
സ്വന്തം ലേഖകൻ
ഇടുക്കി : നെടുംങ്കണ്ടം മാവടിയിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്. മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി തോമസിനെ പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചത്.
സംഭവം ഇങ്ങിനെ 15.08.2023ാം തീയതി രാത്രി 11.15 മണിയോടുകൂടി മാവടി ഗ്രാമം നടുക്കുന്ന വെടിയൊച്ചകേട്ടാണ് ഞെട്ടി ഉണർന്നത്. വെടിയോച്ച കേട്ട് ഞെട്ടി ഉണർന്ന പ്ലാക്കൽ സണ്ണിയുടെ ഭാര്യയും മക്കളും അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സണ്ണി കിടക്കുന്ന മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സണ്ണിയുടെ മൃതദേഹമാണ്. പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ നിസ്സഹായരായ സണ്ണിയുടെ ഭാര്യയും രണ്ട് പെൺകുട്ടികളും നിലവിളിച്ചുകൊണ്ട് അയൽ വീടുകളിൽ സഹായത്തിനായി ഓടിച്ചെന്നപ്പോൾ ഗ്രാമത്തിലുള്ള ഒട്ടുമിക്ക ആളുകളും വെടിയൊച്ച എവിടെ നിന്നാണ് കേട്ടത് എന്നറിയാതെ ഉണർന്നിരിക്കുകയായിരുന്നു.
പെട്ടെന്ന് തന്നെ വിവരമറിഞ്ഞ ധാരാളം അയൽവാസികൾ സണ്ണിയുടെ വീട്ടിലേക്ക് ഓടി വരികയും കട്ടിലിൽ കമിഴ്ന്നു രക്തം വാർന്ന് ഒഴുകി മരിച്ചു കിടക്കുന്ന സണ്ണിയെ ആണ് നാട്ടുകാർ കണ്ടത്. പെട്ടെന്ന് തന്നെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നാട്ടുകാർ വിവരമറിയിക്കുകയും നെടുങ്കണ്ടം ഐപി ജർലിൻ സ്കറിയായുടെ നേതൃത്വത്തിൽ എത്രയും പെട്ടെന്ന് പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് അടുത്തദിവസം ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇതിലേക്ക് നടത്തേണ്ട മേഖലകളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
അന്വേഷണസംഘം നടത്തിയ വിശദമായ പരിശോധനയിൽ വെടിയേറ്റാണ് മരണം സംഭവിച്ചതെന്നും ഗൃഹനാഥൻ കിടന്നുറങ്ങിയ മുറിയുടെ പുറത്തുനിന്നുള്ള വാതിലിൽ നാലഞ്ച് സുക്ഷിരങ്ങൾ കാണുകയും വീട്ടുകാരോട് ചോദിച്ചതിൽ നിന്നും ഇത് പുതുതായി ഉണ്ടായതാണെന്ന് മനസ്സിലാക്കുകയും തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ടി മുറിക്കകത്തും കതകിൽ കാണപ്പെട്ട സുക്ഷിരങ്ങളിൽ വെടിമരുന്നിന്റെ അംശം കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇത് നായാട്ടുകാർ ആരെങ്കിലും ചെയ്തതായിരിക്കാം എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു.
മുറിക്കുള്ളിൽ കാണപ്പെട്ട നാടൻ വെടിയുണ്ടകളുടെ സമാനമായ ഭാഗം പോസ്റ്റുമോർട്ടത്തിൽ ഗൃഹനാഥന്റെ തലക്കുള്ളിൽ കാണപ്പെട്ടതും നായാട്ട് സംഘങ്ങളുടെ പ്രവർത്തി മൂലം ആകാം എന്ന നിഗമനത്തിൽ എത്തിയ അന്വേഷണസംഘം, സ്ഥലത്ത് രഹസ്യ അന്വേഷണത്തിലൂടെ മൃഗവേട്ട ഉണ്ടെന്ന് സംശയിക്കപ്പെടുന്ന നിരവധി ആളുകളെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 1994 ൽ ദേവികുളം കമ്പക്കലിൽ വച്ച് ഭീകരൻ തോമ എന്നറിയപ്പെടുന്ന ആളെ വെടിവച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയും ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് ഉപയോഗിക്കുന്നുണ്ട് എന്ന് കരുതപ്പെടുന്ന മാവടി സ്വദേശി ഭീകരൻ സജി എന്നറിയപ്പെടുന്ന മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പിടിയിലായ സജിയാണ് വെടിവച്ചത്. പ്രതികളില്‍ ഒരാളായ ബിനുവിനെ കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ ചാരായ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച് എക്സൈസിന് വിവരം നല്‍കിയത് സണ്ണി തോമസ് ആണെന്ന് പ്രതികള്‍ കരുതി.
ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. സജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ബിനുവിന്റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്തെ കുളം വറ്റിച്ച് വെടിവെക്കാനായി ഉപയോഗിച്ച തോക്ക് കണ്ടെടുത്തു.
ഏലത്തോട്ടത്തില്‍ വന്യമൃഗത്തെ കണ്ടപ്പോള്‍ വെടിവെച്ചതാണെന്നായിരുന്നു പ്രതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന വിവരം വ്യക്തമായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു. അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോൻ, നെടുങ്കണ്ടം ഐ പി ജർലിൻ സ്കറിയ, എസ് ഐ മാരായ ജയകൃഷ്ണൻ നായർ, അഗസ്റ്റിൻ, ദിനേശൻ, ബിനോയ് എബ്രഹാം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഓ മാരായ
അരുൺ കൃഷ്ണ സാഗർ, രഞ്ജിത്ത്, ദീപു, ജോബിൻ,ബിനു, രഞ്ജിത്ത്,കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘങ്ങളായ എസ് ഐ സജിമോൻ ജോസഫ്, സിപിഒ അനീഷ് വി.കെ എന്നിവരാണ് ഉണ്ടായിരുന്നത്. കൃത്യം നടന്ന് 48 മണിക്കൂറിനുള്ളിൽ ഈ കേസിലെ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് പോലീസിന് അഭിമാനകരമായ നേട്ടമാണ്.
The post നെടുംങ്കണ്ടം മാവടിയില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന് വെടിയേറ്റു മരിച്ച സംഭവം; കൊലയ്ക്ക് പിന്നില്‍ വൈരാഗ്യം; പ്രതികള്‍ മന:പൂര്‍വ്വം വെടിവച്ച് കൊലപ്പെടുത്തിയത് ; പ്രതികളിൽ ഒരാൾ ദേവികുളം കമ്പക്കലിൽ ഭീകരൻ തോമ എന്നയാളെ വെടിവച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി; കൃത്യം നടന്ന് 48 മണിക്കൂറിനുള്ളിൽ അതി സാഹസികമായി പ്രതികളെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്തത്തിലുള്ള സംഘം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]