിലെയും ജനവാസകേന്ദ്രങ്ങളിലെയും ഉയരമുള്ള വന്മരങ്ങൾക്കൊപ്പം തെങ്ങ്, പന, കമുക്, റബർ എന്നിവ കടന്നലുകൾക്ക് സുരക്ഷിതമായി കൂടുകൂട്ടാൻ അനുയോജ്യമായ സ്ഥലങ്ങളാണെന്നു വിദഗ്ധർ പറയുന്നു.
പൂന്തേൻ, പഴച്ചാറുകൾ, ചെറുപ്രാണികൾ എന്നിവയാണ് കടന്നലുകളുടെ ഭക്ഷണം. തോട്ടവിളകളും കാടും ഇടകലർന്ന പ്രദേശമായതിനാൽ ഇവയ്ക്ക് ആവശ്യമായ ഭക്ഷണം സുലഭമായി ലഭിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് വേനൽക്കാലം നീളുന്നതും ശൈത്യകാലത്ത് തണുപ്പ് കുറയുന്നതും കടന്നലുകളുടെ അതിജീവന നിരക്ക് കൂട്ടുന്നതായും വിലയിരുത്തലുണ്ട്.
ചൂടുകൂടിയ കാലാവസ്ഥ ഇവയുടെ പ്രജനനകാലം വർധിപ്പിക്കാനും കൂടുതൽ കോളനികൾ ഉണ്ടാകാനും സഹായിക്കുന്നു. മഴയുടെ രീതിയിലുണ്ടായ മാറ്റങ്ങൾ കാരണം പലപ്പോഴും ഇവയുടെ കൂടുകൾ നശിച്ചുപോകാതെ കൂടുതൽ കാലം നിലനിൽക്കുന്നു.
ഇരപിടിയന്മാർ ഇല്ലാതാകുന്നു
കടന്നലുകളെയും അവയുടെ ലാർവകളെയും ഭക്ഷണമാക്കുന്ന പക്ഷികളുടെ കുറവ് കടന്നലുകൾ പെരുകാൻ കാരണമാകുന്നു.
കീടനാശിനി ഉപയോഗം, വനനശീകരണം തുടങ്ങിയവയാണു ഇരപിടിയന്മാർ അപ്രത്യക്ഷമായതിനു കാരണം. ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയാകുന്ന കൂടുകൾ കാണുമ്പോൾ, അവ ശാസ്ത്രീയമായി നശിപ്പിക്കാൻ ശ്രമിക്കാത്തതു വിപരീതഫലം ചെയ്യും.
രാത്രി തീയിട്ടും മറ്റും കൂടുകൾ നശിപ്പിക്കുമ്പോൾ, ചിതറിപ്പോകുന്ന കടന്നലുകൾ കൂടുതൽ അക്രമാസക്തരായി സമീപത്ത് പുതിയ കൂടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഉടനെ ചെയ്യേണ്ടത്:
∙ നഷ്ടപരിഹാരത്തുക ചുരുങ്ങിയത് 10 ലക്ഷമായി ഉയർത്തുക. ∙ നടപടിക്രമങ്ങൾ ലളിതമാക്കുകയും സമയബന്ധിതമായി ധനസഹായം എത്തിക്കുകയും ചെയ്യുക
∙ ജനവാസ മേഖലകളിലും തൊഴിലിടങ്ങളിലും ഭീഷണിയാകുന്ന കടന്നൽക്കൂടുകൾ സുരക്ഷിതമായി നശിപ്പിക്കുന്നതിന് വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക.
∙ കടന്നൽ ആക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]