
കാഞ്ഞങ്ങാട് ∙ അജാനൂർ കടപ്പുറത്ത് ബണ്ട് നിർമാണം പൂർത്തിയായി. ബണ്ട് നിർമാണം പൂർത്തിയായതോടൊപ്പം അഴിമുറിച്ച് ചിത്താരി പുഴയുടെ ഗതിയും മാറ്റി.
ഇതോടെ അപകടാവസ്ഥയിലായ മീനിറക്കുകേന്ദ്രം കടലെടുക്കുമെന്ന ഭീതിക്ക് പരിഹാരമായി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അഴി മുറിച്ചത്.
100 മീറ്ററിലധികം ദൂരത്തിലാണ് അഴിമുറിച്ചത്. മീനിറക്കുകേന്ദ്രം സംരക്ഷിക്കാനായി ചിത്താരിപ്പുഴയിൽ നിർമിച്ച ബണ്ടിന്റെ പണി പൂർത്തിയായതിന് പിന്നാലെയാണ് അഴിമുറിച്ചത്.
100 മീറ്റർ വീതിയിലും 5 മീറ്റർ ആഴത്തിലുമാണ് ബണ്ട് നിർമിച്ചത്.
എന്നാൽ, ആദ്യം ബണ്ട് നിർമിച്ചതിന് മുകളിലായി അഴിമുഖം തുറക്കാത്തതിനാൽ ബണ്ടിന് സമീപത്തുകൂടി തന്നെ മറ്റൊരു ദിശ കണ്ടെത്തി മീനിറക്കുകേന്ദ്രത്തിന് സമീപത്ത് കൂടി പുഴ ഒഴുകാൻ തുടങ്ങിയിരുന്നു. ഇതും ബണ്ട് കെട്ടി തടഞ്ഞശേഷമാണ് മുകളിൽ പുതിയതായി അഴിമുറിച്ചത്. ഇനി മീനിറക്കുകേന്ദ്രത്തിന് സമീപം മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തി ബാക്കിയാണ്.
ഇതും പൂർത്തിയാകുന്നതോടെ മീനിറക്കുകേന്ദ്രം സുരക്ഷിതമാകും.
ജിയോ ട്യൂബ് ഉപയോഗിച്ചാണ് ബണ്ട് നിർമിക്കാൻ ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ, 3 മീറ്റർ ആഴത്തിൽ മാത്രമേ ജിയോ ട്യൂബ് ഉപയോഗിക്കാൻ കഴിയൂ.
പുഴയുടെ ആഴം 5 മീറ്റർ വരെയായതിനാൽ ജംബോ ബാഗ് ഉപയോഗിച്ചാണ് പിന്നീട് ബണ്ട് പണി തീർത്തത്. കൂറ്റൻ ബാഗിൽ മണൽ നിറച്ച് മണ്ണുമാന്തി ഉപയോഗിച്ചാണ് ഇത് പുഴയിലേക്ക് ഇറക്കിവച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രൂക്ഷമായ കടലേറ്റത്തിനാണ് ഇത്തവണ അജാനൂർ കടപ്പുറം ഇരയായത്.
മീനിറക്കുകേന്ദ്രം വരെ അപകടത്തിലാക്കിയ കടലേറ്റം ഒട്ടേറെ വീടുകൾക്കും ഭീഷണിയായിരുന്നു.
രൂക്ഷമായ കടലേറ്റത്തിൽ 500 മീറ്ററിലധികം കടൽഭിത്തി പൂർണമായി തകർന്നു. മീനിറക്കുകേന്ദ്രത്തിലേക്കുള്ള റോഡ് തന്നെ ഇല്ലാതായി.
റോഡ് സംരക്ഷിക്കാനായി 5 ലക്ഷം രൂപ ചെലവിട്ട് പഞ്ചായത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ഇതും പൂർണമായി കടലേറ്റത്തിൽ തകർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]