
ബേപ്പൂർ∙ ചുമട്ടു തൊഴിലാളി പ്രശ്നം കാരണം സിവിൽ സപ്ലൈസ് ഗോഡൗണിൽ നശിക്കുന്നതു കോടികളുടെ ഭക്ഷ്യധാന്യം. സപ്ലൈകോയുടെ ബേപ്പൂർ ഗോഡൗണിലാണ്, 4 മാസമായി 53 ലോഡ് അരിയും ഗോതമ്പും കെട്ടിക്കിടക്കുന്നത്.
ഇതിൽ, ഏറ്റവും താഴെ അട്ടിയിട്ട ധാന്യങ്ങൾ നശിച്ചു തുടങ്ങി. മാത്രമല്ല, 4 മാസമായി സിറ്റി റേഷനിങ് ഓഫിസറുടെ (സൗത്ത്) കീഴിലുള്ള റേഷൻ കടകളിലെ റേഷൻ വിതരണം താറുമാറായിരിക്കുകയാണ്. പ്രതിദിനം ഒരു ലോഡ് മാത്രമാണ് ഇവിടെ നിന്ന് ഇപ്പോൾ പോകുന്നത്.നേരത്തെ വെള്ളയിൽ ഭാഗത്തായിരുന്നു ആയിരുന്നു ഗോഡൗൺ.
വെള്ളപ്പൊക്കത്തിൽ റേഷൻ വസ്തുക്കൾ നശിച്ചു പോയതിനെ തുടർന്ന് 2019ൽ ആണു ഇത് ബേപ്പൂരിലേക്കു മാറ്റിയത്.
വെള്ളയിലിലെ ഗോഡൗണിൽ നേരത്തെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ 75%, ബേപ്പൂരിൽ നിന്നുള്ളവർ 25% എന്നിങ്ങനെയാണു ഇപ്പോഴുള്ള ഗോഡൗണിലെ തൊഴിൽ അനുപാതം. ചുമട്ടു തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണീ അനുപാതം നിശ്ചയിച്ചത്.
അടുത്തിടെ വീണ്ടും തർക്കമുണ്ടാതോടെയാണു ചരക്കു നീക്കം നിലച്ചത്. 84 റേഷൻ കടകളിലായി 2 ലക്ഷത്തോളം കാർഡ് ഉടമകളാണു സൗത്ത് സിറ്റി റേഷനിങ് ഓഫിസറുടെ കീഴിലുള്ളത്. റേഷൻ വിതരണം മുടങ്ങിയതോടെ, 59 റേഷൻ കടകൾ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലേക്കു മാറ്റി.
ബേപ്പൂരിലെ ഗോഡൗൺ വെള്ളയിലിലേക്കു മാറ്റുമെന്ന ആശങ്കയാണു ബേപ്പൂരിലെ തൊഴിലാളികളുടെ സമരത്തിനു പിന്നിലെന്നും സൂചനയുണ്ട്.കോടികളുടെ ഭക്ഷ്യധാന്യം നശിച്ചു തുടങ്ങിയതോടെ, സപ്ലൈകോ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. നശിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ വിലയുടെ 50% സ്റ്റോക്ക് കസ്റ്റോഡിയൻ ആയ ഉദ്യോഗസ്ഥനും 25% വീതം ഓഫിസ് ഇൻ ചാർജ്, ഗോഡൗൺ അസിസ്റ്റന്റ് എന്നിവരും സർക്കാരിനു നഷ്ടപരിഹാരമായി നൽകേണ്ടി വരും. ഭക്ഷ്യധാന്യം സർക്കാർ വാങ്ങിയ വില അനുസരിച്ചാണ് ഈ നഷ്ടപരിഹാരം ഈടാക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]