
തിരുവനന്തപുരം ∙ കിഴക്കേകോട്ടയിലെ ട്രാഫിക് കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന് 6 മാസത്തിനുള്ളിൽ വിവിധ നിർമാണങ്ങൾ പൂർത്തിയാക്കണമെന്നും ക്രമീകരണങ്ങൾ നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ്. ബസ് സ്റ്റാൻഡ് ഉൾപ്പെടെ മാറ്റി സ്ഥാപിക്കണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്കുള്ള പാത മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പൊതുതാൽപര്യ ഹർജിയാണു കോടതി തീർപ്പാക്കിയത്.കിഴക്കേ കോട്ട
പ്രദേശത്തു കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും എളുപ്പത്തിലും സുരക്ഷിതമായും സഞ്ചരിക്കുന്നതിന് എസ്കലേറ്ററുകളുള്ള 3 ഫുട്ഓവർ ബ്രിജുകൾ നിർമിക്കുന്നതിനായി നാറ്റ്പാക്കും തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കോർപറേഷനും സമർപ്പിച്ച നിർദേശം നടപ്പാക്കണം.
ഹർജിക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ മനസ്സിലാക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും പൊതുമരാമത്ത് ചീഫ് എൻജിനീയറോട് കോടതി നേരത്തേ നിർദേശിച്ചിരുന്നു.തുടർന്ന് കേസിലെ എതിർ കക്ഷിയായ ട്രാൻസ്പോർട്ട് കമ്മിഷണർ കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശുപാർശകൾ സമർപ്പിച്ചു.
ക്രോസ് വാക്കുകൾ സ്ഥാപിക്കൽ, ആകാശപ്പാത, സൈനേജുകൾ സ്ഥാപിക്കൽ, ബസുകൾക്ക് പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കൽ, ബസ് ബേകളുടെ നിർമാണം, സുരക്ഷിതവും നല്ല വെളിച്ചമുള്ളതുമായ കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിക്കൽ, ബസ് ഷെഡ്യൂളുകൾ സമന്വയിപ്പിക്കുന്നതിനും തിരക്കു കുറയ്ക്കുന്നതിനും ഇലക്ട്രോണിക് സംവിധാനം, ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കൽ, അനധികൃത പാർക്കിങ്ങിന് പിഴ ചുമത്തൽ എന്നിവയായിരുന്നു ശുപാർശകൾ.
തുടർന്നു മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നശേഷം അതിന്റെ മിനിറ്റ്സും കോടതിയിൽ ഹാജരാക്കി.
ഹ്രസ്വകാല,ദീർഘകാല നടപടികൾ നടപ്പിലാക്കണമെന്ന് വകുപ്പുകൾക്കിടയിൽ പൂർണമായ അഭിപ്രായ സമന്വയമുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഹർജിക്കാരായ സി.എ.എൻ.സുബ്രഹ്മണ്യ ശർമ, ജി.ശിവപ്രസാദ്, ജി.പത്മനാഭൻ, ജി.രാമകൃഷ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്.
ഇവർക്കുവേണ്ടി നമിത എൻ.ബാലചന്ദ്രൻ, പി.രാഹുൽ, ബിന്ദു ശങ്കരപ്പിള്ള, എൽ.അഭിന അനുഷ്ക വിജയകുമാർ എന്നിവർ ഹാജരായി.
കോടതിയുടെ നിർദേശങ്ങൾ
∙സൈനേജുകൾ,മാർക്കിങുകൾ,നടപ്പാതയിലെ ടൈലുകൾ നന്നാക്കുകയും മാറ്റി സ്ഥാപിക്കുന്നതുമായ ജോലികൾ 4 മാസത്തിനുള്ളിൽ തീർക്കണം. ∙കാൽനട
ഗാർഡ് റെയിലുകൾ 6 മാസത്തിനുള്ളിൽ സ്ഥാപിക്കണം. ∙ കെഎസ്ആർടിസി പെട്രോൾ പമ്പ് കഴിഞ്ഞുള്ള ചാല റോഡ് പ്രവേശന സ്ഥലത്ത് ബസ് ബേയുടെ മധ്യ ഭാഗത്തും പഴവങ്ങാടിയിലും 2 ഫുട് ഓവർ ബ്രിജുകൾ നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2 മാസത്തിനുള്ളിൽ ആരംഭിക്കണം.
∙കഴിക്കേ കോട്ടയിൽ നിന്ന് സർവീസ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകളുടെ ട്രാഫിക് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ 2 ആഴ്ചയ്ക്കകം നിരീക്ഷിച്ചു കർശന നടപടി സ്വീകരിക്കണം. ഇതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തണം.
ദീർഘകാല നിർദേശങ്ങൾ:
∙ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കൽ, ഭൂമി ഏറ്റെടുക്കൽ, കടകൾ, കയ്യേറ്റങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ ദീർഘകാല നടപടികളുടെ കാര്യത്തിൽ 2 മാസത്തിനുള്ളിൽ പ്രായോഗിക തീരുമാനം എടുക്കണം.
അവ പ്രായോഗികമല്ലെങ്കിൽ ബദൽ പരിഹാരം തീരുമാനിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]